സ്കോഡയുടെ എസ് യു വി കോഡിയാക് ഇന്ത്യയിലേക്ക്

Skoda Kodiaq

ചെക്ക് റിപ്ലബ്ലിക്ക് വാഹന നിർമാതാക്കളായ സ്കോഡയുടെ പുതിയ എസ് യു വി കോഡിയാക് ഇന്ത്യയിലേക്ക്. ഈ വർഷം നടന്ന ജനീവ ഓട്ടോഷോയിൽ പ്രദർശിപ്പിച്ച വാഹനം അടുത്ത വർഷമായിരിക്കും ഇന്ത്യയിലെത്തിക്കുക. അലാസ്കയുടെ തെക്കൻ തീരത്തിനകലെയുള്ള ദ്വീപിൽ ജീവിക്കുന്ന കോഡിയാക് കരടിയിൽ നിന്നാണു സ്കോഡയുടെ വലിപ്പം കൂടിയ പുത്തൻ എസ് യു വിക്കുള്ള പേരു കണ്ടെത്തിയത്. ഈ ദ്വീപിലെ നിവാസികളായ അലുത്തിക്കുകളുടെ ഭാഷയിൽ നിന്നാണു കോഡിയാക് എന്ന പേരിന്റെ വരവ്.

Skoda Kodiaq

അലുത്തിക് ഭാഷയോടുള്ള ആദരസൂചകമായാണ് പുതിയ എസ് യു വിക്ക് ‘കോഡിയാക്’ എന്ന പേരു സ്വീകരിക്കുന്നതെന്നാണു സ്കോഡ ഓട്ടോയുടെ പക്ഷം. ഏഴു പേർക്കു യാത്ര ചെയ്യാവുന്ന എസ് യു വിക്ക് 4.70 മീറ്ററാണു നീളം. അടുത്ത വർഷം മാർച്ചിൽ യൂറോപ്പിൽ പുറത്തിറങ്ങുന്ന വാഹനം സെപ്റ്റംബർ അവസാനത്തോടു കൂടി ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. സ്കോഡയുടെ ആദ്യത്തെ ഫുൾ സൈസ് എസ് യു വിയായ കോഡിയാക് തന്നെയായിരിക്കും കമ്പനിയുടെ ആദ്യത്തെ ഏഴ് സീറ്റ് വാഹനവും.

Skoda Kodiaq

ഫോക്സ്‌വാഗന്റെ എംക്യൂബി പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന എസ് യു വിയിൽ 2 ലിറ്റർ ശേഷിയുള്ള പെട്രോൾ ഡീസൽ എൻജിനുകളാകും ഉപയോഗിക്കുക. ഡീസൽ എൻജിന് 190 ബിഎച്ച്പി കരുത്തും പെട്രോൾ എൻജിന് 180 ബിഎച്ച്പി കരുത്തുമുണ്ടാകും. ഓഫ് റോഡ് ഓൺ റോഡുകൾക്ക് ഒരുപോലെ ഉതകുന്ന എസ് യു വിയിൽ അത്യാഡംബര സൗകര്യങ്ങളുമുണ്ടാകും എന്ന് കമ്പനി പറയുന്നു.