2016: റെക്കോഡ് വിൽപ്പന തിളക്കത്തോടെ റെനോ

കഴിഞ്ഞ വർഷം ആഗോളതലത്തിലുള്ള വാഹന വിൽപ്പനയിൽ 13% വളർച്ച നേടാൻ കഴിഞ്ഞെന്നു ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. കഴിഞ്ഞ വർഷം 31.30 ലക്ഷത്തോളം വാഹനങ്ങൾ വിറ്റു പുതിയ ചരിത്രം സൃഷ്ടിക്കാൻ കഴിഞ്ഞെന്നാണു റെനോയുടെ അവകാശവാദം; 2015ലെ വിൽപ്പനയെ അപേക്ഷിച്ച് 13.3% അധികമാണിത്.

യൂറോപ്പിലും ഇന്ത്യയിലും മികച്ച വിൽപ്പന കൈവരിച്ചതിനൊപ്പം ഇറാനിൽ പ്രവർത്തനം പുനഃരാരംഭിക്കാൻ കഴിഞ്ഞതും 2016ലെ പ്രകടനം മെച്ചപ്പെടുത്തിയെന്നാണു റെനോയുടെ വിലയിരുത്തൽ. കമ്പനിക്കു സാന്നിധ്യമുള്ള മേഖലകളിലെല്ലാം വിപണി വിഹിതത്തിൽ വർധനയുണ്ടെന്ന് റെനോ കൊമേഴ്സ്യൽ ഡയറക്ടർ തിയറി കൊസ്കാസ് അവകാശപ്പെടുന്നു.

അതിനിടെ മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങൾ അതീവ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുമെന്നും കമ്പനി നിക്ഷേപകരെ അറിയിച്ചു. മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കുന്നതിൽ കൃത്രിമം കാട്ടിയെന്നു ജർമൻ നിർമാതാക്കളായഫോക്സ്വാഗൻ കുറ്റസമ്മതം നടത്തി ഒന്നരവർഷം പിന്നിടുന്ന വേളയിലാണു സമാന ആരോപണങ്ങളുടെ പേരിൽ പാരിസിലെ പ്രോസിക്യൂട്ടർമാർ റെനോയ്ക്കെതിരെയും അന്വേഷണത്തിനു തുടക്കമിട്ടത്.

ഒപ്പം വാഹന വിൽപ്പനയ്ക്കായി യൂറോപ്പിനെ ആശ്രയിച്ചിരുന്ന പഴയകാലത്തോടും റെനോ വിട പറഞ്ഞിട്ടുണ്ട്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ വാഹന വിൽപ്പനമെച്ചപ്പെട്ടതാണു റെനോയ്ക്കു തുണയായത്. 2015ലെ മൊത്തം വിൽപ്പനയുടെ 57.6% യൂറോപ്പിന്റെ സംഭാവനയായിരുന്നു; 2016ലാവട്ടെ യൂറോപ്പിന്റെ വിഹിതം 56.7% ആയി കുറഞ്ഞു.

ഡീസൽ വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ നിലവാരം സംബന്ധിച്ചു പാരിസിലെ പ്രോസിക്യൂട്ടർമാർ ഉന്നയിച്ച സംശയങ്ങൾക്കു മറുപടി നൽകാൻ റെനോ സത്വരനടപടി സ്വീകരിക്കുമെന്നു കൊസ്കാസ്വ്യbവ്യക്തമാക്കി. ഏറെ പ്രാധാന്യത്തോടെയാണ് റെനോ ഈ വിഷയം പരിഗണിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. നിയമവ്യവസ്ഥയെ മാനിക്കുന്ന റെനോയുടെ കാറുകളിൽ ‘പുകമറ’ സോഫ്റ്റ്വെയർ സാന്നിധ്യമില്ല. അതുകൊണ്ടുതന്നെ കമ്പനി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും കൊസ്കാസ് അറിയിച്ചു.