ആവശ്യക്കാർ ഏറെ, ക്വിഡിന്റെ ഉൽപ്പാദനം വർധിപ്പിക്കുന്നു

പുത്തൻ ഹാച്ച്ബാക്കായ ‘ക്വിഡി’നു വിപണി നൽകിയ ഉജ്വല വരവേൽപ് പരിഗണിച്ച് കാറിന്റെ ഉൽപ്പാദനം ഗണ്യമായി ഉയർത്താൻ ഫ്രഞ്ച് നിർമാതാക്കളായ റെനോ ഇന്ത്യ ഒരുങ്ങുന്നു. അടുത്ത ആറു മാസത്തിനുള്ളിൽ ‘ക്വിഡ്’ ഉൽപ്പാദനത്തിൽ 50% വർധന കൈവരിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ പ്രതിമാസം 5,000 — 6,000 ‘ക്വിഡ്’ നിർമിക്കുന്നത് ഫെബ്രുവരി — മാർച്ചോടെ 8,000 മുതൽ 10,000 യൂണിറ്റ് വരെയായി ഉയർത്താനാണു റെനോയുടെ പദ്ധതി. ‘ക്വിഡ്’ ലഭിക്കാനുള്ള കാത്തിരിപ്പ് കഴിവതും കുറയ്ക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു റെനോ. എന്നാൽ നിർമാണശാല സ്ഥിതി ചെയ്യുന്ന ചെന്നൈ പ്രളയക്കെടുതിയിൽപെട്ടതു കമ്പനിയുടെ ഇത്തരം നീക്കങ്ങൾക്കു കനത്ത തിരിച്ചടിയായി.

Renault Kwid

കനത്ത മഴയും തുടർന്നുള്ള വെള്ളക്കെട്ടും മൂലം കാർ ഉൽപ്പാദനം വർധിപ്പിക്കുന്നതു പോയിട്ടു ഒരഗടത്തെ പ്ലാന്റ് സാധാരണ നിലയിൽ പോലും പ്രവർത്തിപ്പിക്കാനാവാത്ത സാഹചര്യമായിരുന്നു. മഴ മാറി കാര്യങ്ങൾ സാധാരണ നിലയിലായതോടെ ‘ക്വിഡ്’ ഉൽപ്പാദനത്തിനു മുൻഗണന നൽകാനാണു റെനോയുടെ തീരുമാനം. കാർ വൻ വിജയമായ സാഹചര്യത്തിൽ ‘ക്വിഡ്’ ഉൽപ്പാദനം ഉയർത്തുമെന്നു റെനോ ഇന്ത്യ മാനേജിങ് ഡയറക്ടർ സുമിത് സാഹ്നി സ്ഥിരീകരിച്ചു; എന്നാൽ വർധനയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു. കാറിനുള്ള 98% ഘടകങ്ങളും പ്രാദേശികമായി സമാഹരിക്കുന്നതിനാൽ പ്രാദേശിക വെണ്ടർമാരുമായി ഉൽപ്പാദനം ഉയർത്തുന്നതു സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്നും സാഹ്നി അറിയിച്ചു. ചെന്നൈയിലെ മഴ തിരിച്ചടിയായെന്നു സമ്മതിച്ച സാഹ്നി, പ്ലാന്റ് അധികസമയം പ്രവർത്തിപ്പിച്ച് ഉൽപ്പാദനനഷ്ടം നികത്താനാണു ശ്രമമെന്നും വെളിപ്പെടുത്തി.

Renault Kwid

കഴിഞ്ഞ സെപ്റ്റംബറിൽ നിരത്തിലെത്തിയ ‘ക്വിഡി’നായി മുക്കാൽ ലക്ഷത്തോളം പേർ കാത്തിരിപ്പുണ്ടെന്നാണു കണക്ക്. അവതരണവേളയിൽ ‘ക്വിഡി’ന് റെനോ നിശ്ചയിച്ച വാർഷിക വിൽപ്പന പോലും ഇതിലും കുറവായിരുന്നത്രെ. ഇപ്പോഴത്തെ ആവേശം നിലനിർത്താൻ കഴിഞ്ഞാൽ 2016ൽ ‘ക്വിഡ്’ വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിടുമെന്നാണു പ്രതീക്ഷ. മൂന്നു വർഷം മുമ്പ് കോംപാക്ട് എസ് യു വിയായ ‘ഡസ്റ്ററി’ലൂടെയാണു റെനോ ഇന്ത്യൻ വിപണിയിൽ ചലനം സൃഷ്ടിച്ചത്. പുതുമ മാറിയതോടെ ‘ഡസ്റ്ററി’ന്റെ ജനപ്രീതി ഇടിഞ്ഞതും വിവിധോദ്ദേശ്യവാഹന(എം പി വി)മായ ‘ലോജി’ കാര്യമായ തരംഗം സൃഷ്ടിക്കാത്തതും റെനോയെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ എൻട്രിലവൽ ഹാച്ച്ബാക്കായ ‘ക്വിഡ്’ മികച്ച സ്വീകാര്യത കൈവരിച്ചതു കമ്പനിക്കു പുതുജീവൻ പകർന്നിട്ടുണ്ട്. ചുരുങ്ങിയ സമയത്തിൽ 10,000 — 15,000 യൂണിറ്റ് വിൽപ്പന നേടിയ ‘ക്വിഡി’ന്റെ പിൻബലത്തിൽ 2015ലെ മൊത്തം വിൽപ്പന അരലക്ഷം കടത്താനാവുമെന്ന പ്രതീക്ഷയിലാണു റെനോ.