ഇന്ത്യയിൽ 10 ലക്ഷം ഇരുചക്രവാഹനം വിൽക്കാൻ സുസുക്കി

Gixxer SF

നാലു വർഷത്തിനകം ഇന്ത്യയിലെ വാർഷിക വിൽപ്പന 10 ലക്ഷം യൂണിറ്റിലെത്തിക്കാൻ ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ സുസുക്കി മോട്ടോർ കോർപറേഷന്(എസ് എം സി) മോഹം. മുൻനിര മോഡലായ ‘അക്സസ് 125’ സ്കൂട്ടറിന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കിയ സുസുക്കി പ്രീമിയം സ്കൂട്ടർ, മോട്ടോർ സൈക്കിൾ വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആലോചിക്കുന്നത്. പുതിയ ‘അക്സസി’ന് 53,887 രൂപയാണു ഡൽഹിയിലെ ഷോറൂം വില.സുസുക്കിയുടെ ഇരുചക്രവാഹന വിൽപ്പനയെ സംബന്ധിച്ചിടത്തോളം പ്രധാന വിപണിയാണ് ഇന്ത്യയെന്ന് സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(എസ് എം ഐ പി എൽ) മാനേജിങ് ഡയറക്ടർ സ്ഥാനമൊഴിയുന്ന മസയോഷി അഭിപ്രായപ്പെട്ടു. 2020 ആകുമ്പോഴേക്ക് ഈ വിപണിയിൽ 10 ലക്ഷം യൂണിറ്റിന്റെ വിൽപ്പന കൈവരിക്കാനാവുമെന്നാണു പ്രതീക്ഷ.

Access 125

നടപ്പു സാമ്പത്തിക വർഷം 3.20 ലക്ഷം യൂണിറ്റിന്റെ വിൽപ്പനയാണു സുസുക്കി ഇന്ത്യയിൽ നിന്നു പ്രതീക്ഷിക്കുന്നത്; 2014 — 15ൽ വിറ്റ 3.45 ലക്ഷം യൂണിറ്റിനെ അപേക്ഷിച്ച് 7.2% കുറവാണിത്. പുതിയ ‘അക്സസി’ന്റെ വരവിനു മുന്നോടിയായി ഉൽപ്പാദനം പുനഃക്രമീകരിച്ചതാണ് ഈ ഇടിവ് സൃഷ്ടിച്ചതെന്നാണു കമ്പനിയുടെ വിശദീകരണം. വ്യാപക വിൽപ്പനയുള്ള മോട്ടോർ സൈക്കിൾ വിഭാഗത്തിലെ കനത്ത മത്സരം പരിഗണിച്ചാണു കമ്പനി പ്രീമിയം സ്കൂട്ടറുകളിലും ബൈക്കുകളിലും ശ്രദ്ധയൂന്നുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്കൂട്ടറുകളിൽ 125 സി സിയിലേറെ എൻജിൻ ശേഷിയുള്ള മോഡലുകളും ബൈക്കുകളിൽ 150 സി സിയിലേറെ എൻജിൻ ശേഷിയുള്ളവയും അവതരിപ്പിക്കാനാണ് പദ്ധതി. ആവശ്യക്കാരുള്ള പക്ഷം 200 — 250 സി സി എൻജിനുള്ള സ്കൂട്ടറുകൾ അവതരിപ്പിക്കുന്നതും പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Gixxer

നിലവിൽ ഗുഡ്ഗാവിൽ സുസുക്കിക്കുള്ള നിർമാണശാലയുടെ വാർഷിക ഉൽപ്പാദനശേഷി 5.4 ലക്ഷം യൂണിറ്റാണ്. ആവശ്യമെങ്കിൽ ഏഴു ലക്ഷം വരെ ഉയർത്താവുന്ന രീതിയിലാണ് ഈ ശാലയുടെ ഘടന. എന്നാൽ 2020ൽ 10 ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിക്കാൻ പുതിയ നിർമാണശാല അനിവാര്യമാണെന്നു കമ്പനി അംഗീകരിക്കുന്നു. എന്നാൽ ഇന്ത്യയിൽ പുതിയ ശാല സ്ഥാപിക്കുന്നതു സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ലെന്നും കമ്പനി അറിയിച്ചു. ഒൻപതു വർഷം മുമ്പ് 2007ൽ ഇന്ത്യയിൽ അരങ്ങേറിയ ‘അക്സസി’ന്റെ ഇതുവരെയുള്ള മൊത്തം വിൽപ്പന 20 ലക്ഷം യൂണിറ്റാണ്. മുന്നിലെ പോക്കറ്റ്, അനായാസ സ്റ്റാർട് സിസ്റ്റം, അലോയ് വീൽ, മുൻ ഡിസ്ക് ബ്രേക്ക് തുടങ്ങിയവയാണു പരിഷ്കരിച്ച ‘അക്സസി’ലെ പുതുമ.