റെനോ ‘ക്വിഡ്’ ബുക്കിങ് തുടങ്ങി

വിപണി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചെറുകാറായ ‘ക്വിഡി’നുള്ള ബുക്കിങ്ങുകൾ ഫ്രഞ്ച് നിർമാതാക്കളായ റെനോ രാജ്യവ്യാപകമായി സ്വീകരിച്ചു തുടങ്ങി. മിക്കവാറും മൂന്നു ലക്ഷം മുതൽ നാലര ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്ന ‘റെനോ ക്വിഡി’ന്റെ പ്രധാന എതിരാളികൾ മാരുതി സുസുക്കി ‘ഓൾട്ടോ 800’, ഹ്യുണ്ടായ് ‘ഇയോൺ’ എന്നിവയാണ്. ബുക്കിങ് ആരംഭിച്ചതോടെ ‘ക്വിഡി’ന്റെ അരങ്ങേറ്റം ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ നടക്കുമെന്നും ഉറപ്പായി.

ഏറെക്കുറെ പൂർണമായും ഇന്ത്യയിൽ നിന്നു സമാഹരിച്ച യന്ത്രഘടകങ്ങൾ ഉപയോഗിച്ചാണു റെനോ ‘ക്വിഡ്’ സാക്ഷാത്കരിച്ചത്; കാറിന്റെ 98 ശതമാനത്തോളം ഘടകങ്ങളും പ്രാദേശികമായി നിർമിച്ചതാണ്. റെനോയും പങ്കാളിയായ നിസ്സാനും ചേർന്നു സാക്ഷാത്കരിച്ച പുത്തൻ പ്ലാറ്റ്ഫോമായ ‘സി എം എഫ് — എ’യാണു ‘ക്വിഡി’ന്റെ അടിത്തറ. സമീപഭാവിയിൽ നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ പുറത്തിറക്കുമെന്നു കരുതുന്ന ചെറുകാറിന് അടിത്തറയാവുന്നതും ഇതേ ‘സി എം എഫ് — എ’ പ്ലാറ്റ്ഫോം തന്നെ.

റെനോ — നിസ്സാൻ സഖ്യം വികസിപ്പിച്ച പുതിയ 793 സി സി, മൂന്നു സിലിണ്ടർ എൻജിനാണു‘ക്വിഡി’നു കരുത്തേകുക; പരമാവധി 54 ബി എച്ച് പി കരുത്തും 72 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. 660 കിലോഗ്രാമോളം ഭാരമുള്ള കാറിന് ലീറ്ററിന് 25.17 കിലോമീറ്റർ ഇന്ധനക്ഷമതയാണ് റെനോ വാഗ്ദാനം ചെയ്യുന്നത്; ഇതു യാഥാർഥ്യമായാൽ രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോൾ കാറായും ‘ക്വിഡ്’ മാറും.

അടിസ്ഥാന മോഡലിനു പുറമെ ‘ആർ എക്സ് ഇ’, ‘ആർ എക്സ് എൽ’, ‘ആർ എക്സ് ടി’ വകഭേദങ്ങളിലും ‘ക്വിഡ്’ വിൽപ്പനയ്ക്കുണ്ടാവും. ഏഴ് ഇഞ്ച് ടച് സ്ക്രീൻ ഡിസ്പ്ലേ സഹിതമുള്ള നാവിഗേഷൻ സംവിധാനമായ ‘മീഡിയ നാവ്’ പോലെ ഈ വിഭാഗത്തിൽ വിവിധ പുതുമകൾ അവതരിപ്പിക്കാനും റെനോ ഒരുങ്ങുന്നുണ്ട്. ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, 300 ലീറ്റർ ബൂട്ട് സ്പേസ് തുടങ്ങിയവയും ‘ക്വിഡി’ൽ റെനോ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇതൊക്കെയാണെങ്കിലും ‘ക്വിഡി’ലെ സുരക്ഷയുടെ കാര്യത്തിൽ റെനോ വിട്ടുവീഴ്ച ചെയ്തെന്നാണു പ്രാഥമിക നിഗമനം. കാറിന്റെ മുന്തിയ വകഭേദത്തിൽ മാത്രമാണു ഡ്രൈവറുടെ ഭാഗത്തെങ്കിലും എയർബാഗുള്ളത്; അതുതന്നെ ഓപ്ഷനൽ വ്യവസ്ഥയിലും. ചെലവ് കുറയ്ക്കാനായി അടിസ്ഥാന മോഡലിൽ ഇടതു ഭാഗത്ത് റിയർവ്യൂ മിറർ പോലുമില്ല. അതേസമയം, കാഴ്ചപ്പകിട്ടിൽ ‘ക്വിഡ്’ എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്നുണ്ട്. ക്രോസ്ഓവറുകളെ അനുസ്മരിപ്പിക്കുന്ന രൂപവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമൊക്കെയുള്ള ‘ക്വിഡ്’ കണ്ടാൽ മിനി എസ് യു വിയാണെന്നു തോന്നും.