വരവായ്, ‘ക്വിഡി’ന്റെ ‘ക്ലൈംബർ’ പതിപ്പ്

Kwid Climber

ചെറു ഹാച്ച്ബാക്കായ ‘ക്വിഡി’ന്റെ പുതുവകഭേദമായ ‘ക്ലൈംബർ’ അവതരിപ്പിക്കാൻ ഫ്രഞ്ച് നിർമാതാക്കളായ റെനോ ഇന്ത്യ ഒരുങ്ങുന്നു. ആറു മാസത്തിലൊരിക്കൽ കാറിന്റെ പുതുപതിപ്പുകൾ അവതരിപ്പിക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണു ‘ക്വിഡ് ക്ലൈംബർ’ വ്യാഴാഴ്ച നിരത്തിലെത്തുന്നത്. ഇതോടെ ‘ക്വിഡ്’ ശ്രേണിയിലെ മോഡലുകളുടെ എണ്ണം നാലായി ഉയരും. അടിസ്ഥാന വകഭേദമായ 800 സി സി ‘ക്വിഡി’നു പിന്നാലെ ഒരു ലീറ്റർ എൻജിനുള്ള ‘ക്വിഡും’ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സംവിധാനമുള്ള ‘ഈസി ആർ’ പതിപ്പും റെനോ നേരത്തെ അവതരിപ്പിച്ചിരുന്നു.

ശേഷിയേറിയ ഒരു ലീറ്റർ എൻജിനോടെ എത്തുന്ന ‘ക്ലൈംബറി’ൽ എ എം ടി ട്രാൻസ്മിഷനും ലഭ്യമാവുമെന്നാണു സൂചന. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച കാർ നീല — ഓറഞ്ച് വർണ സങ്കലനത്തിൽ വിപണിയിലെത്താനാണു സാധ്യത. ‘ക്ലൈംബറി’നു കൂടുതൽ ഉയരവും ആക്രമണോത്സുകതയും തോന്നിക്കാനായി കാറിന്റെ മുൻ — പിൻ ബംപറുകളും റെനോ പരിഷ്കരിച്ചിട്ടുണ്ട്. ഒപ്പം കാറിന്റെ പുറത്ത് ‘ക്ലൈംബർ’ ബാഡ്ജിങ്ങുമുണ്ടാവും.

അകത്തളത്തിൽ വ്യത്യസ്ത വർണവും ‘ക്ലൈംബർ’ ബാഡ്ജിങ്ങുള്ള സീറ്റുകളുമൊക്കെ കാറിലുണ്ടാവും.‘ക്വിഡി’ന്റെ മുന്തിയ വകഭേദത്തിലുള്ള ഏഴ് ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് നാവിഗേഷൻ സംവിധാനം ‘ക്ലൈംബറി’ലും തുടരും. 2015 സെപ്റ്റംബറിൽ നിരത്തിലെത്തിയ ‘ക്വിഡി’ന്റെ ഇതുവരെയുള്ള മൊത്തം വിൽപ്പന 1.30 ലക്ഷം യൂണിറ്റിലെത്തിയെന്നാണു റെനോയുടെ കണക്ക്. 2016 അവസാനിക്കുമ്പോൾ റെനോയുടെ വിപണി വിഹിതം നാലര ശതമാനത്തിലെത്തിക്കാനും ‘ക്വിഡി’ന്റെ തകർപ്പൻ വിജയം വഴി തെളിച്ചിരുന്നു.