ടിയാഗോയുടെ ചിറകിലേറി നാലാമതായി ടാറ്റ

ടാറ്റ മോട്ടോഴ്സ് അടുത്തിടെ പുറത്തിറക്കിയ ചെറു ഹാച്ച് ടിയാഗോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടിയാഗോയുടെ ചിറകിലേറി വിൽപ്പനയുടെ കാര്യത്തിൽ ടാറ്റാ മോട്ടോഴ്സ് നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയെ പിന്തള്ളിയാണ് ടാറ്റ നാലാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ മാസത്തെക്കാൾ 28.2 ശതമാനം അധിക വളർച്ചനേടിയ ടാറ്റക്ക് 5.8 ശതമാനം വിപണി വിഹിതമാണുള്ളത്.

ഒരുകാലത്ത് ഇന്ത്യൻ വിപണിയിലെ മൂന്നാമനായിരുന്ന ടാറ്റ വിൽപ്പനയിൽ ഏറെ പിന്നോട്ടു പോയിരുന്നു. 2012-2015 ലെ വാഹനവിപണിയിലെ മാന്ദ്യത്തിൽ നിന്ന് കരകേറാനാകാതെ നിന്ന ടാറ്റയ്ക്ക് പുതു ജീവനാണ് ടിയാഗോ നൽകിയത്. പുറത്തിറങ്ങിയ നാൾ‌ മുതൽ മികച്ച പ്രതികരണം ലഭിച്ച ടിയാഗോയുടെ 4557 യൂണിറ്റുകളാണ് സെപ്റ്റംബറിൽ മാത്രം ഇന്ത്യൻ നിരത്തിലെത്തിയത്.

പതിവുപോലെ മാരുതി സുസുക്കി തന്നെയാണ് ഇന്ത്യൻ വിപണിയിലെ ഒന്നാമൻ. 44.1 ശതമാനമാണ് മാരുതി സുസുക്കിയുടെ വിപണി വിഹിതം. 17.8 ശതമാനം വിഹിതവുമായി ഹ്യുണ്ടേയ് രണ്ടാം സ്ഥാനത്തും 8.5 ശതമാനം വിഹിതവുമായി മഹീന്ദ്ര മൂന്നാം സ്ഥാനത്തുമുണ്ട്. 5.5 ശതമാനം വിപണി വിഹിതവുമായി ഹോണ്ടയാണ് അഞ്ചാം സ്ഥാനത്ത്.