ടാറ്റയുടെ ‘എയ്സ് മെഗാ’ നേപ്പാളിലേക്കും

Tata Ace Mega

വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ ചെറു പിക് അപ് ട്രക്കായ ‘എയ്സ് മെഗാ’ നേപ്പാളിൽ വിൽപ്പനയ്ക്കെത്തി. ഇന്ത്യയിൽ ചെറുവാണിജ്യ വാഹന(എസ് സി വി) വിപണി സൃഷ്ടിക്കുകയും വളർത്തുകയും ചെയ്ത ടാറ്റ മോട്ടോഴ്സ് തുടർന്നു നേപ്പാളിലും പുതിയ വിപണി സൃഷ്ടിച്ചിരുന്നെന്നു കമ്പനിയുടെ കൊമേഴ്സ്യൽ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് രാജ്യാന്തര ബിസിനസ് വിഭാഗം മേധാവി രുദ്രരൂപ് മൈത്ര അഭിപ്രായപ്പെട്ടു. ഈ വിപണിയിൽ നേതൃസ്ഥാനത്തു തുടരുന്ന കമ്പനിക്ക് ഉപയോക്താക്കളുടെ ആവശ്യങ്ങളും താൽപര്യങ്ങളും ഏറ്റവും നന്നായി അറിയാമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ വിപണിയുടെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും കുറിച്ചുള്ള വ്യക്തമായ ധാരണയാണ് ‘എയ്സ് മെഗാ’ യാഥാർഥ്യമാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നാലാം തലമുറയിൽപെട്ട രണ്ടു സിലിണ്ടർ, 800 സി സി ഡൈകോർ എൻജിനാണ് ഒരു ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള ‘എയ്സ് മെഗാ’യ്ക്കു കരുത്തേകുന്നത്. പരമാവധി 40 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന ഈ ഡീസൽ എൻജിൻ ലീറ്ററിന് 18.5 കിലോമീറ്റർ ഓടുമെന്നാണു നിർമാതാക്കളുടെ വാഗ്ദാനം. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഒപ്പം മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗവും ‘എയ്സ് മെഗാ’യ്ക്കു ടാറ്റ മോട്ടോഴ്സ് ഉറപ്പു നൽകുന്നു. ലോക്കിങ് സൗകര്യമുള്ള ഗ്ലൗ ബോക്സ്, മ്യൂസിക് സിസ്റ്റത്തിനുള്ള സൗകര്യം, മൊബൈൽ ചാർജർ, ഫുൾ ഫാബ്രിക് സീറ്റ് എന്നിവയൊക്കെ ‘എയ്സ് മെഗാ’യിൽ ടാറ്റ മോട്ടോഴ്സ് ലഭ്യമാക്കുന്നുണ്ട്.

കൂടുതൽ ട്രിപ്പുകളും കൂടുതൽ ഭാരവാഹക ശേഷിയും കുറഞ്ഞ ടേൺഎറൗണ്ട് ടൈമുമൊക്കെയായി ഉടമസ്ഥർക്ക് അധിക വരുമാനമാണ് ‘എയ്സ് മെഗാ’യിൽ നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ഏതു റോഡ് സാഹചര്യവുമായും പൊരുത്തപ്പെടുന്ന ഈ എസ് സി വി നഗരത്തിനുള്ളിലെയും നഗരങ്ങൾക്കിടയിലെയും ചരക്കുനീക്കത്തിന് അനുയോജ്യമാണെന്നും ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നു. ‘എയ്സ് മെഗാ’യ്ക്ക് ഇന്ത്യയിൽ 4.31 ലക്ഷം രൂപയായിരുന്നു താനെയിലെ ഷോറൂം വില; ആഷർ ബ്ലൂ നിറത്തിലാണു ട്രക്ക് വിൽപ്പനയ്ക്കുള്ളത്.