ടാൽഗോയുടെ ഡൽഹി– മുംബൈ റൂട്ടിലെ നാലാമത്തെ പരീക്ഷണ ഓട്ടം വിജയം

രാജ്യത്തെ നിലവിലുള്ള ട്രാക്കുകളിൽ വേഗത്തിന്റെ പുതിയ ചരിത്രമെഴുതാമെന്നു തെളിയിച്ച് ടാൽഗോ ട്രെയിൻ. സ്‌പെയിനിൽ നിർമിച്ച ടാൽഗോ കോച്ചുകൾ ഡൽഹി– മുംബൈ റൂട്ടിലെ നാലാമത്തെ പരീക്ഷണ ഓട്ടം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കി. ശനിയാഴ്ച ഉച്ചയ്ക്ക് 2.45ന് ഡൽഹിയിൽ നിന്നു പുറപ്പെട്ട ട്രെയിൻ ഞായറാഴ്ച പുലർച്ചെ 2.33ന് മുംബൈ സെൻട്രൽ സ്റ്റേഷനിൽ എത്തി. 1,384 കിലോമീറ്റർ 11 മണിക്കൂർ 42 മിനിറ്റു കൊണ്ടാണ് ടാൽഗോ പിന്നിട്ടത്.

മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിലായിരുന്നു സഞ്ചാരം. ഈ പാതയിൽ നേരത്തേ മൂന്നു പരീക്ഷണ ഓട്ടങ്ങൾ നടത്തിയിരുന്നു. ഈ മാസം ഏഴിനു നടന്ന മൂന്നാമത്തെ പരീക്ഷണ ഓട്ടത്തിൽ മണിക്കൂറിൽ 140 കിലോമീറ്റർ വേഗമേ കൈവരിക്കാനേ കഴിഞ്ഞിരുന്നുള്ളൂ. അന്ന് നിശ്ചിത സമയത്തിലും 18 മിനിറ്റുവൈകിയാണ് ട്രെയിൻ മുംബൈയിൽ എത്തിയത്. ഇതേ പാതയിൽ 15 മണിക്കൂർ 50 മിനിറ്റു കൊണ്ടാണ് രാജധാനി എക്‌സ്പ്രസ് സഞ്ചരിക്കുക. ടാൽഗോയുടെ വരവോടെ നാലു മണിക്കൂറാണ് സമയലാഭം.

ടാൽഗോ എന്ന സ്പാനിഷ് കമ്പനി നിർമിക്കുന്ന കോച്ചുകൾക്ക് മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത്തിൽ ഓടാൻ കഴിയും. നിലവിലുള്ള ട്രാക്കുകളിൽ തന്നെ ഉപയോഗിക്കാൻ കഴിയും എന്നതിനാൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ബദൽ എന്നു വരെ ടാൽഗോയെ വിശേഷിപ്പിക്കുന്നവരുണ്ട്. ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്ന റേക്കുകളേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ടാൽഗോ ട്രെയിനുകൾ ഉപയോഗപ്പെടുത്താൻ തീരുമാനിച്ചാൽ റെയിൽവേയുടെ സമയക്രമത്തിൽ തന്നെ വിപ്ലവകരമായ മാറ്റമാണ് ഉണ്ടാവുക.

വളവുകളിലും തിരിവുകളിലും കയറ്റങ്ങളിലും വേഗം കുറയാതെ സഞ്ചരിക്കാവും എന്നതാണ് ടാൽഗോയുടെ പ്രത്യേകത. വളവിലും തിരിവിലും ചെരിഞ്ഞോടാൻ സാധിക്കുംവിധമാണ് രൂപകൽപന. ടാൽഗോ കോച്ചുകളുടെ ഭാരക്കുറവും വേഗം ആർജിക്കാൻ സഹായിക്കുന്നു. ഭാരം കുറഞ്ഞ അലുമിനിയം കൊണ്ട് നിർമിച്ച കോച്ചുകളാണിവയുടേത്.

ഇനി എക്സിക്യൂട്ടീവ് യാത്ര

ഒൻപതു കോച്ചുകളുള്ള ടാൽഗോ ട്രെയിനിൽ രണ്ട് എക്‌സിക്യൂട്ടീവ് ക്ലാസ് കോച്ചുകൾ, നാലു ചെയർ കാർ, കഫ്റ്റീരിയ, പവർ കാർ, സ്റ്റാഫിനും ഉപകരണങ്ങൾക്കുമുള്ള കോച്ച് എന്നിവ ഉൾപ്പെടുന്നു. ഡൽഹി-മുംബൈ റൂട്ടിനു പുറമെ യുപിയിൽ ബറേലി- മൊറാദബാദ് പാതയിലും ഉത്തര-മധ്യ റെയിൽവേയുടെ പൽവാൽ-മഥുര പാതയിലും ടാൽഗോ പരീക്ഷണ ഓട്ടം നടത്തിയിരുന്നു.

ഡൽഹി-മുംബൈ പാതയിൽ ടാൽഗോയുടെ അവസാന പരീക്ഷണ ഓട്ടം വിജയകരമായിരുന്നുവെന്ന് റെയിൽവേ ബോർഡ് മെംബർ (ട്രാഫിക്) മുഹമ്മദ് ജംഷെദ് പറഞ്ഞു. റെയിൽവേ ജീവനക്കാർക്കു പുറമെ, ടാൽഗോ കമ്പനിയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരും പരീക്ഷണ യാത്രയിൽ പങ്കെടുത്തു.

കാത്തിരിക്കണം മൂന്നുവർഷം

ടാൽഗോ സർവീസ് ആരംഭിക്കാൻ മൂന്നു കൊല്ലമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് റെയിൽവേ നൽകുന്ന സൂചന. ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഇണങ്ങുംവിധമുള്ള മാറ്റങ്ങൾ വരുത്തി ഇവിടെത്തന്നെ കോച്ചുകൾ നിർമിക്കാനുള്ള സൗകര്യമാണ് ടാൽഗോയ്ക്കു നൽകുക. പരീക്ഷണ ഓട്ടം വിജയിച്ച സാഹചര്യത്തിൽ കൂടുതൽ ടാൽഗോ ട്രെയിനുകൾ വാങ്ങുന്ന കാര്യം റെയിൽവേ പരിഗണിച്ചേക്കും. കഴിഞ്ഞ ഏപ്രിലിലാണ് സ്‌പെയിനിൽ നിന്ന് കപ്പൽ മാർഗം ടാൽഗോ കോച്ചുകൾ മുംബൈയിൽ എത്തിച്ചത്.