സെമി ഹൈ–സ്പീഡ് ട്രെയിൻ ഓടിക്കാൻ റെയിൽവേ

അതിവേഗ ബുള്ളറ്റ് ട്രെയിൻ എന്ന സ്വപ്നം യാഥാർത്ഥ്യമാകണമെങ്കിൽ 2024 വരെ കാത്തിരിക്കണമെങ്കിലും അതുവരെ കാക്കാതെ സെമി ഹൈസ്പീഡ് ട്രെയിനുകൾ ഓടിക്കാനുള്ള ശ്രമത്തിലാണു ഇന്ത്യൻ റെയിൽവേ. ബുള്ളറ്റ് ട്രെയിനുകൾക്കു വേണ്ട ഭീമമായ ചെലവ് സെമിഹൈസ്പീഡ് ട്രെയിനുകൾക്കു വേണ്ടെന്നതാണ് ആകർഷണീയ ഘടകം സ്പാനിഷ് നിർമിത സെമി ഹൈസ്പീഡ് ട്രെയിനായ ടാൽഗോ ട്രെയിനുകളുടെ രണ്ടാം ഘട്ട പരീക്ഷണവും വിജയിച്ചതോടെ ഈ ദിശയിൽ ശ്രദ്ധേയമായ കാൽവയ്പാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. നിലവിലുള്ള പാളങ്ങളിൽ വളവുകൾ ഏറെയാണെന്നതാണു അതിവേഗ ട്രെയിനുകൾ ഓടിക്കാനുള്ള പ്രധാന തടസം.

എന്നാൽ ടാൽഗോയുടെ ആധുനിക സാങ്കേതിക വിദ്യ ഇന്ത്യയെ ഈ പ്രശ്നത്തിൽ കരകയറ്റുമെന്നാണു സൂചന. പാളങ്ങളോ സിഗ്്‌നലുകളോ മാറ്റാതെ തന്നെ വളവുകളിലും വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ടിൽറ്റിങ് ടെക്നോളജിയുള്ള കോച്ചുകളാണു കമ്പനി നിർമിക്കുന്നത്. മഥുര-പൽവേൽ റൂട്ടിൽ കഴിഞ്ഞ ദിവസം നടന്ന രണ്ടാം ഘട്ട പരീക്ഷണയോട്ടത്തിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിലാണു ട്രെയിനോടിയത്. സ്പെയിനിൽനിന്ന് ഇറക്കുമതി ചെയ്ത ഒൻപത് കോച്ചുകളുപയോഗിച്ചാണു പരീക്ഷണ ഓട്ടം നടത്തിയത്. 12.40ന് മഥുരയിൽ നിന്നു പുറപ്പെട്ട ട്രെയിൻ 1.33ന് പൽവേലിൽ എത്തി. 84 കിലോമീറ്റർ സഞ്ചരിക്കാൻ 53 മിനിട്ടാണ് എടുത്തത്. 25 ദിവസം കൂടി പരീക്ഷണം ഓട്ടം തുടരും. മണൽ ചാക്കുകൾ നിറച്ചു ഭാരം വഹിച്ചുള്ള പരീക്ഷണ ഓട്ടവും വൈകാതെ നടക്കും. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ വരെ ട്രെയിനോടിക്കും.

കഴിഞ്ഞ മാസം നടന്ന ആദ്യ പരീക്ഷണ ഓട്ടത്തിൽ മണിക്കൂറിൽ 115 കിലോമീറ്ററായിരുന്നു ട്രെയിന്റെ വേഗം. 4500 എച്ച്പി ശേഷിയുള്ള ഡീസൽ എൻജിനാണു പരീക്ഷണ ഓട്ടത്തിനുപയോഗിക്കുന്നത്. സ്പാനിഷ് കമ്പനി അധികൃതരെ കൂടാതെ റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) അധികൃതരും ട്രെയിനിലുണ്ടായിരുന്നു. അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുൻപായി അവസാനവട്ട പരീക്ഷണ ഓട്ടം മണിക്കൂറിൽ 150 കിമീ വേഗത്തിൽ മുംബൈ-ഡൽഹി റൂട്ടിൽ നടക്കും. നിലവിൽ, 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഗതിമാൻ എക്സ്പ്രസാണ് രാജ്യത്തെ വേഗം കൂടിയ ട്രെയിൻ. പരീക്ഷണം വിജയിക്കുകയാണെങ്കിൽ ഡൽഹി-മുംബൈ റൂട്ടിൽ തന്നെയായിരിക്കും ടാൽഗോ ആദ്യം ഓടിതുടങ്ങുക.

ഈ റൂട്ടിലോടുന്ന രാജധാനി ട്രെയിൻ മണിക്കൂറിൽ 85 കിലോമീറ്റർ സ്പീഡിലാണു സഞ്ചരിക്കുന്നതെങ്കിൽ ടാൽഗോ 125 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കും. രാജധാനി 1384 കിലോമീറ്റർ ഓടാൻ 17 മണിക്കൂർ എടുക്കുന്ന സ്ഥാനത്ത് 12 മണിക്കൂർ കൊണ്ടു ടാൽഗോ ട്രെയിൻ എത്തും. എട്ടു റൂട്ടുകളിൽ സെമി ഹൈസ്പീഡ് സർവീസ് ആരംഭിക്കാനാണു റെയിൽവേ ആലോചന. കടമ്പകൾ ഏറെയുണ്ടെങ്കിലും നടപ്പായാൽ അത് വലിയ നേട്ടം തന്നെയാകും. സൂപ്പർ ഫാസ്റ്റ് ട്രെയിനുകളുടെ ശരാശരി വേഗത മണിക്കൂറിൽ 55 കിലോമീറ്ററാണെന്നിരിക്കെ 100നു മുകളിൽ ഓടിയാൽത്തന്നെ ഇന്ത്യൻ യാത്രക്കാർക്കു അത് വലിയ സംഭവം തന്നെയാണ്.