കിയ ശാല: 400 ഏക്കർ വാഗ്ദാനം ചെയ്തു തമിഴ്നാട്

Kia Carens

കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോറിന്റെ സഹസ്ഥാപനമായ കിയ മോട്ടോഴ്സ് കോർപറേഷനു ഫാക്ടറി സ്ഥാപിക്കാൻ തമിഴ്നാട് സർക്കാർ 400 ഏക്കർ ഭൂമി വാഗ്ദാനം ചെയ്തു. തമിഴ്നാട് വ്യവസായ മന്ത്രി എം സി സമ്പത്താണു കിയ മോട്ടോഴ്സിനുള്ള സംസ്ഥാന സർക്കാരിന്റെ വാഗ്ദാനം വെളിപ്പെടുത്തിയത്. ഹ്യുണ്ടേയ് ഇന്ത്യ മേധാവിയായിരുന്ന എച്ച് ഡബ്ല്യു പാർക്ക് നയിക്കുന്ന കിയ മോട്ടോർ 5,000 കോടി രൂപയോളം ചെലവിൽ പ്രതിവർഷം മൂന്നു ലക്ഷം കാറുകൾ നിർമിക്കാൻ ശേഷിയുള്ള ശാലയാണ് ഇന്ത്യയിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നത്.

ഇന്ത്യയിലെ ആദ്യ വാഹന നിർമാണശാലയ്ക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണു കിയ മോട്ടോഴ്സ്. ഹ്യുണ്ടേയിയെ നയിച്ച അനുഭവ പരിചയമുള്ളതിനാൽ പാർക്കിന് ഇന്ത്യൻ വാഹന വിപണിയെക്കുറിച്ചു വ്യക്തമായ ധാരണയുണ്ട്. നിലവിൽ വിൽപ്പനയിൽ നേരിടുന്ന തിരിച്ചടി മാറി ഇന്ത്യൻ വിപണി ശക്തമായി തിരിച്ചെത്തുമെന്നും അദ്ദേഹത്തിന് ഉറപ്പുണ്ട്. അതുകൊണ്ടുതന്നെ എത്രയും വേഗം ശാല സ്ഥാപിച്ച് ഇന്ത്യയിൽ വാഹന വിൽപ്പന ആരംഭിക്കാനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തുന്നത്.ഈ പശ്ചാത്തലത്തിലാണു കമ്പനിക്ക് 400 ഏക്കർ ഭൂമി വാഗ്ദാനം ചെയ്യുന്നതെന്നു സമ്പത്ത് വ്യക്തമാക്കി. മാതൃസ്ഥാപനമായ ഹ്യുണ്ടേയിയുടെ നിർമാണശാലകൾ ചെന്നൈയ്ക്കടുത്ത് ശ്രീപെരുമ്പത്തൂരിലാണു പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ കിയ മോട്ടോഴ്സും സംസ്ഥാനത്തു തന്നെ നിർമാണശാല സ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണു സമ്പത്ത്.

ശാലയ്ക്കായി 400 ഏക്കർ ഭൂമിയാണു തമിഴ്നാട് സന്ദർശിച്ച കിയ സംഘം ആവശ്യപ്പെട്ടതത്രെ. ഇതിൽ 390 ഏക്കർ ഉടനടി ലഭ്യമാക്കാൻ സർക്കാർ സന്നദ്ധതമാണെന്നു സമ്പത്ത് നിയമസഭയിൽ വെളിപ്പെടുത്തി. തമിഴ്നാട്ടിൽ തന്നെ കിയ മോട്ടോഴ്സ് ശാല സ്ഥാപിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം ആവർത്തിച്ചു. പുതിയ ബിസിനസ് സാധ്യത തേടിയുള്ള അന്വേഷണത്തിലാണു വാഹന നിർമാണത്തിൽ ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് — കിയ സഖ്യം ഇന്ത്യയിൽ പ്രവർത്തനം വിപുലീകരിക്കാൻ ഒരുങ്ങുന്നത്.

മാത്രമല്ല 2015ലെ വിൽപ്പന ലക്ഷ്യം നേടുന്നതിൽ സഖ്യം പരാജയപ്പെടുകയും ചെയ്തു; 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ഇതാദ്യമായാണു കമ്പനി വിൽപ്പനലക്ഷ്യം കൈവരിക്കാതെ പോകുന്നത്. ചൈന, റഷ്യ, ബ്രസീൽ തുടങ്ങിയ പ്രധാന വിപണികളിലെ ദൗർബല്യം മൂലം കഴിഞ്ഞ ജനുവരി — ജൂൺ കാലത്തെ വിൽപ്പനയിലും സഖ്യത്തിനു രണ്ടു ശതമാനത്തോളം ഇടിവു നേരിട്ടിട്ടുണ്ട്. കൊറിയൻ തലസ്ഥാന നഗരമായ സോളിലും മെക്സിക്കോയിലുമാണു നിലവിൽ കിയ മോട്ടോഴ്സിനു വാഹന നിർമാണശാലകളുള്ളത്. ‘സ്പോർട്ടേജ്’, ‘ഒപ്റ്റിമ’, ‘കസെഡൻസ’, ‘സോൾ’ തുടങ്ങിയവയാണു കമ്പനിയുടെ രാജ്യാന്തര ശ്രേണിയിലെ പ്രധാന മോഡലുകൾ.