‘ക്വിഡ്’: ഓർഡർ ഒന്നര ലക്ഷമെത്തിയെന്നു റെനോ

വിജയത്തിൽ നിന്നു വിജയത്തിലേക്കുള്ള കുതിപ്പിലാണു ഫ്രഞ്ച് നിർമാതാക്കളായ റെനോ അവതരിപ്പിച്ച ചെറുകാറായ ‘ക്വിഡ്’. കഴിഞ്ഞ സെപ്റ്റംബറിൽ നിരത്തിലെത്തിയ ‘ക്വിഡ്’ ഇതിനോടകം ഇന്ത്യയിൽ നിന്നു തന്നെ ഒന്നര ലക്ഷത്തോളം ഓർഡറുകളാണു വാരിക്കൂട്ടിയത്. പോരെങ്കിൽ ‘ക്വിഡി’ന്റെ മികവിൽ കഴിഞ്ഞ ജനുവരി — ജൂൺ കാലത്ത് റെനോ ഗ്രൂപ്പിന്റെ ആഫ്രിക്ക — മിഡിൽ ഈസ്റ്റ് — ഇന്ത്യ മേഖലയിലെ വിൽപ്പനയിലും ഗണ്യമായ കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്ക — മിഡിൽ ഈസ്റ്റ് — ഇന്ത്യ മേഖലയിൽ കഴിഞ്ഞ ആരു മാസത്തിനിടെ 2,08,690 കാറുകളാണു റെനോ വിറ്റത്; 2015 ജനുവരി — ജൂൺ കാലത്തു വിറ്റ 1,51,041 എണ്ണത്തെ അപേക്ഷിച്ച് 38.2% അധികമാണിതെന്നു കമ്പനി വിശദീകരിച്ചു. ഇതേ കാലയളവിൽ ഇന്ത്യൻ വിപണിയിൽ മാത്രം റെനോ വിറ്റത് 61,895 കാറുകളാണ്. മുൻ വർഷം ഇതേ കാലത്തെ അപേക്ഷിച്ച് നാലു ശതമാനത്തോളം അധികമാണിത്.


ആഗോളതലത്തിൽ ഇക്കൊല്ലത്തിന്റെ ആദ്യ പകുതിയിൽ 15,67,720 യൂണിറ്റാണു വിറ്റത്. കഴിഞ്ഞ വർഷം ജനുവരി — ജൂൺ കാലത്തു വിറ്റ 13,82,122 യൂണിറ്റിനെ അപേക്ഷിച്ച് 13.4% കൂടുതലാണിത്.‘ക്വിഡി’ന്റെ ജൈത്രയാത്രയിൽ മികച്ച വിജയം ലഭിച്ചത് ഇന്ത്യയിൽ നിന്നാണെന്നും റെനോ കരുതുന്നു. ഒന്നര ലക്ഷത്തോളം ഓർഡറുകൾ ലഭിച്ചതിനൊപ്പം വിൽപ്പനയിൽ നിരന്തര വർധനയും കൈവരിച്ചതോടെ ഇന്ത്യയിൽ കമ്പനിയുടെ വിപണി വിഹിതം 2.3 ശതമാനത്തിൽ നിന്നു 3.8 ശതമാനമായി ഉയരുകയും ചെയ്തു. ഡൽഹി ഷോറൂമിൽ 2.57 ലക്ഷം മുതൽ 3.53 ലക്ഷം രൂപ വരെ വില നിശ്ചയിച്ചാണു റെനോ ‘ക്വിഡി’നെ വിൽപ്പനയ്ക്കെത്തിച്ചത്.
എല്ലാ മേഖലകളിലും വിപണി വിഹിതം വർധിപ്പിക്കാൻ കമ്പനി കഴിഞ്ഞിട്ടുണ്ടെന്നു ഗ്രൂപ് റെനോ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റു(സെയിൽസ് ആൻഡ് മാർക്കറ്റിങ്)മായ തിയറി കൊസ്കാസ് അവകാശപ്പെട്ടു.

യൂറോപ്പിലെയും ആഫ്രിക്ക — മിഡിൽ ഈസ്റ്റ് — ഇന്ത്യ മേഖലയിലെയും വിൽപ്പനയിൽ കൂടുതൽ ഗതിവേഗം കൈവരിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം കരുതുന്നു. അതേസമയം റഷ്യ, ബ്രസീൽ, അൾജീരിയ തുടങ്ങിയ വിപണികളിലെ പ്രതികൂല സാഹചര്യങ്ങൾ തിരിച്ചടി സൃഷ്ടിക്കുന്നുണ്ട്. ഇത്തരം പരിമിതികളെ അതിജീവിച്ചും ഈ വിപണികളിൽ വിഹിതം ഉയർത്താൻ കഴിഞ്ഞെന്നും റെനോ വ്യക്തമാക്കി. പ്രതിസന്ധികളെ അതിജീവിക്കാൻ കാട്ടിയ കരുത്തും ഇന്ത്യ, തുർക്കി, അർജന്റീന, ഇറാൻ തുടങ്ങിയ വിപണികളിൽ കൈവരിച്ച ഗതിവേഗവുമാണു ഗ്രൂപ്പിന് എല്ലാ മേഖലയിലും കൂടുതൽ വിഹിതം സമ്മാനിച്ചതെന്നും കൊസ്കാസ് അഭിപ്രായപ്പെട്ടു.