ബ്രസീലിലും ‘ക്വിഡ്’ നിർമിക്കാൻ റെനോ

ഇന്ത്യയിൽ തകർപ്പൻ വിജയം കൊയ്ത എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡി’ന്റെ നിർമാണം ബ്രസീലിലും ആരംഭിക്കാൻ ഫ്രഞ്ച് നിർമാതാക്കളായ റെനോ ഒരുങ്ങുന്നു. ചെന്നൈയ്ക്കടുത്ത് ഒരടഗടത്തെ റെനോ നിസ്സാൻ ശാലയിൽ നിർമിച്ച ‘ക്വിഡ്’ ബ്രസീലിലേക്കു കയറ്റുമതി ചെയ്യുന്നതിനു പകരം പ്രാദേശികമായി ഉൽപ്പാദനം ആരംഭിക്കാനാണു പദ്ധതിയെന്നു റെനോ വെളിപ്പെടുത്തി. ദക്ഷിണ അമേരിക്കൻ വിപണിക്കുള്ള ‘ക്വിഡ്’ ആവും ബ്രസീലിൽ നിർമിക്കുകയെന്നു പാരിസ് മോട്ടോർ ഷോയ്ക്കെത്തിയ റെനോ ചെയർമാൻ (ആഫ്രിക്ക, മിഡിൽ ഈസ്റ്റ് ആൻഡ് ഇന്ത്യ) ബെർണാഡ് കാംബിയർ അറിയിച്ചു.

പ്രോഡക്ട് ലൈഫ് സൈക്കിളിന്റെ കാര്യത്തിൽ ‘ഡസ്റ്ററി’ൽ സംഭവിച്ച പിഴവ് ‘ക്വിഡി’ൽ ആവർത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം ‘ക്വിഡ്’ സുപ്രധാനമാണ്. റെനോയ്ക്കാവട്ടെ ആഗോളതലത്തിൽ തന്നെ മൂന്നു പ്രധാന വിപണികളിൽ ഒന്നായി ഇന്ത്യ മാറുമെന്നും കാംബിയർ പ്രത്യാശിച്ചു. ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പന നേടുന്ന 10 മോഡലുകൾക്കൊപ്പമാണ് ‘ക്വിഡി’ന്റെ സ്ഥാനം; ഓഗസ്റ്റിൽ 10,719 യൂണിറ്റിന്റെ വിൽപ്പനയാണു കാർ കൈവരിച്ചത്. ഇന്ത്യൻ വകഭേദത്തിൽ നിന്നു പ്രചോദിതമായിട്ടാവും ബ്രസീലിയൻ വിപണിക്കുള്ള ‘ക്വിഡി’ന്റെ ഉൽപ്പാദനം.

ഇന്ത്യയിൽ 799 സി സി, എസ് സി ഇ എൻജിനോടെയാണു ‘ക്വിഡ്’ തുടക്കത്തിൽ വിൽപ്പനയ്ക്കെത്തിയത്; ഈയിടെ 1,000 സി സി എൻജിനോടെയും ‘ക്വിഡ്’ വിപണിയിലെത്തിയിട്ടുണ്ട്.
പാരിസ് മോട്ടോർ ഷോയിൽ റെനോ ഒട്ടേറെ പുതിയ മോഡലുകൾ അനാവരണം ചെയ്തു; ഇതാദ്യമായി ആറു സ്പീഡ് ഓട്ടമാറ്റിക് ഇ ഡി സി ഇരട്ട ക്ലച് ട്രാൻസ്മിഷനുള്ള ‘ഡസ്റ്റർ’ കമ്പനി പ്രദർശിപ്പിച്ചു. ‘കോളിയോസി’ന്റെ ‘ഇനീഷ്യൽ പാരിസ്’ വകഭേദവും കമ്പനി പുറത്തിറക്കി; അടുത്ത വർഷം മധ്യത്തോടെ ഈ മോഡൽ യൂറോപ്പിൽ വിൽപ്പനയ്ക്കെത്തും. ന്യൂട്രൽ, സ്പോർട്, ഓട്ടണോമസ് ഡ്രൈവിങ് മോഡുകളോടെ വൈദ്യുത കൺസപ്റ്റ് കാറായ ‘ട്രെസറും’ കമ്പനി പ്രദർശിപ്പിച്ചു.