സുസുക്കിയുടെ അടുത്ത ശാല ഹരിയാനയിൽ: മുഖ്യമന്ത്രി ഖട്ടർ

ഇന്ത്യയിലെ അടുത്ത കാർ പ്ലാന്റ് ഹരിയാനയിലാവുമെന്നു ജാപ്പനീസ് നിർമാതാക്കളായ സുസുക്കി മോട്ടോഴ്സ് സൂചിപ്പിച്ചതായി സംസ്ഥാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ. ഗുജറാത്തിൽ 18,000 കോടിയോളം രൂപ ചെലവിൽ പ്രതിവർഷം 15 ലക്ഷം കാറുകൾ നിർമിക്കാൻ ശേഷിയുള്ള പുതിയ ശാലകൾ യാഥാർഥ്യമാക്കിയശേഷമാവുമത്രെ സുസുക്കി പഴയ തട്ടകമായ ഹരിയാനയിലേക്കു മടങ്ങുക. അതേസമയം, ഹരിയാനയിൽ സുസുക്കി സ്ഥാപിക്കുമെന്ന കരുതുന്ന നിർമാണശാലയുടെ ഓഹരിഘടന സംബന്ധിച്ചു വ്യക്തമായ സൂചനയൊന്നും ലഭ്യമായിട്ടില്ല. മാതൃസ്ഥാപനമായ സുസുക്കിയാണോ ഉപസ്ഥാപനമായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡാണോ ഹരിയാനയിൽ പുതിയ നിക്ഷേപം നടത്തുകയെന്നും അറിവായിട്ടില്ല.

എന്നാൽ ജപ്പാനിൽ സുസുക്കിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി ഇതുസംബന്ധിച്ച ചർച്ചകൾ നടത്തിയെന്നാണു ഖട്ടറുടെ അവകാശവാദം. ഹരിയാനയിൽ പുതിയ ശാല സ്ഥാപിക്കാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചെന്നും മുംബൈയിൽ നടന്ന ‘മെയ്ക്ക് ഇൻ ഇന്ത്യ’ പരിപാടിക്കെത്തിയ സംസ്ഥാന മുഖ്യമന്ത്രി വിശദീകരിക്കുന്നു. നിക്ഷേപകരെ ആകർഷിക്കാൻ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ശ്രമിക്കുന്നുണ്ട്. എന്നാൽ ഹരിയാനയാവട്ടെ സംസ്ഥാനത്ത് ബിസിനസ് നടത്തുന്നത് ആയാസരഹിതമാക്കാനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞാണു നിക്ഷേപം തേടുന്നതെന്നു ഖട്ടർ വ്യക്തമാക്കി.

പുതിയ സംരംഭങ്ങൾക്ക് ആവശ്യമായ അനുമതികളും അംഗീകാരങ്ങളുമെല്ലാം ഒറ്റ കൂരയ്ക്കു കീഴിൽ സമയബന്ധിതമായി ലഭ്യമാക്കാൻ ഹരിയാന നടപടി സ്വീകരിച്ചിട്ടുണ്ട്. ബിസിനസ് തുടങ്ങാനുള്ള നടപടിക്രമം കൂടുതൽ എളുപ്പത്തിലാക്കാനും സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ട്. ഒപ്പം ലക്ഷ്യമിട്ടിരുന്ന ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം ഹരിയാന കൈവരിച്ചു കഴിഞ്ഞെന്നും ഖട്ടർ അവകാശപ്പെട്ടു. ഒപ്പം കൂടുതൽ നിക്ഷേപം ആകർഷിക്കാനായി അടുത്ത മാസം ‘ഹാപ്പനിങ് ഹരിയാന ഗ്ലോബൽ സമിറ്റ്’ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.