സുസുക്കിയുടെ വിൽപ്പനയിൽ പകുതിയും മാരുതി വക

Ciaz

ജാപ്പനീസ് നിർമാതാക്കളായ സുസുക്കി മോട്ടോർ കോർപറേഷ(എസ് എം സി)ന്റെ ആഗോള വിൽപ്പനയിൽ പകുതിയിലേറെയും സംഭാവന ചെയ്യുന്നത് ഉപസ്ഥാപനമായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). കഴിഞ്ഞ ഏപ്രിൽ — ഡിസംബർ കാലത്തെ കണക്കെടുപ്പിലാണ് സുസുക്കിയുടെ മൊത്തം വിൽപ്പനയിൽ മാരുതി സുസുക്കിയുടെ വിഹിതം 50% പിന്നിട്ടത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒൻപതു മാസത്തിനിടെ മാരുതി സുസുക്കി ഇന്ത്യയുടെ വിൽപ്പന 10.61 ലക്ഷം യൂണിറ്റായിരുന്നെന്ന് എസ് എം സി വെളിപ്പെടുത്തി. ഇക്കാലയവളിൽ എസ് എം സി നേടിയ മൊത്തം വിൽപ്പനയാവട്ടെ 20.83 ലക്ഷം യൂണിറ്റായിരുന്നു. ഇതോടെ സുസുക്കിയുടെ വിൽപ്പനയിൽ മാരുതിയുടെ സംഭാവന 50.93 ശതമാനത്തിലെത്തി.

അതേസമയം 2015 ഏപ്രിൽ — ഡിസംബർ കാലത്ത് സുസുക്കി കൈവരിച്ച മൊത്തം വിൽപ്പന 20.40 ലക്ഷം യൂണിറ്റായിരുന്നു. ഇതേ കാലത്ത് 9.72 ലക്ഷം യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയ മാരുതി സുസുക്കിയുടെ വിഹിതമാവട്ടെ 47.64 ശതമാനവും. ഇന്ത്യയിലും യൂറോപ്പിലും വിൽപ്പന മെച്ചപ്പെട്ടത് എസ് എം സിയുടെ പ്രവർത്തന ലാഭവും ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. അവലോകന കാലത്തെ അറ്റാദായം മുൻവർഷം ഇതേകാലത്തെ അപേക്ഷിച്ച് 14.4% വളർച്ചയോടെ 16,740 കോടി യെൻ(10,010.63 കോടിയോളം രൂപ) ആയി. എന്നാൽ കഴിഞ്ഞ ഏപ്രിൽ — ഡിസംബർ കാലത്തെ വിറ്റുവരവ് 2015ൽ ഇതേകാലത്തെ അപേക്ഷിച്ച് 4.4% ഇടിവോടെ 2,25,200 കോടി യെൻ(ഏകദേശം 1,34,671.03 കോടി രൂപ) ആയി കുറഞ്ഞു.

ജന്മനാടായ ജപ്പാനിലെ വിൽപ്പനയിൽ നേരിട്ട ഇടിവാണു സുസുക്കിക്കു തിരിച്ചടി സൃഷ്ടിച്ചത്. കോംപാക്ട്, സ്റ്റാൻഡേഡ് വിഭാഗം വാഹനങ്ങൾക്ക് ആവശ്യക്കാരേറിയെങ്കിലും മിനി മോഡലുകൾക്കു പ്രിയം കുറഞ്ഞതാണു ജപ്പാനിൽ സുസുക്കിക്കു വിനയായത്. ഇതോടെ വിറ്റുവരവ് മുൻവർഷം ഇതേകാലത്തെ അപേക്ഷിച്ച് 3.8% ഇടിവോടെ 72,530 കോടി യെൻ(43373.40 കോടിയോളം രൂപ) ആയി. ഇന്തൊനീഷയിലും പാകിസ്ഥാനിലും വിൽപ്പന ഇടിയുകയും വിദേശനാണയ വിനിയ നിരക്കിൽ ചാഞ്ചാട്ടം രേഖപ്പെടുത്തുകയും ചെയ്തതോടെ എസ് എം സിക്കു വിദേശ വിപണികളിൽ നിന്നുള്ള വിറ്റുവരവിലും മുൻവർഷത്തെ അപേക്ഷിച്ച് 4.7% ഇടിവുണ്ട്; 1,52,670 കോടി യെൻ(91297.63 കോടിയോളം രൂപ) ആണ് ഈ വിഭാഗത്തിലെ വരുമാനം.