പുതിയ ക്വിഡിന്റെ ബുക്കിങ് ആരംഭിച്ചു

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനൊയുടെ ചെറു ഹാച്ച് ക്വിഡിന്റെ ഒരു ലീറ്റർ എൻജിൻ വകഭേദത്തിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചു. ‍റെനൊയുടെ ഏറ്റവും വിൽപ്പനയുള്ള മോഡലായ ക്വിഡിന്റെ എൻജിൻ ശേഷി കൂടിയ മോഡലിന്റെ വിൽപ്പന വർദ്ധിപ്പിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. എന്നാൽ ഒരു ലിറ്റർ എൻജിന്റെ സാങ്കേതിക വിവരങ്ങളൊന്നും കമ്പനി പുറത്തു വിട്ടില്ല.

കഴിഞ്ഞ സെപ്റ്റംബറിൽ നിരത്തിലെത്തിയ ‘ക്വിഡിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം ഇന്ത്യയിൽ നിന്നു തന്നെ ഒന്നര ലക്ഷത്തിലധികം ഓർഡറുകള്‍ ക്വിഡിന് ലഭിച്ചുവെന്ന് കമ്പനി അവകാശപ്പെടുന്നു. മാരുതി ഓൾട്ടോ, ഇയോൺ തുടങ്ങിയ കാറുകളുമായി മത്സരിക്കാനെത്തിയ ക്വിഡ് എൻ‌ട്രി ലെവൽ ഹാച്ചുകൾക്ക് പുതിയ മുഖമാണ് നൽകിയത്. റെനോയിൽ നിന്നുള്ള പുതിയ 793 സി സി എൻജിനുമായാണു ‘ക്വിഡ്’ നിരത്തിലെത്തിയത്. പരമാവധി 54 ബി എച്ച് പി കരുത്തും 72 എൻ എം ടോർക്കും സൃഷ്ടിക്കുന്ന ഈ പെട്രോൾ എൻജിനു ലീറ്ററിന് 25.17 കിലോമീറ്റർ ഇന്ധനക്ഷമതയാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അഞ്ചു സ്പീഡ് മാനുവൽ ഗിയർബോക്സാണു കാറിന്റെ ട്രാൻസ്മിഷൻ. ക്രോസ്ഓവറുകളെ അനുസ്മരിപ്പിക്കുന്ന രൂപവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമൊക്കെയുള്ള ക്വിഡ് ഏറെക്കുറെ പൂർണമായും ഇന്ത്യയിൽ നിന്നു സമാഹരിച്ച യന്ത്രഘടകങ്ങൾ ഉപയോഗിച്ചാണു നിർമിക്കുന്നത്.

300 ലീറ്റർ ബൂട്ട് സ്പെയ്സ്, 4.1 ഇഞ്ച് ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം തുടങ്ങി എതിരാളികളെ നിഷ്പ്രഭമാക്കുന്ന സൗകര്യങ്ങളുമായാണ് ക്വിഡ് എത്തിയത്. റെനോയും പങ്കാളിയായ നിസ്സാനും ചേർന്നു സാക്ഷാത്കരിച്ച പുത്തൻ പ്ലാറ്റ്ഫോമായ ‘സി എം എഫ് - എ’യാണു ക്വിഡിന്റെ അടിത്തറ. നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ പുറത്തിറക്കുന്ന ചെറുകാറായ റെഡിഗോയ്ക്കും അടിത്തറയാവുന്നതും ഇതേ ‘സി എം എഫ് - എ’ പ്ലാറ്റ്ഫോം തന്നെയാണ്.