തുർക്കി വെടിവെച്ചിട്ട സൂപ്പർ സോണിക് സുഖോയ് 24

ഐഎസിനെതിരായുള്ള ആക്രമണത്തിനിടെ തുർക്കിയുടെ വ്യോമയാന അതിർത്തി ലംഘിച്ചു എന്ന കാരണത്താൽ തുർക്കി വെടിവെച്ചിട്ടതോടെയാണ് സുഖോയ് 24 വീണ്ടും വാർത്തകളിൽ നിറയുന്നത്. ശീതയുദ്ധ കാലഘടത്തിൽ അമേരിക്കയുടെ എഫ്111 ന് എതിരായി അന്നത്തെ യുഎസ്എസ്ആർ വികസിപ്പിച്ച സൂപ്പർ സോണിക്ക് വിമാനം നിലവിൽ റഷ്യൻ എയർഫോഴ്സിന്റെ പ്രധാന യുദ്ധ വിമാനങ്ങളിലൊന്നാണ്. പ്രധാനമായും ആകാശത്തു നിന്ന് കരയിലേയ്ക്കുള്ള ആക്രമണത്തിനായാണ് സുഖോയ് 24 ഉപയോഗിക്കുന്നത്. ദീർഘദൂര മിസൈലുകൾ വിക്ഷേപിക്കാനാകുന്നു എന്നതിനു പുറമെ, ഏതു കാലാവസ്ഥയിലും ഉപയോഗിക്കാനാകുമെന്നത് ഈ യുദ്ധവിമാനത്തെ കൂടുതൽ മികവുറ്റതാക്കുന്നത്.

ജോമെട്രിക് ചിറകുകൾ, സൈഡ്-ബൈ-സൈഡ് കോക്പിറ്റ് എന്നിവയുമായെത്തുന്ന ഈ യുദ്ധവിമാനം മികവിന്റെ കാര്യത്തിൽ അമേരിക്കയുടെ എഫ്-111 യുദ്ധവിമാനങ്ങൾക്കൊപ്പം തന്നെ സ്ഥാനം പിടിക്കുന്നു. 1960 കളിലെ യുദ്ധവിമാനത്തിന്റെ മാതൃകയിലാണ് സുഖോയ് 24 രൂപകൽപന ചെയ്തിരിക്കുന്നത്. ആദ്യ രൂപകൽപന സുഖോയ്-7 നു സമാനമായിരുന്നു. രൂപകൽപന പിന്നീടു മാറ്റുകയായിരുന്നു. ഡെൽറ്റ റ്റി6 മോഡലിനു കൂടുതൽ അനുരൂപമായിരുന്നു പുതിയ മോഡൽ. അതേ സമയം ആറു മാസത്തിനു ശേഷം ഡെൽറ്റ റ്റി6 മോഡലിന്റെ രൂപകൽപനയും പരിഷ്കരിച്ചു.

കൂടുതൽ ഇന്ധനവും ആയുധങ്ങളും കടത്തുന്നതിനായി ഈ മോഡലിലെ ലിഫ്റ്റ് ജെറ്റ് ഒഴിവാക്കി. ഈ മോഡലിന് റ്റി-6-21ജി എന്നാണ് പേരിട്ടിരിക്കുന്നത്. വിജി സ്വിംഗ് വിങ് തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. ലാൻഡിങ്, ടേക്ക്-ഓഫ് കൂടുതൽ കാര്യക്ഷമമാകുന്നതിന് ഈ ഫീച്ചർ അങ്ങനെ സഹായകമായി. 1970 മെയ്–ലാണ് യുദ്ധവിമാനം ആദ്യ പറക്കൽ നടത്തിയത്. 1970 അവസാനം നിർമാണം തുടങ്ങിയ സുഖോയ്-24 1973 ലാണ് കമ്മിഷന്‍ ചെയ്തത്.

താഴ്ന്ന ഉപരിതലത്തിൽ ആക്രമണം നടത്തുന്ന യാക്ക് 28 എന്ന യുഎസ്എസ്ആർ യുദ്ധ വിമാനത്തിന് പകരക്കാരനായാണ് സുഖോയ് 24 എയർഫോഴ്സിൽ എത്തുന്നത്. ആംഗ്ലോ-ജർമൻ-ഇറ്റാലിയൻ ടൊർണാഡോ ബോംമ്പുകൾ ഇവയ്ക്ക് വഹിക്കാനാവും. ഫ്രീ-ഫോൾ ആണവ ബോംബുകളായ റ്റി എൻ - 1000, റ്റി എൻ - 1200 എന്നിവയാണ് പ്രധാനമായും ഇതിലുപയോഗിക്കുക. ഇതിനു പുറമെ ആകാശത്തു നിന്ന് ഭൂമിയിലേയ്ക്ക് തൊടുക്കാവുന്ന മിസൈലുകളും ആകാശത്ത് നിന്ന് ആകാശത്തേയ്ക്ക് തൊടുക്കാവുന്ന മൂന്നു കിലോമീറ്റർ വിക്ഷേപണ പരിതിയുള്ള മിസൈലുകളും സോഖോയ 24 ന് ഉപയോഗിക്കാനാവും. ചില പരമ്പരാഗത ബോംബുകള്‍, റോക്കറ്റുകൾ, മിസൈലുകൾ എന്നിവ വഹിക്കുവാനും ഈ യുദ്ധവിമാനത്തിന്. കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തുവാൻ ഈ മിസൈലുകൾക്കു കഴിയും. യുദ്ധത്തിനും ഇവ ഉപയോഗിക്കാനാകും.

സോവിയറ്റ് യുണിയൻ അഫ്ഗാനിസ്ഥാനെതിരെ നടത്തിയ അക്രമണത്തിൽ സുഖോയ് 24–നെ ഉപയോഗിച്ചിരുന്നു. കൂടാതെ ലബനീസ് സിവിൽ വാർ, ഓപ്പറേഷൻ ഡസേർ‌ട്ട് സ്റ്റോം തുടങ്ങിയ ആക്രമണങ്ങളിൽ സുഖോയ് 24 പങ്കാളിയായിട്ടുണ്ട്. നിലവിൽ റഷ്യൻ എയർഫോഴ്സ്, ഉക്രയിൻ എയർഫോഴ്സ്, കസാക്കിസ്ഥാൻ എയർഫോഴ്സ്, ഇറാൻ എയർഫോഴ്സ് തുടങ്ങിയവർ സുഖോയ് 24 ഉപയോഗിക്കുന്നുണ്ട്. രണ്ട് ടർബോ ജെറ്റ് എഞ്ചിനുകൾ ഉപയോഗിക്കുന്ന സഖോയ് 24 ജെറ്റിൽ പൈലറ്റിനും, വെപ്പൺ ഓപ്പറേറ്റർക്കും അടക്കം രണ്ടു പേർ‌ക്കാണ് സഞ്ചരിക്കാവുന്നത്. 22300 കിലോഗ്രാം ഭാരമുള്ള വിമാനത്തിന് 4000 കിലോഗ്രാം ഭാരം വരെ ആയുധങ്ങൾ വഹിക്കാനാവും. 22.53 മീറ്റർ നീളവും 6.19 മീറ്റർ പൊക്കവുമുണ്ട് സുഖോയ് 24ന്. മണിക്കൂറിൽ 1315 കിലോമീറ്റർ വരെ വേഗതയിൽ സമുദ്ര നിരപ്പിലും 1654 കിലോമീറ്റർ വേഗതിയിൽ ഹൈ ആൾട്ടിറ്റ്യൂഡിലും സഞ്ചരിക്കാനാവും. ഇതുവരെ ഏകദേശം 1400 സുഖോയ് 24 വിമാനങ്ങൾ നിർമ്മിച്ചിട്ടുണ്ട്.