തരംഗമാകാൻ റോൾസ് റോയ്സ് ഡോൺ

സൂപ്പർ ആഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ‘ഡോൺ’ ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ അവതരിപ്പിച്ചു. ഒാപ്പൺ ടോപ്പ് മോഡലായ ഇൗ കാർ പുതുമയേറിയ പേരു കൊണ്ടും ലുക്ക് കൊണ്ടും വ്യത്യസ്തമാവുന്നു.

ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും മികച്ച റോൾസ് റോയ്സ് എന്നാണ് ഡോൺ അവതരിപ്പിച്ചു കൊണ്ട് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ടോർസ്റ്റൻ മുള്ളർ പറഞ്ഞത്. കഴിഞ്ഞ 5 കൊല്ലങ്ങളായി റോൾസ് റോയ്സ് വിൽപന റെക്കോർഡ് നിലവാരത്തിലാണെന്നും ഡോൺ ഒാപ്പൺ ടോപ്പ് മോഡൽ ഒരു പുതിയ തലമുറയുടെ ആരംഭമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാറിന്റെ വില പക്ഷേ അണിയറക്കാർ വെളിപ്പെടുത്തിയിട്ടില്ല.

1949-ൽ റോൾസ് റോയ്സ് ഉപയോഗിച്ചിരുന്ന പേരാണ് ഡോൺ. ഇതേ പേരിൽ 28 മോഡലുകൾ വിറ്റിട്ടുമുണ്ട്. ഡോൺ 2016-ൽ ഇന്ത്യയിൽ എത്തും. ഇപ്പോൾ ഇന്ത്യയിൽ റോൾസ് റോയ്സ് 4.5 കോടി വില മതിക്കുന്ന ഗോസ്റ്റ് സീരീസ് 2, 4.6 കോടി വില മതിക്കുന്ന വ്രാത്ത്, 8 കോടിയുടെ ഫാന്റം എന്നിവയാണ് വിൽക്കുന്നത്.

ശതകോടീശ്വരന്മാരെ ലക്ഷ്യമിട്ടു കൊണ്ടാണ് റോൾസ് റോയ്സ് തങ്ങളുടെ വിവധ മോഡലുകൾ വിൽപനയ്ക്കെത്തിക്കുന്നത്. ജർമനിയിലെ ബിഎംഡബ്ല്യു ഉടമസ്ഥതയിലുള്ള ഇൗ ബ്രിട്ടീഷ് ബ്രാൻഡ് 4.5 കോടിയുടെ മുതൽ 9 കോടി വരെ വില മതിക്കുന്ന സൂപ്പർ ആഡംബര കാറുകൾ വിൽക്കുന്നുണ്ട്.