കെൺ മടങ്ങുന്നു; മെഴ്സീഡിസ് ബെൻസ് ഇന്ത്യയെ നയിക്കാൻ ഫോൾജർ

Roland Folger

ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസിന്റെ ഇന്ത്യൻ ഉപസ്ഥാപനത്തെ നയിക്കാൻ റോളണ്ട് എസ് ഫോൾജർ എത്തുന്നു. മെഴ്സീഡിസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഇബെർഹാദ് കെൺ യൂറോപ്പിലേക്കു പോകുന്ന ഒഴിവിലാണു ഫോൾജറുടെ വരവ്. മൂന്നു പതിറ്റാണ്ടിലേറെയായി മെഴ്സീഡിസ് ബെൻസിനൊപ്പമുള്ള ഫോൾജർ ഒക്ടോബർ ഒന്നിനാണ് ഇന്ത്യയിലെത്തി പുതിയ ചുമതല ഏറ്റെടുക്കുക.

ദക്ഷിണ പൂർവ ഏഷ്യൻ മേഖലയുടെ ചുമതലയോടെ മെഴ്സീഡിസ് ബെൻസ് പാസഞ്ചർ കാഴ്സ് ആൻഡ് കൊമേഴ്സ്യൽ വെഹിക്കിൾസിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഫോൾജർ പിന്നീട് അലബാമ ടസലൂസ കൗണ്ടിയിൽ മെഴ്സീഡിസ് ബെൻസ് യു എസ് ഇന്റർനാഷനൽ ഇൻകോർപറേറ്റഡി(എം ബി യു എസ് ഐ)ന്റെ വൈസ് പ്രസിഡന്റ്(സെയിൽസ്, മാർക്കറ്റിങ് ആൻഡ് ആഫ്റ്റർ സെയിൽസ്) ആയി. അതുവഴി യു എസ് എയിൽ ആദ്യ ‘എം ക്ലാസ്’ അവതരിപ്പിച്ച സംഘത്തിലും ഫോൾജർ ഇടംനേടി. 2006ൽ പ്രോഡക്ട് മാനേജ്മെന്റ് മേധാവിയായി മെഴ്സീഡിസ് ബെൻസ് വാൻസ് വിഭാഗത്തിലെത്തിയ ഫോൾജർ 2008 സെപ്റ്റംബറോടെ വാനുകളുടെ ആഗോള വിൽപ്പനയുടെ ചുമതലക്കാരനായി. 2011 മാർച്ച് ഒന്നു മുതൽ മെഴ്സീഡിസ് ബെൻസ് മലേഷ്യ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമാണ് അദ്ദേഹം. ആ സ്ഥാനത്തു നിന്നാണ് ഫോൾജർ ഒക്ടോബർ മുതൽ ഇന്ത്യയിൽ മെഴ്സീഡിസ് ബെൻസിന്റെ അമരക്കാരനാവുന്നത്.

തകർപ്പൻ പ്രകടനം പുറത്തെടുത്ത സംതൃപ്തിയോടെയാണ് ഇബെർഹാദ് കെൺ ഇന്ത്യയോടു വിട പറയുന്നത്. മോഡൽ ശ്രേണി വിപുലീകരിച്ചും വിപണന ശൃംഖല വ്യാപിപ്പിച്ചും ഉൽപ്പാദനശേഷി വർധിപ്പിച്ചുമൊക്കെ കെൺ മെഴ്സീഡിസ് ബെൻസ് ഇന്ത്യയുടെ മൊത്തത്തിലുള്ള മുന്നേറ്റം ഉറപ്പാക്കി. കഴിഞ്ഞ വർഷം മെഴ്സീഡിസ് ബെൻസ് ഇന്ത്യയുടെ കാർ വിൽപ്പന 10,000 യൂണിറ്റിലെത്തിച്ചും കെൺ ചരിത്രം രചിച്ചു.

ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യയിലെ ആഡംബര കാർ വിൽപ്പനയിൽ മെഴ്സീഡിസ് ബെൻസ് മുന്നിട്ടു നിൽക്കുന്ന വേളയിലാണു കെൺ മടങ്ങുന്നത്. വിൽപ്പനക്കണക്കുകൾക്കപ്പുറം ഉപയോക്താക്കളുടെ സംതൃപ്തി സൂചിക(സി എസ് ഐ)യിലും ആഡംബര കാർ വിപണിയിലെ ബ്രാൻഡ് വിഹിതത്തിലുമൊക്കെ മെഴ്സീഡിസ് ബെൻസിനെ മുന്നിലെത്തിച്ചു മടങ്ങുന്നതിന്റെ ചാരിതാർഥ്യവും അദ്ദേഹത്തിനു സ്വന്തം.