സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ ?

പൊതുവേ നമ്മൾ മലയാളികൾക്ക് സീറ്റ് ബെൽറ്റ് അലർജിയാണ്. പൊലീസിൽ നിന്ന് രക്ഷപ്പെടാൻ മാത്രമാണ് നമുക്ക് സീറ്റ് ബെൽറ്റ്. എന്നാൽ വാഹനത്തിലെ സുരക്ഷാ ഉപകരണങ്ങളിൽ പ്രധാനിയാണ് സീറ്റ് ബെൽറ്റ്. അവ ധരിച്ചില്ലെങ്കിൽ എത്ര സുരക്ഷാ ഉപകരങ്ങൾ ഉണ്ടായിട്ടും കാര്യമില്ല. വാഹനം അമിതവേഗതയിൽ കൂടി ആണെങ്കിലോ? അത്തരത്തിൽ സംഭവിച്ച അപകടത്തിന്റെ വിഡിയോയാണിപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. സ്മാർട്ട് ഫോർ യു എന്ന ചെറുകാറിൽ അമിതവേഗതയിൽ പായുമ്പോഴാണ് അപകടമുണ്ടായത്.

പുറകിലെ വാഹനത്തിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണിത്. വേഗതയിൽ വാഹനങ്ങളെ മറികടന്നു പോകുന്ന ചെറുകാറിന് നിയന്ത്രണം നഷ്ടമാകുകയും എതിരെ വന്ന വാഹനത്തിൽ ഇടിക്കുകയും ചെയ്തു. വാഹനം ഓടിച്ചിരുന്ന യുവതി സിറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് തെറിച്ചു വീണ യുവതിക്ക് ഗുരുതരമായ പരിക്കുകളേറ്റു. ഒരുപക്ഷെ സീറ്റ് ബെൽറ്റ് ധരിക്കുകയാണെങ്കിൽ ഇത്രപരിക്കുകൾ അവർക്ക് സംഭവിക്കില്ലായിരുന്നു.

ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണെങ്കിലും സീറ്റ് ബെൽറ്റ് ധരിച്ചു മാത്രം വാഹനമോടിക്കുക എന്ന സന്ദേശം വിഡിയോ പ്രചരിപ്പിക്കുന്നു. കഴിഞ്ഞ ജൂണിൽ യുട്യൂബിൽ അപ്​ലോഡ് ചെയ്ത വിഡിയോ ഇതുവരെ പത്തു ലക്ഷത്തിൽ അധികം ആളുകൾ കണ്ടുകഴിഞ്ഞു.