മല്യയുടെ ആഡംബര വിമാനം വിൽപ്പനയ്ക്ക്

മല്യയുടെ എയർബസ് എസിജെ 319

കിങ്ഫിഷർ മുൻ മേധാവി വിജയ് മല്യയുടെ 535 കോടി രൂപയുടെ കുടിശിക തിരിച്ചുപിടിക്കാൻ മല്യയുടെ സ്വകാര്യ ആഡംബര ജെറ്റ് സേവനനികുതി വിഭാഗം വീണ്ടും ലേലം ചെയ്യും. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണു നടപടി. ജെറ്റിനു നേരത്തേ 152 കോടി രൂപ കരുതൽ വില നിശ്ചയിച്ചിരുന്നെങ്കിലും വാങ്ങാൻ ആരും എത്താത്തതിനാൽ വിലകുറയ്ക്കാൻ കോടതി നിർദേശിച്ചിരുന്നു. മൂന്നാം തവണയാണു മല്യയുടെ ആഡംബര ജെറ്റ് ലേലത്തിനു വയ്ക്കുന്നത്. ജെറ്റ് വാങ്ങാൻ താൽപര്യമുള്ളവരെ കണ്ടെത്താൻ രാജ്യാന്തരതലത്തിൽ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഓഗസ്റ്റിൽ നടന്ന ലേലത്തിൽ 27 കോടി രൂപവരെയെ വിളിവന്നുള്ളൂ. ജൂണിലെ ആദ്യലേലത്തിൽ പരമാവധി വിളിച്ച വില 1.09 കോടി രൂപ. യുഎഇയിൽനിന്നുള്ള വ്യവസായിയാണ് ഈ വിലയിട്ടത്.

മല്യയുടെ എയർബസ് എസിജെ 319

നേരത്തെ സർവീസ് ടാക്സ് ഡിപ്പാർട്ടുമെന്റ് ജപ്തി ചെയ്ത മല്യയുടെ എയർബസ് എസിജെ 319 (വിജെഎം 319) എന്ന വിമാനമാണ് നവംബർ 28 നും 29 നും ലേലത്തിൽ വെയ്ക്കുന്നത്. ഏകദേശം 130 മുതൽ 140 വരെ പേർ‌ക്ക് സഞ്ചരിക്കാവുന്ന എയർബസ് എ 319 ന്റെ ലക്ഷ്വറി പതിപ്പാണ് എസിജെ 319. 25 യാത്രക്കാർക്കും 6 വിമാന ജോലിക്കാർക്കും സഞ്ചരിക്കാൻ സാധിക്കുന്ന ജെറ്റിൽ അത്യാഡംബര സൗകര്യങ്ങളുണ്ട്.

2006 ൽ വിജയ് മല്യ ഏകദേശം 400 കോടിരൂപ മുടക്കിയാണ് ഈ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കുന്നത്. കോൺഫറൻസ് റൂം, ലിവിങ് റൂം, ബാത്ത് അറ്റാച്ച്ഡ് ബെഡ് റൂം തുടങ്ങിയ സൗകര്യങ്ങള്‍ ഈ ജെറ്റിലുണ്ട്. ഏകദേശം 10 കോടി രൂപയാണ് വിമാനത്തിന്റെ ചെലവുകൾക്കായി മല്യ ഓരോ വർഷവും മുടക്കിയിരുന്നത്. 2001 എപ്രിൽ മുതൽ 2012 സെപ്റ്റംബർ വരെ ഏകദേശം 812 കോടിരൂപ സർവീസ് ടാക്സ് അടക്കാത്തതിനായായിരുന്നു മല്യയുടെ പ്രൈവറ്റ് ജെറ്റ് അടക്കമുള്ള വിമാനങ്ങൾ സർക്കാർ കണ്ടുകെട്ടിയത്. നിലവിൽ മുംബൈ രാജ്യാന്തര വിമാനത്താവളത്തിലുള്ള പ്രൈവറ്റ് ജെറ്റ് ലേലത്തിൽ വിൽക്കാൻ മുമ്പും ശ്രമിച്ചിരുന്നെങ്കിലും ആരും വാങ്ങാൻ എത്തിയിരുന്നില്ല.

മല്യയുടെ എയർബസ് എസിജെ 319

നേരത്തെ മല്യയുടെ 11 സീറ്റർ പ്രൈവറ്റ് ജെറ്റ് സർക്കാർ വിറ്റിരുന്നു. 9000 കോടി രൂപ ഇന്ത്യയിലെ വിവിധ ബാങ്കുകൾക്ക് തിരിച്ചടയ്ക്കാതെയാണ് വിജയ് മല്യ മുങ്ങിയത്. കിങ്ഫിഷർ എയർലൈൻസ് വരുത്തിവെച്ച നഷ്ടം മല്യയുടെ സമ്പാദ്യത്തെ കാര്യമായി ബാധിച്ചു. മല്യയുടെ വീടും കാറുകളും, കിങ്ഫിഷറിന്റെ വസ്തുവകകളും ലേലത്തിൽ സർക്കാർ കണ്ടുകെട്ടിയിരിക്കുകയാണ്.