‘സ്റ്റൈൽ’ നിർമാണം അശോക് ലേയ്ലൻഡ് നിർത്തി

പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാനാവാതെ വന്നതിനാൽ വിവിധോദ്ദേശ്യ വാഹന(എം പി വി) വിഭാഗത്തിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേയ്ലൻഡ് ലിമിറ്റഡ്. നിസ്സാൻ മോട്ടോർ കമ്പനിയുമായുള്ള സംയുക്ത സംരംഭം വഴി അവതരിപ്പിച്ച എം പി വിയായ ‘സ്റ്റൈലി’ന്റെ ഉൽപ്പാദനം അവസാനിപ്പിച്ചതായും കമ്പനി മാനേജിങ് ഡയറക്ടർ വിനോദ് കെ ദാസരി അറിയിച്ചു.

‘സ്റ്റൈലി’നു പ്രതീക്ഷിച്ച വിൽപ്പന ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സ്ഥിതിഗതി മെച്ചപ്പെട്ടാൽ ഭാവിയിൽ ഈ വിഭാഗത്തിൽ അശോക് ലേയ്ലൻഡ് തിരിച്ചുവരുമെന്നും ദാസരി വെളിപ്പെടുത്തി. ‘സ്റ്റൈലി’നായി സ്ഥാപിച്ച സംയുക്ത സംരംഭത്തിൽ മുടക്കിയ 224 കോടി രൂപ എഴുതിത്തള്ളാനും അശോക് ലേയ്ലൻഡ് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇതുമൂലം അശോക് ലേയ്ലൻഡ് — നിസ്സാൻ സംയുക്ത സംരംഭത്തിന്റെ ഓഹരി ഘടനയിൽ മാറ്റമുണ്ടാവില്ല. ‘ദോസ്ത്’ പോലുള്ള ലഘുവാണിജ്യ വാഹന(എൽ സി വി)ങ്ങൾ ഈ സംയുക്ത സംരംഭം തുടർന്നും നിർമിച്ചു വിൽക്കും.

വരും മാസങ്ങളിൽ എൽ സി വി വിൽപ്പന മെച്ചപ്പെടുമെന്നും അശോക് ലേയ്ലൻഡ് വിപണി വിഹിതം വീണ്ടെടുക്കുമെന്നും ദാസരി പ്രതീക്ഷ പ്രകടിപ്പിച്ചു. അതിനിടെ ബസ് നിർമാണ വിഭാഗത്തിൽ ആഗോളതലത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനും അശോക് ലേയ്ലൻഡ് തീരുമാനിച്ചിട്ടുണ്ട്. ആഫ്രിക്കയിലും മധ്യ പൂർവ ദേശത്തും പുതിയ ബസ് അസംബ്ലി പ്ലാന്റുകൾ സ്ഥാപിക്കാനാണു കമ്പനിയുടെ നീക്കം; ഒപ്പം ഇന്ത്യയിലും പുതിയ ബസ് അസംബ്ലി പ്ലാന്റിനു പരിപാടിയുണ്ട്. ഇന്ത്യൻ നിർമിത കിറ്റുകൾ വിദേശ പ്ലാന്റിലെത്തിച്ച് അസംബ്ൾ ചെയ്യാനാണു കമ്പനിയുടെ ആലോചന.

ഓരോ അസംബ്ലിങ് പ്ലാന്റിനും 20 കോടി രൂപയുടെ ചെലവാണ് അശോക് ലേയ്ലൻഡ് പ്രതീക്ഷിക്കുന്നത്. ഇതടക്കം മൂലധന വിഭാഗത്തിൽ ഇക്കൊല്ലം 100 കോടി രൂപയുടെ ചെലവാണ് നടപ്പു സാമ്പത്തിക വർഷം അശോക് ലേയ്ലൻഡ് പ്രതീക്ഷിക്കുന്നത്.