ഇന്ത്യയിൽ നിന്നു ബൈക്ക് കയറ്റുമതി ഇരട്ടിയാക്കാൻ സുസുക്കി

ഇന്ത്യയിൽ നിന്നുള്ള ബൈക്ക് കയറ്റുമതിയിൽ വൻവളർച്ച ലക്ഷ്യമിട്ട് ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ സുസുക്കി മോട്ടോർ സൈക്കിൾ. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇരട്ടി വളർച്ചയോടെ 2015 — 16ൽ 60,000 യൂണിറ്റിന്റെ കയറ്റുമതിയാണു സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എസ് എം ഐ പി എൽ) ലക്ഷ്യമിടുന്നത്.

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്കും നേപ്പാൾ, ബംഗ്ലദേശ്, ശ്രീലങ്ക തുടങ്ങിയ അയൽ വിപണികളിലേക്കുമായി 30,000 ബൈക്കുകളാണു കമ്പനി 2014 — 15ൽ കയറ്റുമതി ചെയ്തതെന്ന് എസ് എം ഐ പി എൽ ജനറൽ മാനേജർ (എക്സ്പോർട്സ്) സെൻജി ഹിരൊസാവ അറിയിച്ചു. എന്നാൽ ഈ 31നകം മൊത്തം കയറ്റുതി 60,000 യൂണിറ്റിലെത്തുമെന്നാണു പ്രതീക്ഷ. ഇതോടെ കയറ്റുമതിയിൽ മുൻവർഷത്തെ അപേക്ഷിച്ച് 100% വളർച്ച കൈവരിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 150 സി സി എൻജിനുള്ള ‘ജിക്സറി’നു വിദേശ വിപണികളിൽ ലഭിച്ച മികച്ച വരവേൽപ്പാണു കയറ്റുമതിയിലെ കുതിപ്പിന് കാരണമെന്നും ഹിരൊസാവ വിശദീകരിച്ചു.

ഇന്ത്യയിൽ നിന്നുള്ള സുസുക്കിയുടെ കയറ്റുമതിയിൽ 90 ശതമാനത്തോളം ‘ജിക്സറി’ന്റെ വിഹിതമാണ്; അവശേഷിക്കുന്നത് സ്കട്ടറുകളുടെ സംഭാവനയാണെന്നും സെയിൽസ് (ഡീലർ ഡവലപ്മെന്റ്) വിഭാഗത്തിന്റെ കൂടി ചുമതലക്കാരനായ ഹിരൊസാവ അറിയിച്ചു.

പുതിയ സാമ്പത്തിക വർഷം മൊത്തം കയറ്റുമതി ഒരു ലക്ഷം യൂണിറ്റിലെത്തിക്കാനാവുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം അവതരിപ്പിച്ച പരിഷ്കരിച്ച ‘അക്സസ് 125’ സ്കൂട്ടർ വിദേശ വിപണികളിലും മികച്ച സ്വീകാര്യത കൈവരിക്കുമെന്ന് ഹിരൊസാവ കരുതുന്നു. ആഭ്യന്തര വിപണിയിൽ രണ്ടു ലക്ഷം യൂണിറ്റിന്റെ വിൽപ്പനയാണ് ‘അക്സസി’ൽ നിന്നു കമ്പനി പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിൽ ഇക്കൊല്ലം 3.20 ലക്ഷം യൂണിറ്റിന്റെ വിൽപ്പന നേടുമെന്നാണ് എസ് എം ഐ പി എല്ലിന്റെ കണക്കുകൂട്ടൽ. ‘അക്സസി’നു പുറമെ സ്കൂട്ടറുകളായ ‘ലെറ്റ്സ്’, ‘എക്സസ് 125 എസ് ഇ’, ‘സ്വിഷ് 125’ എന്നിവയും മോട്ടോർ സൈക്കിളുകളായ ‘ജിക്സർ എസ് എഫ്’, ‘ജിക്സർ’, ‘ഹയാത്തെ’ എന്നിവയുമാണു കമ്പനി ഇന്ത്യയിൽ വിൽക്കുന്നത്.