‘ക്വിഡി’നുള്ള ബുക്കിങ് 70,000 പിന്നിട്ടെന്നു റെനോ

ആരാധക പിന്തുണ നിരന്തം വർധിപ്പിച്ച് റെനോ ‘ക്വിഡ്’ ജൈത്രയാത്ര തുടരുന്നു. നിരത്തിലെത്തി രണ്ടു മാസം പിന്നിടുമ്പോൾ എഴുപതിനായിരത്തോളം പേരാണു ‘ക്വിഡി’നായി കാത്തിരിക്കുന്നത്. അടിസ്ഥാന വകഭേദത്തിനു ഡൽഹി ഷോറൂമിൽ 2,56,968 രൂപ വിലയുള്ള ‘ക്വിഡി’ന്റെ അരങ്ങേറ്റം കഴിഞ്ഞ സെപ്റ്റംബർ 24നായിരുന്നു. എൻട്രി ലവൽ ഹാച്ച്ബാക്ക് വിഭാഗത്തിൽ ‘ക്വിഡ്’ കാഴ്ചവച്ച പ്രകടനത്തെ അത്യുജ്വലമെന്നാണു ഫ്രഞ്ച് നിർമാതാക്കളായ റെനോ വിശേഷിപ്പിക്കുന്നത്. പ്രതീക്ഷയെ കടത്തിവെട്ടുന്ന വരവേൽപ് നേടിയതോടെ പല നഗരങ്ങളിലും പുതിയ ‘ക്വിഡ്’ ലഭിക്കാൻ ആറു മാസത്തോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്.

റെനോയിൽ നിന്നുള്ള പുതിയ 793 സി സി എൻജിനുമായാണു ‘ക്വിഡ്’ നിരത്തിലെത്തിയത്; പരമാവധി 54 ബി എച്ച് പി കരുത്തും 72 എൻ എം ടോർക്കും സൃഷ്ടിക്കുന്ന ഈ പെട്രോൾ എൻജിനു ലീറ്ററിന് 25.17 കിലോമീറ്റർ ഇന്ധനക്ഷമതയാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു കാറിന്റെ ട്രാൻസ്മിഷൻ. ക്രോസ്ഓവറുകളെ അനുസ്മരിപ്പിക്കുന്ന രൂപവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമൊക്കെയുള്ള ‘ക്വിഡ്’ ഏറെക്കുറെ പൂർണമായും ഇന്ത്യയിൽ നിന്നു സമാഹരിച്ച യന്ത്രഘടകങ്ങൾ ഉപയോഗിച്ചാണു റെനോ സാക്ഷാത്കരിച്ചത്; കാറിന്റെ 98 ശതമാനത്തോളം ഘടകങ്ങളും പ്രാദേശികമായി നിർമിച്ചതാണ്. ബൂട്ടിൽ 300 ലീറ്റർ സ്ഥലം, 4.1 ഇഞ്ച് ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം തുടങ്ങി എതിരാളികളെ നിഷ്പ്രഭമാക്കുന്ന സൗകര്യങ്ങളുമായാണു ‘ക്വിഡി’ന്റെ വരവ്.

റെനോയും പങ്കാളിയായ നിസ്സാനും ചേർന്നു സാക്ഷാത്കരിച്ച പുത്തൻ പ്ലാറ്റ്ഫോമായ ‘സി എം എഫ് — എ’യാണു ‘ക്വിഡി’ന്റെ അടിത്തറ. നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ അടുത്ത വർഷം പുറത്തിറക്കുന്ന ചെറുകാറിന് അടിത്തറയാവുന്നതും ഇതേ ‘സി എം എഫ് — എ’ പ്ലാറ്റ്ഫോം തന്നെ. അര ലക്ഷം കിലോമീറ്റർ അഥവാ രണ്ടു വർഷത്തെ മെയ്ന്റനൻസ് പോളിസിയും ‘ക്വിഡി’നു റെനോ വാഗ്ദാനം ചെയ്യുന്നു; ആവശ്യമെങ്കിൽ 80,000 കിലോമീറ്റർ അഥവാ നാലു വർഷം വരെ ഈ പോളിസി ദീർഘിപ്പിക്കാനും അവസരമുണ്ട്. ഒപ്പം സൗജന്യമായി രണ്ടു വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസും ലഭ്യമാണ്. കഴിഞ്ഞ മാസം 5,195 യൂണിറ്റ് വിൽപ്പനയുമായി എൻട്രി ലവൽ ഹാച്ച്ബാക്ക് വിഭാഗത്തിൽ മികച്ച തുടക്കമാണു ‘ക്വിഡ്’ കുറിച്ചത്. ഈ വിഭാഗത്തിൽ 10% വിപണി വിഹിതവും ‘ക്വിഡി’ലൂടെ റെനോ അവകാശപ്പെടുന്നുണ്ട്. രാജ്യത്തെ മൊത്തം വാഹന വിൽപ്പനയിൽ 26 ശതമാനമാണ് എൻട്രിലവൽ ഹാച്ച്ബാക്കുകളുടെ സംഭാവന.

മികച്ച വരവേൽപ് ലഭിച്ച സാഹചര്യത്തിൽ ‘ക്വിഡ്’ ഉൽപ്പാദനം ഗണ്യമായി ഉയർത്താൻ നടപടിയെടുക്കുമെന്നു റെനോ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി വ്യക്തമാക്കി. കാറിനുള്ള കാത്തിരിപ്പ് പരമാവധി കുറയ്ക്കാൻ കമ്പനി തീവ്രനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇക്കൊല്ലം വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘ലോജി’യും റെനോ പുറത്തിറക്കിയിരുന്നു. എന്നാൽ ‘ലോജി’യുടെ ഒക്ടോബറിലെ വിൽപ്പന വെറും 300 യൂണിറ്റിലൊതുങ്ങി. അടുത്ത വർഷം ‘ഡസ്റ്ററി’ന്റെ പരിഷ്കരിച്ച പതിപ്പും ‘ക്വിഡി’ന്റെ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) മോഡലും പുറത്തിറക്കാൻ റെനോയ്ക്കു പദ്ധതിയുണ്ട്. ഇതോടൊപ്പം കരുത്തേറിയ, ഒരു ലീറ്റർ എൻജിൻ സഹിതം ‘ക്വിഡ്’ അവതരിപ്പിക്കാനും റെനോ ആലോചിക്കുന്നുണ്ട്.