‘എയർ ബീസ്റ്റു’മായി സ്റ്റീൽബേഡ്; വില 1,999 രൂപ

Representative Image

ഹെൽമറ്റ് നിർമാതാക്കളായ സ്റ്റീൽബേഡ്, ‘എയർ സീരീസ്’ ശ്രേണിയിൽ പുതിയ മോഡൽ പുറത്തിറക്കി. ‘എയർ ബീസ്റ്റ്’ എന്നു പേരിട്ട ഹെൽമറ്റുകൾ രാജ്യവ്യാപകമായി വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്. ലോകോത്തര സുരക്ഷാ നിലവാരത്തോടെയാണു പുതിയ ‘എയർ ബീസ്റ്റി’ന്റെ വരവെന്നു സ്റ്റീൽബേഡ് ഗ്ലോബൽ ഗ്രൂപ് ഹെഡ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) ശൈലേന്ദ്ര ജയിൻ അറിയിച്ചു. യുവാക്കളെ ലക്ഷ്യമിടുന്നതിനാൽ പ്രീമിയം ഗുണമേന്മയ്ക്കൊപ്പം രാജ്യാന്തര നിലവാരമുള്ള കാഴ്ചപ്പകിട്ടും ഹെൽമറ്റുകൾക്കുണ്ട്. പുത്തൻ ഹെൽമറ്റുകൾ സ്റ്റൈൽസമൃദ്ധവും കോംപാക്ടും സുഖകരവും സുരക്ഷിതവുമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഹെൽമറ്റിന്റെ മേൽഭാഗത്തെ വെന്റിലേഷനായി എയർ ബൂസ്റ്റർ സംവിധാനമാണ് ‘എയർ ബീസ്റ്റ്’ പ്രയോജനപ്പെടുത്തുന്നത്. ചിൻ ഗാഡിലെ വെന്റിലേഷനു പുറമെ ഫ്രണ്ടൽ, ടോപ് ഏരിയകളിലും വായു കടത്തിവിടാൻ സംവിധാനമുണ്ട്; ഒപ്പം ഹെൽമറ്റിനുള്ളിൽ വായു സഞ്ചാരത്തിനായി രണ്ടു റിയർ എക്സ്ട്രാക്ടറുകളുമുണ്ട്. ഗന്ധമില്ലാത്ത മൗത്ത് ഗാഡാണു പുതിയ ഹെൽമറ്റിന്റെ മറ്റൊരു സവിശേഷത. പോളി കാർബണേറ്റ്, ആന്റി സ്ക്രാച് കോട്ടഡ് വൈസറും ക്വിക് റിലീസ് വൈസർ മെക്കാനിസം കിറ്റും സഹിതമാണ് ‘എയർ ബീസ്റ്റി’ന്റെ വരവ്. കറുപ്പ്, വെളുപ്പ് നിറങ്ങൾ അടിസ്ഥാനമാക്കി രണ്ടു വർണ സങ്കലനത്തിൽ ലഭ്യമാവുന്ന ‘എയർ ബീസ്റ്റി’ന് 1,999 രൂപയാണു വില. രാജ്യവ്യാപകമായി സ്റ്റീൽബേഡ് ഔട്ട്ലറ്റുകളിൽ ഹെൽമറ്റ് ലഭ്യമാവുമെന്നും കമ്പനി അറിയിച്ചു.