ഈ നാനോയ്ക്ക് ഡ്രൈവർ വേണ്ട

കുറച്ചു വർഷങ്ങൾക്ക് മുമ്പുള്ളൊരു രാത്രി, ജോലി സംബന്ധമായ യാത്ര കഴിഞ്ഞ് ബാംഗ്ലൂർ എയർപോർട്ടിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു റോഷി ജോൺ. പെട്ടെന്നാണ് റോഷി വാഹനത്തിന്റെ ഡ്രൈവറെ ശ്രദ്ധിക്കുന്നത്, പാതി ഉറക്കത്തിലാണ് അയാൾ, ഇടക്കിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും ചെയ്യുന്നുണ്ട്. അധിക വരുമാനത്തിനായി ടാക്സി ഡ്രൈവർമാർ ചെയ്യുന്ന അധിക ജോലികൾ പലപ്പോഴും അപകടത്തിലാണ് കലാശിക്കാറ്. ഏതായാലും റോഷി സ്വയം ഡ്രൈവ് ചെയ്തു വീട്ടിൽ എത്തി. അന്നു മുതൽ ചിന്തിച്ചു തുടങ്ങുന്നതാണ് എന്തുകൊണ്ട് സ്വയം ഓടിക്കുന്ന കാർ വികസിപ്പിച്ചുകൂടാ.

റോബോട്ടിക്സിൽ പിഎച്ച്‍ഡിയും നിരവധി അന്താരാഷ്ട്ര പേന്റന്റുകളും സ്വന്തമായുള്ള റോഷി അത്തരത്തിലൊരു വാഹനം എന്ന സാഹസത്തിന് മുതിർന്നു. അഞ്ചു വർ‌ഷത്തിന് ശേഷം ഇന്ത്യക്കാരുടെ സ്വന്തം ചെറുവാഹനം നാനോയിൽ വിജയകരമായി അത് പരീക്ഷിച്ചിരിക്കുന്നു. ഗൂഗിൾ, ബോഷ് പോലുള്ള വൻകിട കമ്പനികളെല്ലാം തങ്ങളുടെ സെൽഫ് ഡ്രൈവിങ് കാറുകൾ വികസിപ്പിക്കാൻ നിരന്തരം പരീക്ഷണയോട്ടം നടത്തുമ്പോൾ ബാംഗ്ലൂരിൽ അതും ഒരു മലയാളി സെൽഫ് ഡ്രൈവിങ് നാനോയുമായി നിർമിച്ചിരിക്കുന്നു എന്നത് മലയാളികൾക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്.

എന്തുകൊണ്ട് ടാറ്റ നാനോ

2010 ലാണ് റോഷിയും സഹപ്രവർത്തകരും ഈ പ്രൊജക്റ്റിന് ആരംഭം കുറിക്കുന്നത്. തുടക്കത്തിൽ ഏതു വാഹനം എന്നൊരു കൺഫ്യൂഷനുണ്ടായിരുന്നു. പിന്നിൽ എൻജിനുള്ള വാഹനമാണെങ്കില്‍ ഓൺബോർഡ് ഡയഗണോസിസ് ബോർഡും, ക്ലസ്റ്റർ കംപ്യൂട്ടറുകളുമെല്ലാം ഏളുപ്പം ഘടിപ്പിക്കാം. അങ്ങനെയാണ് നാനോയിൽ എത്തിയത്. പിന്നീട് കൂടുതൽ പരീക്ഷണങ്ങൾ നടത്തിയപ്പോൾ നാനോ ഞങ്ങളുടെ പ്രൊജക്ടിന് പൂർണ്ണമായും യോജിക്കും എന്നു മനസിലായി.

വാഹനം വാങ്ങുന്നതിന് മുമ്പ് നാനോയുടേയും റോഡുകളുടേയും ഡിജിറ്റൽ റെപ്ലിക്ക ആദ്യമുണ്ടാക്കി പരീക്ഷണങ്ങൾ നടത്തിയതിന് ശേഷം 2011 അവസാനത്തിലാണ് നാനോ വാങ്ങുന്നത്. അന്ന് നാനോയിൽ എഎംടി ഇല്ലായിരുന്നു. പരീക്ഷണയോട്ടത്തിനായി ആദ്യം എഎംടി നിർമിച്ചു. പിന്നീട് സെൻസറുകളും പെഡൽ റോബോട്ടുകളുമെല്ലാം ഉറപ്പിച്ച് പരീക്ഷണയോട്ടം തുടങ്ങി. ആളൊഴിഞ്ഞ റോഡുകളിലായിരുന്ന ആദ്യ പരീക്ഷണം പിന്നീട് പൊതു റോഡുകളിലും നോക്കി.

ഏതു വാഹനത്തിലും ഈ ഡിവൈസുകളെ ഘടിപ്പിക്കാനാകുമെന്നാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു മണിക്കൂറിനുള്ളിൽ വാഹനത്തിൽ ഘടിപ്പിക്കാനാവും എന്നു റോഷി പറയുന്നു. നാനോയിലെ പരീക്ഷണം കഴിഞ്ഞ് ഇനി മഹീന്ദ്രയുടെ കൊംപാക്റ്റ് എസ് യു വി, ടിയുവി 300ലേക്കും പരീക്ഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണീ സംഘം.

സെൽഫ് ഡ്രൈവിങ് കാറുകളുടെ വില കുറയ്ക്കുക

സെൽഫ് ഡ്രൈവിങ് കാറുകൾ നിർമിക്കുന്നത് വളരെ അധികം പണച്ചിലവുള്ള കാര്യമാണ്. സെൻസറുകൾക്കും ക്യാമറകൾക്കുമെല്ലാമായി ലക്ഷങ്ങൾ വില വരും. കുറഞ്ഞ ചിലവിൽ ഇവയെല്ലാം എങ്ങനെ നിർമിക്കാനാവും എന്നും, സ്വയം ഓടുന്ന വാഹനങ്ങൾ നിർമിക്കുന്നതിൽ ഉപരി ഇവയുടെ ഘടകങ്ങൾ ചിലവുകുറഞ്ഞ രീതിയിൽ നിർമിച്ച് കൂടുതൽ ജനകീയമാക്കാൻ ശ്രമിക്കുകയാണ് എന്നും റോഷി പറയുന്നു.