മഹീന്ദ്രയെ അട്ടിമറിക്കാനൊരുങ്ങി റെനോ നിസ്സാൻ

നേട്ടങ്ങളിൽ നിന്നു നേട്ടങ്ങളിലേക്കുള്ള കുതിപ്പിലാണു ഫ്രഞ്ച് നിർമാതാക്കളായ റെനോ അവതരിപ്പിച്ച എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡ്’. കഴിഞ്ഞ സെപ്റ്റംബറിൽ നിരത്തിലെത്തിയ ശേഷം ഇതുവരെ ഒന്നര ലക്ഷത്തോളം യൂണിറ്റിന്റെ ഓർഡറുകൾ വാരിക്കൂട്ടിയ ‘ക്വിഡി’ലൂടെ റെനോയുടെ മാത്രമല്ല, ഫ്രഞ്ച് — ജാപ്പനീസ് സഖ്യമായ റെനോ നിസ്സാന്റെയും സമയം തെളിഞ്ഞ മട്ടുണ്ട്. ഇപ്പോഴത്തെ നില തുടർന്നാൽ 2017 മാർച്ചോടെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയെ പിന്തള്ളി ഇന്ത്യയിലെ വാഹന നിർമാതാക്കളിൽ മൂന്നാം സ്ഥാനം റെനോ നിസ്സാൻ സഖ്യം സ്വന്തമാക്കും. അര ലക്ഷത്തോളം യൂണിറ്റിന്റെ ബുക്കിങ്ങോടെ തുടങ്ങിയ ‘ക്വിഡി’ന്റെ 2015 ഒക്ടോബറിലെ വിൽപ്പന 5,195 യൂണിറ്റായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ 9,795 യൂണിറ്റ് വിൽപ്പന നേടിയ ‘ക്വിഡി’ന്റെ കഴിഞ്ഞ മാസത്തെ വിൽപ്പനയാവട്ടെ 9,459 എണ്ണമായിരുന്നു. ‘ക്വിഡി’ന്റെ ചിറകിൽ റെനോ ഇന്ത്യയുടെ വിപണി വിഹിതം 2.3 ശതമാനത്തിൽ നിന്ന് 3.8% ആയി ഉയരുകയും ചെയ്തു.

ആഭ്യന്തര വിപണിക്കു പുറമെ വിദേശത്തും ‘ക്വിഡി’നു പ്രിയമേറിയതോടെ ചെന്നൈയ്ക്കടുത്ത് ഒരഗടത്തെ റെനോ നിസ്സാൻ നിർമാണ ശാലയും ആവേശത്തിലാണ്. പോരെങ്കിൽ നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ശ്രേണിയിലെ പുതുമുഖമായ ‘റെഡി ഗോ’യോടും വിപണി താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 70% വളർച്ചയോടെ 3.66 ലക്ഷം യൂണിറ്റിന്റെ ഉൽപ്പാദനമാണു 2016 — 17ൽ ശാല ലക്ഷ്യമിടുന്നത്. റെനോയ്ക്കും ഡാറ്റ്സനും പുറമെ നിസ്സാൻ ശ്രേണിയിലെ വാഹനങ്ങളും ഒരഗടത്ത് ഉൽപ്പാദിപ്പിക്കുന്നുണ്ട്. ‘ക്വിഡി’നുള്ള ആവശ്യം നിറവേറ്റാൻ ഇക്കൊല്ലം 1.6 ലക്ഷം യൂണിറ്റിന്റെ ഉൽപ്പാദനമാണു റെനോ ലക്ഷ്യമിടുന്നത്; 2015 — 16നെ അപേക്ഷിച്ചു മൂന്നിരട്ടിയോളമാണിത്. ഡാറ്റ്സൻ ‘റെഡി ഗോ’യുടെ മുന്നേറ്റം പരിഗണിച്ചു നിസ്സാന്റെ വാർഷിക ഉൽപ്പാദനലക്ഷ്യം 65,000 യൂണിറ്റോളമാണ്. അവശേഷിക്കുന്ന ഉൽപ്പാദനം കയറ്റുമതിക്കായി നീക്കിവയ്ക്കാനാണു തീരുമാനം.

ലഘു വാഹന വിപണിയെന്ന നിലയിൽ 2020ൽ ഇന്ത്യ ആഗോളതലത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലൊന്നിലെത്തുമെന്നാണു റെനോ നിസ്സാന്റെ കണക്കുകൂട്ടൽ; അപ്പോഴേക്ക് രാജ്യത്തെ മൊത്തം ഉൽപ്പാദനം 55 ലക്ഷം യൂണിറ്റാവുമെന്നാണു പ്രതീക്ഷ. സാഹചര്യം അനുകൂലമായി തുടർന്നാൽ കമ്പനിയുടെ വാർഷിക ഉൽപ്പാദനം 4.80 ലക്ഷം യൂണിറ്റായി ഉയർത്താനാണു റെനോ നിസ്സാന്റെ തീരുമാനം. പുതുതായി വികസിപ്പിച്ച മൊഡ്യുലർ പ്ലാറ്റ്ഫോമുകളായ ‘സി എം എഫ് — എ’, ‘സി എം എഫ് — ബി’ എന്നിവയിലാണു റെനോ നിസ്സാന്റെ പ്രതീക്ഷ. വരുന്ന നാലോ അഞ്ചോ വർഷത്തിനിടെ ഈ പ്ലാറ്റ്ഫോമുകൾ ആധാരമാക്കി പന്ത്രണ്ടോളം മോഡലുകൾ അവതരിപ്പിക്കാനാണു കമ്പനിയുടെ നീക്കം.