അകിതൊ തചിബാന ടൊയോട്ട കിർലോസ്കർ എം ഡി

Akito Tachibana

ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ടയുടെ ഇന്ത്യയിലെ സംയുക്ത സംരംഭമായ ടൊയോട്ട കിർലോസ്കർ മോട്ടോറി(ടി കെ എം)ന്റെ പുതിയ മാനേജിങ് ഡയറക്ടറായി അകിതൊ തചിബാന നിയമിതനായി. രണ്ടു വർഷമായി ടി കെ എമ്മിനെ നയിക്കുന്ന നവോമി ഇഷിയുടെ പിൻഗാമിയായി ഏപ്രിൽ ഒന്നിനാണു തചിബാന ചുമതലയേൽക്കുക. നിലവിൽ ടൊയോട്ട കിർലോസ്കറിൽ ടെക്നിക്കൽ, പർച്ചേസ് ആൻഡ് ക്വാളിറ്റി അഷ്വറൻസ് വിഭാഗങ്ങളുടെ മേധാവിയാണ് തചിബാന. ടൊയോട്ട മോട്ടോർ തായ്ലൻഡിലെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ജപ്പാനിൽ ടൊയോട്ട മോട്ടോർ കോർപറേഷന്റെ കോർപറേറ്റ് പ്ലാനിങ് വിഭാഗത്തിൽ ജനറൽ മാനേജർ ആയാണ് ഇഷിയുടെ പുതിയ നിയമനം.

മാതൃസ്ഥാപനമായ ടൊയോട്ട മോട്ടോർ കോർപറേഷനിൽ നടപ്പാക്കിയ പുനഃസംഘടനയുടെ ഭാഗമായാണ് ഇന്ത്യയിലെ നേതൃനിരയിലും മാറ്റം വരുത്തിയതെന്നു കമ്പനി വിശദീകരിച്ചു. മൂന്നു പതിറ്റാണ്ട് നീളുന്ന പ്രവർത്തന പാരമ്പര്യമാണു തചിബാനയ്ക്കു ടൊയോട്ടയിലുള്ളത്. ടൊയോട്ട മോട്ടോർ കോർപറേഷനിലെ എച്ച് ആർ, ആഭ്യന്തര — വിദേശ പ്ലാനിങ്, യൂസ്ഡ് കാർ, പ്രോഡക്ട് മാനേജ്മെന്റ് വിഭാഗങ്ങളിലെല്ലാം അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ടൊയോട്ട മോട്ടോർ മാനുഫാക്ചറിങ് നോർത്ത് അമേരിക്ക ഇൻകോർപറേറ്റഡിൽ കോർപറേറ്റ് പ്ലാനിങ് വിഭാഗത്തിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്; നോർത്ത് അമേരിക്കയ്ക്കായുള്ള പ്രോഡക്ട് പ്ലാനിങ്ങിന്റെ ചുമതലക്കാരനായിരുന്നു തചിബാന. കമ്പനി പ്രസിഡന്റ് എന്ന നിലയിൽ ടൊയോട്ട മോട്ടോർ വിയറ്റ്നാം കമ്പനി ലിമിറ്റഡിനെ നയിച്ചിട്ടുമുണ്ട്.