ഇന്ത്യൻ നിർമിതം റെനോയുടെ ഈ‘ക്വിഡ്’

Renault Kwid

ഫ്രഞ്ച് നിർമാതാക്കളായ റെനോയിൽ നിന്നുള്ള പുതുമുഖമായ ‘ക്വിഡ്’ നിരത്തിലെത്തുന്നത് ഏറെക്കുറെ പൂർണമായും ഇന്ത്യയിൽ നിർമിച്ചതെന്ന പെരുമയോടെ. ചെറുകാറായ ‘ക്വിഡി’ന്റെ 98 ശതമാനത്തോളം ഘടങ്ങളും റെനോ പ്രാദേശികമായി സമാഹരിച്ചവയാണ്. മാരുതി സുസുക്കിയൊഴികെ ഇന്ത്യയിൽ കാർ നിർമിക്കുന്ന വിദേശ വാഹന നിർമാതാക്കൾക്കൊന്നും അവകാശപ്പെടാനാവാത്ത നേട്ടമാണ് ഇതുവഴി റെനോ സ്വന്തമാക്കുന്നത്. ദീപാവലി ഉത്സവക്കാലത്തു വിൽപ്പനയ്ക്കെത്തുമെന്നു കരുതുന്ന ‘ക്വിഡി’ന്റെ വില നാലു ലക്ഷം രൂപയിൽ താഴെയാവണമെന്ന നിർബന്ധ ബുദ്ധി മൂലമാണു റെനോ പ്രാദേശിക നിർമിത ഘടകങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയത്.

ഇന്ത്യയിലൊഴികെ മറ്റൊരിടത്തും ഈ വിലയ്ക്ക് ഇതുപോലൊരു കാർ നിർമിക്കാനാവില്ലെന്നായിരുന്നു റെനോ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും പ്രഖ്യാപിത ഇന്ത്യൻ ആരാധകനുമായ കാർലോസ് ഘോസ്ന്റെ വിലയിരുത്തൽ. ഇതുപോലെ വില മുമ്പേ നിശ്ചയിച്ചു കാർ നിർമിക്കുന്ന തന്ത്രം ബ്രസീലിലും ചൈനയിലും റഷ്യയിലുമൊന്നും പരീക്ഷിക്കാനാവില്ല. ഇന്ത്യൻ ക്രിയാത്മകതയും ചെലവു ചുരുക്കുന്ന എൻജിനീയറിങ്ങും വിലയുടെ കാര്യത്തിലെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമൊക്കെയാണ് ‘ക്വിഡ്’ യാഥാർഥ്യമാക്കിയതെന്നും ഘോസ്ൻ കരുതുന്നു.

‘ക്വിഡ്’ പ്രോജക്ട് മേധാവി ജെറാർഡ് ഡിറ്റൂർബെറ്റും അദ്ദേഹത്തിന്റെ സംഘത്തിലെ പ്രധാനികളും ഇന്ത്യ ആസ്ഥാനമായിട്ടായിരുന്നു പ്രവർത്തനം. ഇന്ത്യയിൽ വികസന പ്രക്രിയ പൂർത്തിയാക്കുമ്പോൾ മാത്രമാണ് യഥാർഥ ഇന്ത്യൻ കാർ പിറക്കുകയെന്നു ശൂന്യതയിൽ നിന്നു ‘ക്വിഡ്’യാഥാർഥ്യമാക്കിയ ഡിറ്റൂർബെറ്റ് വിലയിരുത്തുന്നു. കണക്ടിങ് റോഡും നോക്ക് സെൻസറും ഫ്യുവൽ ഇഞ്ചക്ടറും പോലെ എൻജിനിലെ ചില തന്ത്രപ്രധാന ഘടകങ്ങൾ മാത്രമാണ് ‘ക്വിഡി’നായി ഇറക്കുമതി ചെയ്തതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

മൂവായിരത്തോളം കോടി രൂപ ചെലവിട്ടാണു റെനോ ‘ക്വിഡി’ന്റെ രൂപകൽപ്പനയും വികസനവും നിർമാണവും പൂർത്തിയാക്കിയിരിക്കുന്നത്. കാറിനെ കൂടുതൽ മെച്ചപ്പെടുത്താനായി ഇന്ത്യൻ എൻജിനീയർമാർക്കൊപ്പം ഫ്രഞ്ച്, ജാപ്പനീസ് സാങ്കേതിക വിദഗ്ധരുടെ സേവനവും റെനോ ‘ക്വിഡി’നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആഗോളതലത്തിൽ തന്നെയുള്ള സഹകരണത്തിന്റെ പ്രതിഫലനമാണു ‘ക്വിഡി’ൽ ദൃശ്യമാവുന്നത്. എങ്കിലും ‘ക്വിഡും’ അതിന് അടിത്തറയായ ‘സി എം എഫ് — എ’ പ്ലാറ്റ്ഫോമും യാഥാർഥ്യമാക്കിയതിന്റെ പെരുമ ചെന്നൈയിലെ റെനോ — നിസ്സാൻ ശാലയ്ക്കാണ്. ഭാവിയിൽ ‘ക്വിഡി’ന്റെ വിവിധ വകഭേദങ്ങൾക്കു മാത്രമല്ല നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെ ശ്രേണിയിലെ മോഡലുകൾക്കും ഈ പുതിയ പ്ലാറ്റ്ഫോം അടിത്തറയാവുമെന്നാണു വിലയിരുത്തൽ.