ക്വിഡ്: ഗുണങ്ങളും ദോഷങ്ങളും

Renault Kwid

കൊക്കിലൊതുങ്ങും വിലയിൽ ഒരു ഗംഭീര കാർ എത്തുന്നുവെന്നറിഞ്ഞതു മുതൽ ഉപയോക്താക്കൾ പ്രതീക്ഷയിലാണ്. റെനോ ക്വിഡ് നിരത്തിലിറങ്ങുന്നതും കാത്തിരിക്കുകയാണ് ചെറുകാർ സ്വപ്നം കാണുന്ന സാധാരണക്കാർ മുഴുവൻ. ടാറ്റയുടെ നാനോ ഇറങ്ങും മുമ്പ് മാത്രമാണ് ഇത്തരത്തിൽ മികച്ച പ്രതികരണം ഉണ്ടായിട്ടുള്ളതെന്ന് വിദഗദ്ധർ പറയുന്നു.

നിരത്തിലിറങ്ങാത്ത ഇൗ കാറിനെ അടുത്തറിയേണ്ടേ ? ഇതാ ക്വിഡിന്റെ പ്രധാന ഗുണങ്ങളും ദോഷങ്ങളും.

മികച്ച ഇന്ധനക്ഷമത

660 കിലോഗ്രാമോളം ഭാരമുള്ള കാറിന് ലീറ്ററിന് 25.17 കിലോമീറ്റർ ഇന്ധനക്ഷമതയാണ് റെനോ വാഗ്ദാനം ചെയ്യുന്നത്, അതായത് രാജ്യത്തെ ‌ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള പെട്രോൾ കാർ ക്വിഡ് തന്നെയാണെന്നർഥം.

വലുപ്പത്തിൽ മുമ്പൻ

300 ലിറ്റർ എന്ന വലിയ ബൂട്ട് സ്പെയ്സാണ് വാഹനത്തിന്. ഓള്‍ട്ടോയ്ക്കും ഇയോണിനും 145/80 ആർ 12 ഇഞ്ച് വീലുകളുള്ളപ്പോൾ ക്വിഡിന്റേത് 155/80 ആർ 13 വീലുകളാണ്. ഓള്‍ട്ടോ 800നെക്കാളും ഇയോണിനെക്കാളും വലിപ്പം കൂടിയ വാഹനം ക്വിഡ് തന്നെയാണ്. ഓൾട്ടോ 800നെക്കാൾ 60 എംഎമ്മും ഇയോണിനെക്കാൾ 40 ‌എംഎമ്മും വീൽബെയ്സും ക്വി‍ഡിന് കൂടുതലുണ്ട്. 180 എം എമ്മാണ് ഗ്രൗണ്ട് ക്രിയറൻസ്.

അകമെയും പുറമെയും സുന്ദരൻ

പരുക്കന്‍ രൂപഭാവമുള്ള ഫ്രണ്ട് ബമ്പറും ഉയര്‍ന്ന ബോണറ്റും ക്രീസ് ലൈനും ക്വിഡ്ഡിന് ബേബി ഡസ്റ്റര്‍ രൂപഭംഗി നല്‍കുന്നു. ബ്ലാക്ക് ഇന്‍സെര്‍ട്ടുകളുള്ള ഹെഡ് ലാമ്പിന്റെ രൂപകല്‍പ്പനയും മുന്നിലെ എയര്‍ഡാമും ഹാച്ച്ബാക്ക് കാറിനെക്കാള്‍ എസ് യു വിയുടേതിന് സമാനമാണ്. പിന്നിലെ വലിപ്പമേറിയ വീല്‍ ആര്‍ച്ചുകള്‍, വീല്‍ ആര്‍ച്ച് ക്ലാഡിങ്ങുകള്‍ എന്നിവയും വാഹനത്തിന് നല്‍കുന്നത് സ്‌പോര്‍ട്ടി രൂപഭംഗിയാണ്.

ഉള്ളിലെ നിലവാരത്തിന്റെ കാര്യത്തിലും ക്വിഡ് ഒരുപടി മുന്നിലാണ്.‌ സെഗ്മെന്റിലെ ആദ്യ ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോൾ ക്വിഡിലാണ്. അതുപോലെ തന്നെ മികച്ച നിലവാരമുള്ള ഇന്‍റീരിയർ ഘടകങ്ങളും വാഹനത്തിന്റെ പ്രത്യേകതയാണ്. ഏഴ് ഇഞ്ച് ടച് സ്ക്രീൻ ഡിസ്പ്ലേ സഹിതമുള്ള നാവിഗേഷൻ സംവിധാനവും എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റിലെ പുതുമയാണ്.

വിസ്മയിപ്പിക്കും വിലക്കുറവ്

ചെറു കാർ വിപണി പിടിക്കുവാനെ‌ത്തുന്ന ക്വിഡിനു 2.56 ലക്ഷമാണു പ്രാരംഭ വില (ഡൽഹി എക്സ്ഷോറൂം). ഏറ്റവും കൂടിയ മോഡലിന് 3.53 ലക്ഷം രൂപ. ഓഗസ്റ്റ് അവസാനം ബുക്കിങ് ആരംഭിച്ചിരുന്നു. അഞ്ചു കളറുകളിൽ ലഭ്യമാകും.

വകഭേദങ്ങളും വിലയും

ബേസ് മോഡൽ - 2,56,968 രൂപ

ആർ എക്സ് ഇ - 2,88,960 രൂപ

ആർ എക്സ് ഇ (ഒ)- 2,94,960 രൂപ

ആർ എക്സ് റ്റി - 3,44,131 രൂപ

ആർ എക്സ് റ്റി (ഒ) - 3,53,131 രൂപ

ക്വിഡിന്റെ ദോഷവശങ്ങൾ എന്തൊക്കെ ?

എഎംടിയുടെ അഭാവം

ഗിയറില്ലാ കാറുകൾക്ക് പ്രിയമേറുന്ന കാലത്താണ് എഎംടി ഇല്ലാതെ ക്വിഡ് എത്തുന്നത്. മാരുതി സെലേറിയോയിലും ആൾട്ടോയിലുമൊക്കെ വിജയകരമായി പരീക്ഷിച്ച എഎംടി സാങ്കേതിക വിദ്യ ക്വിഡിൽ പിന്നാലെ എത്തുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും എന്നാണെന്ന കാര്യത്തിൽ വ്യക്തതയില്ല.

സുരക്ഷയില്ലായ്മ

വാഹനത്തിന്റെ വിലയേക്കാൾ സുരക്ഷയ്ക്ക് ഉപയോക്താക്കൾ പ്രാധാന്യം നൽകുന്ന ഇക്കാലത്ത് എയർബാഗ് ഇല്ലാതെയാണ് ക്വിഡ് എത്തുന്നത്. ഏറ്റവും ഉയർന്ന മോഡലിൽ പോലും ഡ്രൈവർക്ക് മാത്രമാണ് എയർബാഗ് ഉള്ളത്.

എൽപിജി, സിഎൻജി മോഡലുകൾ ഇല്ല

പെട്രോളും ഡീസലും വിട്ട് ഉപയോക്താക്കൾ മറ്റു ഇന്ധനങ്ങളിലേക്ക് തിരിയാൻ തുടങ്ങിയിരിക്കുന്നു. മാരുതി തങ്ങളുടെ ഉയർന്ന മോഡലായ സിയാസിന് ഹൈബ്രിഡ് വകഭേദം പുറത്തിറക്കിയത് പോലും ഇൗ തിരിച്ചറിവിലാണ്. പക്ഷേ ക്വിഡിനാവട്ടെ എൽപിജി, സിഎൻ‌ജി, ഹൈബ്രിഡ് തുടങ്ങിയ വകഭേദങ്ങളൊന്നും ഇല്ല.

സെയിൽസ് ആൻഡ് സർവീസ്

ഉപയോക്താക്കൾ ഏറ്റവുമധികം ആശങ്കപ്പെടുന്നത് റെനോയുടെ സർവീസിനെക്കുറിച്ചാണ്. വളരെ കുറച്ച് ഡീലർമാരും ഷോറൂമുകളും ഉള്ള റെനോയുടെ കാർ വാങ്ങിയാൽ പിന്നത്തെ അവസ്ഥ എന്താകുമെന്ന കാര്യത്തിൽ ആർക്കും ധാരണയില്ല. മാരുതി, ഹ്യൂണ്ടേയ് തുടങ്ങിയ ബ്രാൻഡുകളോട് ഇക്കാര്യത്തിൽ മത്സരിക്കാൻ റെനോ പാടു പെടും.