തകാത്ത: 3.40 ലക്ഷം കാർ തിരിച്ചുവിളിക്കാൻ ഹോണ്ട

തകാത്ത കോർപറേഷൻ ലഭ്യമാക്കിയ നിർമാണ തകരാറുള്ള എയർബാഗുകൾ ഘടിപ്പിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്നു ജപ്പാനിൽ വിറ്റ 3.40 ലക്ഷം കാറുകൾ കൂടി തിരിച്ചു വിളിക്കാൻ ഹോണ്ട മോട്ടോർ കമ്പനി ഒരുങ്ങുന്നു. ഇതേ പ്രശ്നത്തിന്റെ പേരിൽ മറ്റു വിപണികളിൽ വിറ്റ കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കുന്നതു സംബന്ധിച്ചു തീരുമാനമായിട്ടില്ലെന്നും ഹോണ്ട വക്താവ് അറിയിച്ചു.

വിന്യാസവേളയിൽ ശക്തമായ സ്ഫോടനം സൃഷ്ടിക്കാനും ഇതുവഴി മൂർച്ചയേറിയ വസ്തുക്കൾ വിതറി യാത്രക്കാരെ അപകടത്തിൽപെടുത്താനുമുള്ള സാധ്യത മുൻനിർത്തി തകാത്ത കോർപറേഷന്റെ എയർബാഗ് ഘടിപ്പിച്ച ലക്ഷക്കണക്കിനു കാറുകളാണു വിവിധ നിർമാതാക്കൾ ആഗോളതലത്തിൽ തിരിച്ചുവിളിച്ചു പരിശോധിക്കുന്നത്. നിർമാണ പിഴവുള്ള തകാത്ത കോർപറേഷന്റെ എയർബാഗുകൾ പൊട്ടിത്തെറിച്ച് ആറു മരണം സംഭവിച്ചെന്നാണു കണക്ക്; ഇവ ആറും ഹോണ്ടയുടെ കാറുകളിലായിരുന്നു എന്നും പറയപ്പെടുന്നു.

തകാത്ത നിർമിച്ചു നൽകിയ എയർബാഗ് ഘടിപ്പിച്ചതിന്റെ പേരിൽ അര കോടിയോളം കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കുമെന്നു ഹോണ്ട ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. പരിശോധനയ്ക്കായി ശേഖരിച്ച എയർബാഗ് ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങളിൽ രണ്ടു പുതിയ പ്രശ്നങ്ങൾ കണ്ടെത്തിയ പശ്ചാത്തലത്തിലായിരുന്നു ഈ നടപടി. അപ്പോഴും തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗുകൾ പൊട്ടിത്തെറിച്ച് അപകടം സൃഷ്ടിക്കാനുള്ള മൂലകാരണം കണ്ടെത്താൻ കമ്പനിക്കു കഴിഞ്ഞിരുന്നില്ല.

തകാത്ത കോർപറേഷൻ നൽകിയ എയർബാഗ് ഘടിപ്പിച്ച 7.20 ലക്ഷം വാഹനങ്ങൾ കൂടി തിരിച്ചുവിളിക്കുമെന്നു ജാപ്പനീസ് വാഹന നിർമാതാക്കളായ മസ്ദ മോട്ടോർ കോർപറേഷനും ഫ്യുജി ഹെവി ഇൻഡസ്ട്രീസ് ലിമിറ്റഡും മിറ്റ്സുബിഷി മോട്ടോഴ്സ് കോർപറേഷനും ഏതാനും ദിവസം മുമ്പു പ്രഖ്യാപിച്ചിരുന്നു.

ജപ്പാനിൽ 1.20 ലക്ഷം വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്നായിരുന്നു മസ്ദയുടെ പ്രഖ്യാപനം. സെഡാനായ ‘അറ്റെൻസ’, ‘ബോംഗൊ’ വാൻ എന്നിവയ്ക്കൊപ്പം നിസ്സാൻ മോട്ടോർ കമ്പനിക്കും മിറ്റ്സുബിഷി മോട്ടോഴ്സിനും വേണ്ടി കമ്പനി നിർമിച്ചു നൽകുന്ന രണ്ടു മോഡലുകൾക്കുമാണു പരിശോധന ബാധകമാവുക. സുബാരു കാറുകളുടെ നിർമാതാക്കളായ ഫ്യുജി ഹെവി ഇൻഡസ്ട്രീസ് 91,000 ‘ഇംപ്രെസ’ തിരിച്ചുവിളിച്ചു പരിശോധിക്കുമെന്നാണു പ്രഖ്യാപിച്ചത്. അതേസമയം, വിദേശത്തു വിറ്റ വാഹനങ്ങളുടെ പരിശോധന സംബന്ധിച്ചു തീരുമാനമായിട്ടില്ലെന്നാണു മസ്ദയുടെയും ഫ്യുജിയുടെയും നിലപാട്.

മിറ്റ്സുബിഷി മോട്ടോഴ്സാവട്ടെ ജപ്പാനിൽ വിറ്റ ഒരു ലക്ഷം കാറുകൾക്കൊപ്പം വിദേശ വിപണികളിൽ വിറ്റ 4.20 ലക്ഷം കാറുകളും തിരിച്ചുവിളിച്ചു പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്.