പുതുമോഡലുകളുമായി റെനോ

അടുത്ത അഞ്ചു വർഷത്തിനിടെ ഓരോ കൊല്ലവും ഓരോ പുതിയ മോഡലെങ്കിലും ഇന്ത്യയിൽ അവതരിപ്പിക്കുമെന്നു ഫ്രഞ്ച് നിർമാതാക്കളായ റെനോ. എക്സൈസ് ഡ്യൂട്ടി ഇളവ് ലക്ഷ്യമിട്ട് നാലു മീറ്ററിൽ താഴെ നീളമുള്ള വിഭാഗത്തിലും കമ്പനി പുതിയ മോഡൽ അവതരിപ്പിക്കും. ചെറു ഹാച്ച്ബാക്കായ ‘ക്വിഡി’നു ലഭിച്ച മികച്ച സ്വീകാര്യതയുടെ കരുത്തിൽ ഈ വർഷാവസാനത്തോടെ ഇന്ത്യയിലെ വിപണിവിഹിതം അഞ്ചു ശതമാനത്തിലെത്തുമെന്നും റെനോ കരുതുന്നു. ഓരോ വർഷവും ഓരോ മോഡൽ എന്ന തന്ത്രത്തിന് ഇക്കൊല്ലം തന്നെ തുടക്കമാവുമെന്നു റെനോ ഇന്ത്യ ഓപ്പറേഷൻസ് കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി അറിയിച്ചു.

‘ക്വിഡ്’ പോലെ വിപണിയെ ഇളക്കി മറിക്കാൻ പ്രാപ്തിയുള്ള മോഡലുകളാവും റെനോയിൽ നിന്നു നിരത്തിലെത്തുകയെന്നും അദ്ദേഹം അവകാശപ്പെട്ടു. പുത്തൻ അവതരണങ്ങൾ വഴി നിലവിലുള്ള വിഭാഗങ്ങളെ പുനഃർനിർവചിക്കാനും പുതിയ ഉപവിഭാഗങ്ങൾ സൃഷ്ടിക്കാനുമാണു റെനോയുടെ പദ്ധതി. എസ് യു വിയായ ‘ഡസ്റ്ററും’ ഹാച്ച്ബാക്കായ ‘ക്വിഡു’മടക്കം അഞ്ചു മോഡലുകളാണു നിലവിൽ റെനോ ഇന്ത്യയിൽ വിൽക്കുന്നത്.ഗ്രൂപ് റെനോയെ സംബന്ധിച്ചിടത്തോളം മുൻഗണന നൽകുന്ന വിപണിയാണ് ഇന്ത്യയെന്ന് സാഹ്നി വെളിപ്പെടുത്തി. രാജ്യാന്തര തലത്തിൽ തന്നെ കമ്പനിയുടെ വളർച്ചയിൽ ഇന്ത്യയ്ക്കു നിർണായക പങ്കുണ്ട്.

കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പന കൈവരിക്കാൻ റെനോയ്ക്കു കഴിഞ്ഞു. ഇക്കൊല്ലവും ഈ മുന്നേറ്റം നിലനിർത്താനാവും കമ്പനി ശ്രമിക്കുകയെന്നും സാഹ്നി വ്യക്തമാക്കി. വാഹന നിർമാതാക്കളുടെ സൊസൈറ്റിയായ ‘സയാ’മിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ഏപ്രിൽ — നവംബർ കാലത്ത് 91,702 കാറുകളാണു റെനോ ഇന്ത്യയിൽ വിറ്റത്; 2015ൽ ഇതേ കാലത്തെ അപേക്ഷിച്ച് 185.22% അധികമാണിത്. ഇന്ത്യയിലെ വിപണന ശൃംഖല വിപുലീകരണത്തിലും റെനോ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. 2016 തുടക്കത്തിൽ 205 വിപണന കേന്ദ്രങ്ങളുണ്ടായിരുന്നത് വർഷാവസാനത്തോടെ 270 ആയി ഉയർത്താൻ കമ്പനിക്കു കഴിഞ്ഞു.