ചരിത്രമായി, റോൾസ് റോയ്സ് കാർ തിരിച്ചു വിളി

വാഹന ലോകത്തിപ്പോൾ തിരിച്ചു വിളികളുടെ കാലമാണ്. ലോകത്തിലെ ഒന്നാം നമ്പർ കാർ നിർമ്മാതാവ് കാണിച്ച തട്ടിപ്പിന്റെ ഫലമായി ലക്ഷക്കണക്കിന് കാറുകളാണ് ഇപ്പോൾ വാഹന ലോകത്ത് തിരിച്ചു വിളിക്കപ്പെടുന്നത്. ഫോക്സ്‌വാഗനും ഔഡിയും സ്കോ‍ഡയുമെല്ലാം പുകമറയുടെ പേരിലാണ് തിരിച്ചുവിളി നടത്തുന്നതെങ്കിൽ ജാപ്പനീസ് നിർമ്മാതാക്കളായ ഹോണ്ടയും ടൊയോട്ടയുമെല്ലാം കാറുകൾ തിരിച്ചുവിളിക്കുന്നത് തകാത്ത നിർമ്മിച്ച എയർബാഗുകളുടെ തകരാറിന്റെ പേരിലാണ്.

കാറുകൾ തിരിച്ചുവിളിക്കുന്ന കമ്പനികളുടെ ഗണത്തിലേയ്ക്ക് ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാതാക്കളായ റോൾസ് റോയ്സും തങ്ങളുടെ പേർ കൂട്ടിചേർത്തിരിക്കുന്നു. എന്നാൽ തിരിച്ചുവിളിയുടെ കാര്യത്തിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് റോൾസ് റോയ്സ്, ഏറ്റവുമധികം കാർ തിരിച്ചുവിളിച്ചുകൊണ്ടല്ല, മറിച്ച് ഏറ്റവും കുറവ് കാർ തിരിച്ചുവിളിച്ചുകൊണ്ടാണ് റോള്‍സ് റോയ്സ് റെക്കോർഡിട്ടത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു റോൾസ് റോയ്സ് ഗോസ്റ്റാണ് തിരിച്ചുവിളിക്കപ്പെട്ട കാർ.

2014 ജനുവരി 23 ന് നിർമ്മിച്ച ഗോസ്റ്റിന്റെ എയർബാഗിന്റെ തകരാറുമൂലമാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. 2009 ൽ പുറത്തിറങ്ങിയ ഗോസ്റ്റിന്റെ 4000 യൂണിറ്റുകൾ കഴിഞ്ഞ വർഷം മാത്രം ലോകത്താകമാനം വിറ്റുപോയിട്ടുണ്ട്. ആദ്യമായാണ് ഗോസ്റ്റ് ഇത്തരത്തിൽ തിരിച്ചുവിളിക്കപ്പെടുന്നത്.