99.60 ലക്ഷം വിൽപ്പനയോടെ റെനോ നിസ്സാൻ സഖ്യം

ഫ്രഞ്ച് ജാപ്പനീസ് വാഹന നിർമാണ സഖ്യമായ റെനോ നിസ്സാന്റെ കഴിഞ്ഞ വർഷത്തെ ആഗോള വിൽപ്പന 99.60 ലക്ഷം യൂണിറ്റിലെത്തി. അടുത്തയിടെ നിയന്ത്രണം ഏറ്റെടുത്ത, ജാപ്പനീസ് വാഹന നിർമാതാക്കളായ മിറ്റ്സുബിഷി മോട്ടോഴ്സിന്റെ വിഹിതമായ 9,34,013 യൂണിറ്റ് അടക്കമാണ് റെനോ നിസ്സാൻ ഈ വിൽപ്പന രേഖപ്പെടുത്തിയത്. കൂടാതെ വൈദ്യുത വാഹന വിഭാഗത്തിലെ ഇതുവരെയുള്ള വിൽപ്പന നാലേകാൽ ലക്ഷം യൂണിറ്റിലെത്തിക്കാനും ഈ സഖ്യത്തിനായി. 2010ൽ നിസ്സാൻ ‘ലീഫൂ’മായി വൈദ്യുത വാഹന വിപണിയിൽ പ്രവേശിച്ച സഖ്യം ഇപ്പോൾ റെനോ ‘സോ’യും ഈ വിഭാഗത്തിൽ വിൽക്കുന്നുണ്ട്.

ഗ്രൂപ് റെനോയും നിസ്സാൻ മോട്ടോഴ്സും മിറ്റ്സുബിഷി മോട്ടോഴ്സും ചേർന്നതോടെ ആഗോള വാഹന നിർമാണ വ്യവസായത്തിൽ പുതിയ ശക്തി ഉദയം ചെയ്തതായി ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കാർലോസ് ഘോസ്ൻ വിലയിരുത്തി. 18 വർഷം മുമ്പു സ്ഥാപിച്ച ഈ പുതിയ സഖ്യം മത്സരക്ഷമതയ്ക്കൊപ്പം വളർച്ചയും വർധിപ്പിക്കാനും ഭാവിയിലേക്കുള്ള വാഹനങ്ങളുടെ രൂപകൽപ്പനയിൽ മികവു കൈവരിക്കാനും സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ കഴിഞ്ഞ വർഷം വിറ്റ ഒൻപതു കാറുകളിൽ ഒന്നെങ്കിലും റെനോ നിസ്സാൻ മിറ്റ്സുബിഷി സഖ്യം നിർമിച്ചവയാണെന്നും കമ്പനിയുടെ വാർഷിക റിപ്പോർട്ട് അവകാശപ്പെടുന്നു. ‘ഡ്രൈവ് ദ് ചേഞ്ച്’ പദ്ധതി നടപ്പാക്കിയ 2016ൽ മുൻവർഷത്തെ അപേക്ഷിച്ച് 13.3% വളർച്ചയോടെ 31,82,625 യൂണിറ്റിന്റെ വിൽപ്പന കൈവരിക്കാൻ ഗ്രൂപ് റെനോയ്ക്കു സാധിച്ചു. തുടർച്ചയായ നാലാം വർഷമാണു റെനോ വിൽപ്പന വളർച്ച കൈവരിക്കുന്നത്. 2015നെ അപേക്ഷിച്ച് 3,74 ലക്ഷം കാറുകൾ അധികമായി വിറ്റ് വാർഷിക വിൽപ്പന വളർച്ചയിൽ റെക്കോഡ് സ്ഥാപിക്കാനും കമ്പനിക്കു കഴിഞ്ഞു.

റെനോയ്ക്കു പുറമെ ഡാഷ്യ ബ്രാൻഡിന്റെ വിൽപ്പനയും വളർച്ച രേഖപ്പെടുത്തി; റെനോ സാംസങ് മോട്ടോഴ്സ് വിൽപ്പനയിലെ വർധനയാവട്ടെ 38.8% ആണ്. യൂറോപ്പിലെ വിൽപ്പനയിൽ രണ്ടാം സ്ഥാനത്തുള്ള ബ്രാൻഡായി മാറാനും റെനോയ്ക്കു കഴിഞ്ഞു. ആഗോളതലത്തിൽ 55,59,902 കാറുകളും ട്രക്കുകളുമാമു നിസ്സാൻ മോട്ടോർ കമ്പനി 2016ൽ വിറ്റത്; 2015ലെ വിൽപ്പനയെ അപേക്ഷിച്ച് 2.5% അധികമാണിത്. യു എസിൽ 5.4 ശതമാനവും ചൈനയിൽ 8.4 ശതമാനവും വിൽപ്പന വളർച്ചയാണു നിസ്സാൻ നേടിയത്. ആഡംബര ബ്രാൻഡായ ഇൻഫിനിറ്റി 2.30 ലക്ഷം യൂണിറ്റിന്റെ വിൽപ്പന നേടി. അതേസമയം മിറ്റ്സുബിഷി മോട്ടോഴ്സിന്റെ വിൽപ്പനയിൽ 2015നെ അപേക്ഷിച്ച് 13% ഇടിവാണു നേരിട്ടത്. യു എസിലും ഓസ്ട്രേലിയയിലും വിൽപ്പന ഉയർന്നെങ്കിലും ബ്രസീൽ, റഷ്യ, മിഡിൽ ഈസ്റ്റ് വിപണികളിൽ കമ്പനിക്കു തിരിച്ചടി നേരിട്ടു. ഇന്ധനക്ഷമത കണക്കുകളിൽ കൃത്രിമം കാട്ടിയെന്ന ആക്ഷേപത്തെ തുടർന്നു ജപ്പാനിലും വിൽപ്പന ഇടിഞ്ഞു. റഷ്യയിൽ ‘ലാഡ’ ബ്രാൻഡിൽ കാറുകൾ നിർമിച്ചുവിൽക്കുന്ന ഓട്ടോവാസ് 2016ൽ കൈവരിച്ച വിൽപ്പന 2,84,807 യൂണിറ്റിന്റേതാണ്. റഷ്യയിൽ റെനോ നിസ്സാൻ സഖ്യത്തിനും ഓട്ടോവാസിനും കൂടി മൂന്നിലൊന്നു വിപണി വിഹിതമുണ്ട്.