എഫ് വൺ വേദി: സിംഗപ്പൂരിനു താൽപര്യമില്ലെന്ന് എക്ൽസ്റ്റൺ

Ecclestone

ഫോർമുല വൺ ഗ്രാൻപ്രി മത്സരവേദിയായി തുടരാൻ സിംഗപ്പൂരിനു താൽപര്യമില്ലെന്നു ഫോർമുല വൺ ചഫ് എക്സിക്യൂട്ടീവ് ഓഫിസർ ബെർണി എക്ൽസ്റ്റൺ. മത്സരരംഗത്തു നിന്നു പിൻമാറാൻ മലേഷ്യയുടെ ആലോചിക്കുന്ന സാഹചര്യത്തിൽ ദക്ഷിണ പൂർവ ഏഷ്യയിൽ എഫ് വണ്ണിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലാവുകയാണ്. സിംഗപ്പൂർ ഗ്രാൻപ്രിയുടെ പ്രേക്ഷകരുടെ എണ്ണത്തിൽ ഗണ്യമായ ഇടിവു നേരിടുന്നതായി കണക്കുകൾ വ്യക്തമാക്കിയ പിന്നാലെയാണു മത്സരത്തിന്റെ ഭാവി പോലും സുരക്ഷിതമല്ലെന്ന എക്ൽസ്റ്റന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ വർഷം സിംഗപ്പൂർ ഗ്രാൻപ്രി മത്സരദിനങ്ങളിൽ ശരാശരി 87,000 പ്രേക്ഷകർ എത്തിയ സ്ഥാനത്ത് ഇത്തവണ വന്നത് 73,000 ആരാധകർ മാത്രമായിരുന്നു. 2008ലെ ഉദ്ഘാടന ഗ്രാൻപ്രി കാണാനാവട്ടെ ഒരു ലക്ഷത്തിലേറെ പേർ നിത്യേന എത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

സിംഗപ്പൂരിനു പുറമെ മലേഷ്യയിലും എഫ് വൺ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന കുത്തനെ ഇടിഞ്ഞു. ഇക്കൊല്ലത്തെ ടിവി പ്രേക്ഷകരുടെ എണ്ണമാവട്ടെ മത്സരചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലവാരത്തിലുമായിരുന്നു. ഈ സാഹചര്യത്തിൽ നിലവിലുള്ള കരാർ 2018ൽ അവസാനിക്കുന്നതോടെ ഫോർമുല വൺ ഗ്രാൻപ്രിക്ക് താൽക്കാലിക അവധി നൽകുന്നതിനെക്കുറിച്ചാണു മലേഷ്യയിലെ അധികൃതരും സംഘാടകരും ആലോചിക്കുന്നത്. സിംഗപ്പൂരിനു കാര്യമായ സംഭാവനയാണ് എഫ് വൺ നൽകിയതെന്ന് എക്ൽസ്റ്റൺ അവകാശപ്പെടുന്നു. ഗ്രാൻപ്രി നടത്താനായി സിംഗപ്പൂർ മുതൽ മുടക്കി; എന്നാൽ മത്സരങ്ങളിലൂടെ ഫോർമുല വണ്ണും കാര്യമായ സംഭാവന നൽകിയെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

മുമ്പു ദീർഘദൂര വിമാനയാത്രകൾക്കുള്ള ഇടത്താവളമായിരുന്നു സിംഗപ്പൂർ. എന്നാൽ ആ നിലയിൽ നിന്ന് ഏറെ മുന്നേറിയതോടെ ഇനി ഗ്രാൻപ്രി ആവശ്യമില്ലെന്നാവാം അവർ കരുതുന്നതെന്ന് എക്ൽസ്റ്റൻ(86) തുറന്നടിക്കുന്നു. ജനപ്രീതിയിൽ ഏറെ മുന്നിലെങ്കിലും ഇക്കൊല്ലത്തെ സിംഗപ്പൂർ ഗ്രാൻപ്രി കാണാനും ബ്രിട്ടീഷ് പൗരനായ എക്ൽസ്റ്റൻ എത്തിയിരുന്നില്ല. അതേസമയം, നിലവിൽ പുരോഗതിയിലുള്ള ചർച്ചകളെപ്പറ്റി പ്രതികരിക്കാനില്ലെന്നായിരുന്നു സിംഗപ്പൂർ ഗ്രാൻപ്രി സംഘാടകരായ സിംഗപ്പൂർ ജിപിയുടെ വക്താവിന്റെ പ്രതികരണം. രാജ്യത്തെ ധനികരിൽ പ്രമുഖനായ ഓങ് ബെങ് സെങ്ങിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയാണു സിംഗപ്പൂർ ജിപി. എങ്കിലും ഗ്രാൻപ്രി നടത്തിപ്പിനുള്ള ചെലവിന്റെ 60% സിംഗപ്പൂർ സർക്കാരിന്റെ വിഹിതമാണ്. ഇപ്പോൾ നടക്കുന്ന ചർച്ചകൾ ഫലം ചെയ്തില്ലെങ്കിൽ അടുത്ത സീസണു ശേഷം ഫോർമുല വൺ സിംഗപ്പൂരിനോടു വിട പറയാനാണു സാധ്യത.