ഇടിയിൽ ക്വിഡിന് മോശം മാർക്ക്

റെനോയുടെ ഏറ്റവും ജനപ്രിയ കാർ മോഡലായ ക്വിഡിന്, യാത്രക്കാരുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ വളരെ മോശം നിലവാരമാണെന്ന് വാഹനസുരക്ഷാ പരിശോധനകൾ നടത്തുന്ന രാജ്യാന്തര ഏജൻസിയായ ഗ്ലോബൽ എൻസിഎപി. മുൻപ് ക്വിഡിന്റെ ഏറ്റവും വില കുറഞ്ഞ മോഡൽ ‘ക്രാഷ്’ ടെസ്റ്റിൽ പൂജ്യം മാർക്കാണു നേടിയിരുന്നതെങ്കിൽ ഇക്കുറി ഒരു എയർബാഗും ഡ്രൈവർ സീറ്റ് ബെൽറ്റ് പ്രീടെൻഷനറും അടക്കമുള്ള പുതുക്കിയ മോഡൽ പരിശോധിച്ചപ്പോഴും യാത്രക്കാരുടെ സുരക്ഷയിൽ ഒരു ‘സ്റ്റാർ’ മാത്രമേ നേടാനായുള്ളൂ.

ഹോണ്ടയുടെ എംപിവി ആയ മൊബിലിയോയുടെ ഏറ്റവും വില കുറഞ്ഞ​ മോഡലും പൂജ്യം റേറ്റിങ് ആണു നേടിയത്. എന്നാൽ രണ്ട് എയർബാഗ് ഉള്ള മോഡൽ മൂന്നു സ്റ്റാർ റേറ്റിങ് നേടി. കൂട്ടിയിടി ഉണ്ടായാൽ കാറിനും യാത്രക്കാർക്കും എന്തു സംഭവിക്കുമെന്നറിയാൻ നടത്തുന്ന പരീക്ഷണമാണു ക്രാഷ് ടെസ്റ്റ്.റെനോയും ഹോണ്ടയും മറ്റു രാജ്യങ്ങളിൽ സുരക്ഷിതമായ കാറുകൾ നിർമിക്കുന്ന കമ്പനികളാണെന്നും ഇന്ത്യയിലും അത്തരം കാറുകളുണ്ടാക്കാനുള്ള കഴിവ് അവർക്കുണ്ടാകുമെന്നും ബ്രിട്ടൻ ആസ്ഥാനമായ ഏജൻസി പറ‍ഞ്ഞു. അടിസ്ഥാന സുരക്ഷ എല്ലാ വേരിയന്റുകൾരക്കും ഉറപ്പാക്കുകയാണു വേണ്ടത്; ഏറ്റവും വിലയുള്ള മോഡലുകൾക്കുമാത്രമായി അതു പരിമിതപ്പെടുത്തരുത്. ഒരു സ്റ്റാർ റേറ്റിങ് നേടിയ ക്വിഡ് മോഡൽ ആയിരിക്കണം റെനോ ഏറ്റവും വില കുറ​ഞ്ഞ മോഡൽ ആയി നൽകേണ്ടത്. ഹോണ്ട മൊബിലിയോയും സ്റ്റാർ റേറ്റിങ് കിട്ടാവുന്ന കാർ ഏറ്റവും താഴ്ന്ന പതിപ്പായി വിൽക്കണം– ഗ്ലോബൽ എൻസിഎപി നിർദേശിച്ചു.

അതേസമയം, ഇന്ത്യയിലെ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്നവയാണു തങ്ങളുടെ വാഹനങ്ങളെന്ന് റെനോ ഇന്ത്യ വിശദീകരിച്ചു. മൊബിലിയോയുടെ ബോഡി ക്രാഷ് ടെസ്റ്റിൽ മികവു കാഴ്ചവച്ചതായി ഹോണ്ട കാർസ് ഇന്ത്യ അറിയിച്ചു. എയർ ബാഗ് ഇല്ലാത്ത മോഡലിന്റെയും ക്യാബിൻ തകരാതിരുന്നത് നിർമാണമികവിന്റെ ലക്ഷണമാണെന്ന് അവർ പറഞ്ഞു.ഇന്ത്യയുടേതായ മാനദണ്ഡങ്ങളോടെ ക്രാഷ് ടെസ്റ്റ് വൈകാതെ നടപ്പാക്കാനുള്ള ശ്രമത്തിലാണു കേന്ദ്ര സർക്കാർ. വിദേശത്തെ മാനദണ്ഡമനുസരിച്ചുള്ള പരിശോധനകളോട് കാർ വ്യവസായികൾക്കു പൊതുവെ വിയോജിപ്പാണ്.