റെനോയുടെ ‘ക്വിഡ്’ നേപ്പാളിലും വിൽപ്പനയ്ക്ക്

ഇന്ത്യയിലെ തകർപ്പൻ വിൽപ്പന കൈവരിച്ചു മുന്നേറുന്ന എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡ്’ ഫ്രഞ്ച് നിർമാതാക്കളായ റെനോ നേപ്പാളിലും അവതരിപ്പിച്ചു. വിശാൽ ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അഡ്വാൻസ്ഡ് ഓട്ടമൊബീൽസുമായി സഹകരിച്ചാണു റെനോ ‘ക്വിഡ്’ നേപ്പാളിൽ വിൽപ്പനയ്ക്കെത്തുന്നത്. ചെന്നൈയ്ക്കടുത്ത് ഒരഗടത്തെ റെനോ നിസ്സാൻ ശാലയിൽ നിർമിച്ച ‘ക്വിഡ്’ ആണു നേപ്പാളിലും ലഭ്യമാവുക. നേപ്പാളിൽ 16.8 ലക്ഷം നേപ്പാളി രൂപ(ഏകദേശം 10.46 ലക്ഷം ഇന്ത്യൻ രൂപ)യാണു ‘ക്വിഡി’നു വില. ഇതോടൊപ്പം പരിഷ്കരിച്ച ‘ഡസ്റ്ററും’ റെനോ എൻ എ ഡി എ ഓട്ടോ ഷോയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

തുടക്കത്തിൽ 799 സി സി എൻജിനുള്ള ‘ക്വിഡ്’ മാത്രമാണു ലഭ്യമാവുക. അടുത്തയിടെ ഇന്ത്യയിൽ അവതരിപ്പിച്ച ഒരു ലീറ്റർ എസ് സി ഇ എൻജിനുള്ള ‘ക്വിഡ്’ തൽക്കാലം നേപ്പാളിൽ വിൽപ്പനയ്ക്കില്ലെന്നു റെനോ വ്യക്തമാക്കിയിട്ടുണ്ട്. കാറിലെ 799 സി സി, നാച്ചുറലി ആസ്പിറേറ്റഡ്, മൂന്നു സിലിണ്ടർ എൻജിന് 5,.678 ആർ പി എമ്മിൽ 53.25 ബി എച്ച് പി വരെ കരുത്തും 4,386 ആർ പി എമ്മിൽ 72 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. ഫ്രണ്ട് വീൽ ഡ്രൈവ് ലേ ഔട്ടുള്ള കാറിലെ ട്രാൻസ്മിഷൻ അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ്. ലീറ്ററിന് 25.17 കിലോമീറ്റർ ഇന്ധനക്ഷമതയാണു കാറിനു റെനോയുടെ വാഗ്ദാനം.

‘ക്വിഡി’നെ കൂടുതൽ രാജ്യാന്തര വിപണികളിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണു റെനോ. ദക്ഷിണ അമേരിക്കൻ വിപണികളിലും വൈകാതെ ‘ക്വിഡ്’ വിൽപ്പനയ്ക്കെത്തും. ‘എ’ വിഭാഗത്തിൽപെട്ട ‘ക്വിഡ്’ നവംബറിൽ നടക്കുന്ന സാവോപോളോ ഓട്ടോ ഷോയിൽ പ്രദർശിപ്പിക്കാനും തുടർന്ന് അടുത്ത വർഷത്തിന്റെ ആദ്യ പകുതിയിൽ ബ്രസീലിൽ വിൽപ്പനയ്ക്കെത്തിക്കാനുമാണു റെനോ ഒരുങ്ങുന്നത്. അതിനിടെ ഇന്ത്യയിൽ ‘ക്വിഡി’ന്റെ പ്രതിമാസ വിൽപ്പന ഇതാദ്യമായി 10,000 യൂണിറ്റ് പിന്നിട്ടതും റെനോയ്ക്ക് അഭിമാന നേട്ടമായിട്ടുണ്ട്. 10,719 യൂണിറ്റായിരുന്നു കഴിഞ്ഞ മാസത്തെ വിൽപ്പന.