വിമാനം വലിച്ച് ടാറ്റ ഹെക്സ

വിമാനത്തെ വലിച്ചുകൊണ്ട് പോകുന്ന വാഹനങ്ങളെ നാം കണ്ടിട്ടുണ്ട്. ബോർഡിങ് പോസിഷനിൽ നിന്ന് വിമാനത്തെ ടാക്സിവേയിൽ എത്തിക്കാൻ പ്രത്യേകം വാഹനങ്ങളാണ് ഉപയോഗിക്കാറ്. എന്നാൽ ചില നിർമാതാക്കൾ തങ്ങളുടെ വാഹനങ്ങളുടെ കരുത്ത് കാണിക്കാൻ ഇത്തരത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്താറുണ്ട്. ഇന്ത്യൻ വാഹന നിർമാതാക്കൾ ഇത്തരത്തിലൊരു അഭ്യാസ പ്രകടനം ഇതുവരെ നടത്തിയിട്ടില്ല.

ഇപ്പോഴിതാ 41,413 കിലോഗ്രാം ഭാരമുള്ള വിമാനത്തെ വലിച്ച് ടാറ്റ ഹെക്സ റെക്കോർഡിട്ടിരിക്കുന്നു. ബോയിങിന്റെ 737–800 വിമാനമാണ് ഹെക്സ വലിച്ചത്. 189 പേർക്ക് കയറാവുന്ന വിമാനമാണ് ബോയിങ് 737–800. ഏകദേശം 30 മീറ്റർ ദൂരം ഹെക്സ വിമാനത്തേയും വലിച്ചുകൊണ്ട് പോകുന്നുണ്ട്. ഹെക്സയുടെ ഉയർന്ന ഓട്ടമാറ്റിക്ക് വകഭേദമാണ് അഭ്യാസത്തിന് ഉപയോഗിച്ചിരിക്കുന്നത്. എസ് യു വി ടോർക്ക് എന്ന ഫെയ്സ്ബുക്ക് പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. നേരത്തെ ഹെക്സയുടെ രണ്ടുവീൽ അഭ്യാസം സോഷ്യൽ മിഡിയയിൽ വൈറലായിരുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് പുറത്തു വരുന്ന വിഡിയോകളെ അനുസ്മരിപ്പിക്കുന്ന രണ്ടു വീലിൽ ഡ്രൈവ് ചെയ്യുന്ന വി‍‍ഡിയോയായിരുന്നു അത്.

ടാറ്റയുടെ പ്രീമിയം ക്രോസ്ഓവറാണ് ഹെക്സ. രണ്ട് ഡീസൽ എൻജിൻ വകഭേദങ്ങളോടെ ഓട്ടമാറ്റിക്ക്, മാനുവൽ ട്രാൻസ്മിഷനുകളിൽ ഹെക്സ ലഭ്യമാണ്. മാനുവൽ ട്രാൻസ്മിഷനോടെ മാത്രം ലഭിക്കുന്ന ‘ഹെക്സ എക്സ് ഇ’യിൽ 150 ബി എച്ച് പി കരുത്തു സൃഷ്ടിക്കുന്ന ‘വാരികോർ 320’ എൻജിന് അഞ്ചു സ്പീഡ് ട്രാൻസ്മിഷണ്. ഓട്ടമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകളോടെ ലഭിക്കുന്ന ‘ഹെക്സ എച്ച് എമ്മി’നു കരുത്തേകുക ‘വാരികോർ 400’ എൻജിനാണ്, 156 ബി എച്ച് പി വരെ കരുത്തു സൃഷ്ടിക്കും ഈ എൻജിൻ. ‘വാരികോർ 400’ എൻജിനുള്ള മുന്തിയ വകഭേദമായ ‘ഹെക്സ എക്സ് ടി’യിൽ ഫോർ ബൈ ടു ഓട്ടമാറ്റിക് ട്രാൻസ്മിഷനോടെയും ഫോർ ബൈ ഫോർ മാനുവൽ ട്രാൻസ്മിഷനോടെയും ലഭിക്കും. 11.99 ലക്ഷം മുതൽ 17.40 ലക്ഷം വരെ.

ടാറ്റ ഹെക്സ ടെസ്റ്റ് ഡ്രൈവ് വായിക്കാം