ടൊയോട്ട വിട്ട് ഇന്ത്യയിലേക്കു മടങ്ങാൻ സന്ദീപ് സിങ്

കഴിഞ്ഞ വർഷം വരെ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ടയുടെ ഇന്ത്യൻ സംരംഭമായ ടൊയോട്ട കിർലോസ്കർ മോട്ടോറി(ടി കെ എം)ന്റെ നേതൃനിരയിലെ രണ്ടാമനായിരുന്ന സന്ദീപ് സിങ് കമ്പനി വിടുന്നു. ടി കെ എം ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ സ്ഥാനം വിട്ടശേഷം ബാങ്കോക്കിൽ ടൊയോട്ടയുടെ ഏഷ്യ പസഫിക് ഓഫിസിൽ എൻജിനീയറിങ്, മാനുഫാക്ചറിങ് വിഭാഗങ്ങളുടെ ചുമതലയുള്ള എക്സിക്യൂട്ടീവ് മാനേജിങ് കോഓർഡിനേറ്ററായി പ്രവർത്തിക്കുകയായിരുന്നു സന്ദീപ് സിങ്. ടൊയോട്ടയോടു വിട പറഞ്ഞശേഷം ഇന്ത്യയിലെത്തി കൺസ്ട്രക്ഷൻ എക്വിപ്മെന്റ് നിർമാണ സ്ഥാപനത്തിൽ ചേരാനാണു സിങ്ങിന്റെ പദ്ധതിയെന്നാണു സൂചന; മുമ്പ് ജെ സി ബി ഇന്ത്യയിൽ പ്രവർത്തിച്ചു പരിചയമുള്ള സിങ് മിക്കവാറും ടാറ്റ ഹിറ്റാച്ചിലാണു ചേരുകയെന്ന അഭ്യൂഹവും ശക്തമാണ്.

ടൊയോട്ടയിൽ മികച്ച അവസരമാണു ലഭിച്ചതെന്നും ഇനി ഇന്ത്യയിൽ തിരിച്ചെത്തി ജോലി ചെയ്യാനാണു മോഹമെന്നും സന്ദീപ് സിങ് വെളിപ്പെടുത്തി. എന്നാൽ നാട്ടിൽ ഏതു കമ്പനിയിലാണു ചേരുകയെന്നോ എപ്പോഴാണു ജോലിയിൽ ചേരുകയെന്നോ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദീപ് സിങ് കമ്പനിയിൽ നിന്നു രാജിവച്ചതായി ടൊയോട്ടയും സ്ഥിരീകരിച്ചു. അതേസമയം സന്ദീപ് സിങ് കമ്പനിയിൽ ചേരുമെന്ന വാർത്തയോടു പ്രതികരിക്കാനില്ലെന്നു ടാറ്റ ഹിറ്റാച്ചി വക്താവ് വ്യക്തമാക്കി. ഇന്ത്യയിൽ ടൊയോട്ടയുടെ പ്രവർത്തനത്തിനു വിജയകരമായ തുടക്കമിട്ടതു സിങ്ങിന്റെ നേതൃപാടവമായിരുന്നു; ഇന്തൊനീഷൻ വിപണി വാണിരുന്ന വിവിധോദ്ദേശ്യവാഹന(എം പി വി)മായ ‘കിജാങ്ങി’ന്റെ മൂന്നാം തലമുറയെ ‘ക്വാളിസ്’ എന്ന പേരിൽ വിൽപ്പനയ്ക്കെത്തിച്ചായിരുന്നു ഇന്ത്യയിൽ ടി കെ എമ്മിന്റെ തുടക്കം. ‘ക്വാളിസ്’ പിന്നീട് ‘ഇന്നോവ’യ്ക്കു വഴി മാറിയപ്പോഴും പുതു മോഡലുകളായ ‘എത്തിയോസും’ ‘ലിവ’യും എത്തിയപ്പോഴുമെല്ലാം സിങ് നേതൃസ്ഥാനത്തു തുടർന്നു. വിദേശത്തു നിന്നെത്തിയ എതിരാളികൾ പലരും ഇന്ത്യയിൽ ചുവടുറപ്പിക്കാൻ പാടുപെട്ടപ്പോൾ ടി കെ എമ്മിന് അഞ്ചു ശതമാനത്തിലേറെ വിപണി വിഹിതം നേടിക്കൊടുക്കുന്നതിലും സന്ദീപ് സിങ് വിജയിച്ചു.

ഇതു മൂന്നാം പ്രാവശ്യമാണ് സന്ദീപ് സിങ് ടൊയോട്ടയ്ക്കൊപ്പം പ്രവർത്തിക്കുന്നത്. 1984 — 1994 കാലത്ത് ഡി സി എം ഗ്രൂപ്പുമായി സഹകരിച്ചു ടൊയോട്ട ലഘുവാണിജ്യ വാഹന(എൽ സി വി)മായ ‘ഡി സി എം ടൊയോട്ട ഡൈന’ പുറത്തിറക്കിയപ്പോഴും 1998 — 2003 കാലത്ത് കിർലോസ്കർ ഗ്രൂപ്പിനൊപ്പം ടൊയോട്ട എം പി വിയും കാറും പുറത്തിറക്കുമ്പോഴും സിങ് രംഗത്തുണ്ടായിരുന്നു. തുടർന്ന് ടി കെ എം നേതൃനിരയിൽ 2008 മുതൽ 2015 വരെയും സിങ് പ്രവർത്തിച്ചു.

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ട്രാക്ടർ വിഭാഗത്തിലായിരുന്നു സന്ദീപ് സിങ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്; തുടർന്ന് എം ആൻഡ് എമ്മിന്റെ ഓട്ടമോട്ടീവ് ഡിവിഷനിലേക്കു മാറി. 2003 മുതൽ 2008 വരെ അദ്ദേഹം ജെ സി ബി ഇന്ത്യയിൽ വിൽപ്പന, വിപണന, ഉപഭോക്തൃ സേവന വിഭാഗങ്ങളുടെ ചുമതലക്കാരനായ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു.