വിൽപ്പനയിൽ ചരിത്രമായി റെനോ ‘ക്വിഡ്’

മാർച്ചിലെ വിൽപ്പന കണക്കെടുപ്പിൽ ഫ്രഞ്ച് നിർമാതാക്കളായ റെനോ ഇന്ത്യയ്ക്കു മികച്ച നേട്ടം. കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിൽ നിന്നുള്ള എതിരാളികളെ പിന്നിലാക്കി റെനോയുടെ ‘ക്വിഡ്’ വിൽപ്പന കണക്കെടുപ്പിൽ അഞ്ചാം സ്ഥാനത്തെത്തി. ‘ഗ്രാൻഡ് ഐ 10’, ‘എലീറ്റ് ഐ 20’ എന്നിവയാണു മാർച്ചിൽ 9,743 യൂണിറ്റ് വിറ്റ ‘ക്വിഡി’ന്റെ മുന്നേറ്റത്തിൽ അടി തെറ്റിയത്. വിപണിയിലെത്തിയതു മുതൽ ഇതുവരെ ‘ക്വിഡ്’ കൈവരിച്ച വിൽപ്പന 41,205 യൂണിറ്റിന്റേതാണ്. മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് എട്ടു ശതമാനം വളർച്ചയോടെ മാർച്ചിൽ 9,544 യൂണിറ്റിന്റെ വിൽപ്പന നേടിയിട്ടും ‘ഗ്രാൻഡ് ഐ 10’ ആറാം സ്ഥാനത്തായി. ‘എലീറ്റ് ഐ 20’ വിൽപ്പനയിലാവട്ടെ 2015 മാർച്ചിനെ അപേക്ഷിച്ച് 16% ഇടിവുണ്ട്; 8,713 യൂണിറ്റ് വിൽപ്പനയോടെയാണു കാർ പട്ടികയിൽ എട്ടാം സ്ഥാനത്തെത്തിയത്.

ആദ്യ സ്ഥാനങ്ങൾ നിലനിർത്താൻ കഴിഞ്ഞെങ്കിലും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിൽ നിന്നുള്ള മോഡലുകളുടെ വിൽപ്പന തുടർച്ചയായ മൂന്നാം മാസത്തിലും ഇടിഞ്ഞതു കമ്പനിക്കു തലവേദനയായിട്ടുണ്ട്. ഒന്നാം സ്ഥാനത്തുള്ള ‘ഓൾട്ടോ’ കഴിഞ്ഞ മാസം കൈവരിച്ചത് 22,101 യൂണിറ്റിന്റെ വിൽപ്പനയാണ്; 2015 മാർച്ചിൽ വിറ്റ 24,961 യൂണിറ്റിനെ അപേക്ഷിച്ച് 11% കുറവ്. രണ്ടാമതുള്ള ‘സ്വിഫ്റ്റ് ഡിസയർ’ വിൽപ്പനയിലെ ഇടിവ് ഒരു ശതമാനമാണ്; 2015 മാർച്ചിൽ 17,971 കാർ വിറ്റത് കഴിഞ്ഞ മാസം 17,796 ആയി കുറഞ്ഞു. ‘സ്വിഫ്റ്റി’നെ പിന്തള്ളി ‘വാഗൻ ആർ’ മൂന്നാം സ്ഥാനം നേടിയതാണു മറ്റൊരു മാറ്റം. 2015 മാർച്ചിനെ അപേക്ഷിച്ച് നാലു ശതമാനം ഇടിവോടെ 14,577 യൂണിറ്റായിരുന്നു വിൽപ്പനയെങ്കിലും പട്ടികയിൽ ഒരു സ്ഥാനം മുന്നേറാൻ ‘വാഗൻ ആറി’നായി. നാലാമതായി പോയ ‘സ്വിഫ്റ്റ്’ വിൽപ്പനയിലാവട്ടെ 13% ആണ് ഇടിവ്. 2015 മാർച്ചിൽ 16,722 ‘സ്വിഫ്റ്റ്’ വിറ്റത് കഴിഞ്ഞ മാസം 14,524 ആയി കുറഞ്ഞു.

അതേസമയം, വിൽപ്പന കണക്കെടുപ്പിൽ മൂന്നു സ്ഥാനം മുന്നേറിയ ‘സെലേറിയൊ’ കഴിഞ്ഞ മാസം നേട്ടം കൊയ്തു. 2015 മാർച്ചിൽ 5,074 യൂണിറ്റ് വിൽപ്പനയോടെ പത്താമതായിരുന്ന കാർ 75% വളർച്ചയോടെ 8,859 യൂണിറ്റിന്റെ വിൽപ്പനയാണു കഴിഞ്ഞ മാസം കൈവരിച്ചത്. ഇതോടെ ‘സെലേറിയൊ’യുടെ സ്ഥാനം പട്ടികയിൽ ഏഴാമതുമായി. അടുത്തയിടെ മാത്രം വിപണിയിലെത്തിയ പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’ 6,236 യൂണിറ്റിന്റെ വിൽപ്പനയോടെ ഒൻപതാം സ്ഥാനത്തുണ്ട്. ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സിന്റെ ഇടത്തരം സെഡാനായ ‘സിറ്റി’യാണു വിൽപ്പനയിൽ 10—ാം സ്ഥാനത്ത്. 2015 മാർച്ചിൽ 9,777 യൂണിറ്റ് വിൽപ്പനയോടെ ആറാമതായിരുന്ന കാറാണ് കഴിഞ്ഞ മാസം 5,662 യൂണിറ്റ് വിൽപ്പനയുമായി ആദ്യ പത്തിലെ അവസാന സ്ഥാനത്തെത്തിയത്. കഴിഞ്ഞ വർഷം മാർച്ചിൽ 8,128 യൂണിറ്റ് വിൽപ്പനയോടെ എട്ടാം സ്ഥാനത്തായിരുന്ന ‘അമെയ്സ്’ ആവട്ടെ ഇക്കുറി ആദ്യ പത്തിനു പുറത്തുമായി.