റെനോ — നിസ്സാൻ ചെന്നൈ പ്ലാന്റിൽ പുതിയ വേതന കരാർ

ഫ്രഞ്ച് — ജാപ്പനീസ് സഖ്യമായ റെനോ നിസ്സാൻ ഓട്ടമോട്ടീവിന്റെ ചെന്നൈയിലെ കാർ നിർമാണശാല ജീവനക്കാരുമായി വേതനം പുതുക്കി. അടുത്ത മൂന്നു വർഷത്തേക്കു പ്രാബല്യമുള്ള പുതിയ കരാർ പ്രകാരം ശാലയിലെ ജീവനക്കാരുടെ വേതനത്തിൽ പ്രതിമാസം 18,000 രൂപയുടെ വരെ വർധനയുണ്ടാകും.

തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന റെനോ നിസ്സാൻ ഇന്ത്യ തൊഴിലാളർ സംഘ (ആർ എൻ ഐ ടി എസ്) വുമായാണു പുതിയ കരാർ ഒപ്പിട്ടതെന്നു റെന നിസ്സാൻ ഓട്ടമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(ആർ എൻ എ ഐ പി എൽ) അറിയിച്ചു. 2016 ഏപ്രിൽ ഒന്നു മുതൽ 2019 മാർച്ച് 31 വരെയാണു പരിഷ്കരിച്ച വേതന കരാറിന്റെ കാലാവധി.

അടുത്ത മൂന്നു വർഷത്തിനിടെ ചെന്നൈയ്ക്കടുത്ത് ഒരഗടത്തുള്ള പ്ലാന്റിലെ സാങ്കേതിക വിദഗ്ധരുടെ പ്രതിമാസ വേതനത്തിൽ 18,000 രൂപയുടെ വർധനയുണ്ടാവുമെന്ന് കമ്പനി അറിയിച്ചു. കൂടാതെ പ്ലാന്റ് ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒട്ടേറെ ആനുകൂല്യങ്ങളും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ആർ എൻ എ ഐ പി എൽ അവകാശപ്പെട്ടു.

സ്ഥാപനത്തിന്റെ സുസ്ഥിരമായ പ്രവർത്തനം ഉറപ്പാക്കാനുള്ള വ്യവസ്ഥകളാണ് തൊഴിലാളി യൂണിയനുമായി ഒപ്പിട്ട വേതന കരാറിൽ ഇടംപിടിച്ചിക്കുന്നതെന്ന് ആർ എൻ എ ഐ പി എൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ കോളിൻ മക്ഡൊണാൾഡ് അറിയിച്ചു. ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മികച്ച ആനുകൂല്യങ്ങളും പദ്ധതികളുമാണു കരാറിൽ ഉള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.

റെനോ നിസ്സാൻ സഖ്യത്തിന് ആഗോളതലത്തിലുള്ള വമ്പൻ നിർമാണശാലകളിൽ പെടുന്നതാണു ചെന്നൈയിലേത്. 2010 മാർച്ചിൽ പ്രവർത്തനം ആരംഭിച്ച ശാലയ്ക്കായി സഖ്യം ഇതുവരെ 6,100 കോടിയോളം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഈ ശാലയിൽ നിന്നു റെനോ, നിസ്സാൻ, ഡാറ്റ്സൻ ബ്രാൻഡുകളിലായി മുപ്പതിലേറെ മോഡലുകളും വകഭേദങ്ങളും ഇതുവരെ നിരത്തിലെത്തിയിട്ടുണ്ട്. ശാലയിൽ നിർമിച്ച കാറുകൾ ആഭ്യന്തര വിപണിക്കൊപ്പം വിദേശത്തും വിൽപ്പനയ്ക്കെത്തുന്നുണ്ട്. 2010 മുതൽ ഇതുവരെ 106 രാജ്യങ്ങളിലേക്കായി ആറു ലക്ഷത്തോളം യൂണിറ്റാണു ചെന്നൈ പ്ലാന്റിൽ നിന്നു കയറ്റുമതി ചെയ്തത്.

റെനോയുടെ എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡി’ന് ആവശ്യക്കാരേറിയതോടെ ഒരഗടം ശാലയിൽ മൂന്നാം ഷിഫ്റ്റിലും ഉൽപ്പാദനം ആരംഭിച്ചു. ശാലയിൽ നിന്നുള്ള മൊത്തം ഉൽപ്പാദനം 10 ലക്ഷം യൂണിറ്റും പിന്നിട്ടു. ചെന്നൈ ശാലയിലും ഗവേഷണ, വികസന കേന്ദ്രത്തിലുമായി നേരിട്ടും പരോക്ഷമായും നാൽപതിനായിരത്തിലേറെ തൊഴിൽ അവസരങ്ങളാണു സൃഷ്ടിക്കപ്പെട്ടതെന്ന് ആർ എൻ എ ഐ പി എൽ അറിയിച്ചു.