ഇന്നോവയെ തകർക്കാൻ വിലക്കുറവിൽ ടാറ്റ ഹെക്സ

Tata Hexa

ഇന്നോവ കൈയടക്കി വെച്ചിരിക്കുന്ന എംയുവി സെഗ്മെന്റിൽ‌ വെന്നിക്കൊടി പാറിക്കാൻ വിലക്കുറവിൽ ടാറ്റയുടെ ഹെക്സ എത്തുന്നു. ടാറ്റയുടെ പ്രിമിയം ക്രോസോവറായ ഹെക്സയുടെ വില 12.30 ലക്ഷത്തിൽ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 18 ന് പുറത്തിറങ്ങുന്ന വാഹനത്തിന്റെ വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ 12.30 ലക്ഷത്തിലായിരിക്കും ഹെക്സയുടെ വില ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tata Hexa

കഴിഞ്ഞ വർഷമാദ്യം ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ടാറ്റ മോട്ടോഴ്സിന്റെ പ്രീമിയം ക്രോസോവറായ ‘ഹെക്സയുടെ ബുക്കിങ് ടാറ്റ ഡീലർഷിപ്പുകൾ സ്വീകരിച്ചു തുടങ്ങിയിരുന്നു. രണ്ട് ഡീസൽ എൻജിൻ വകഭേദങ്ങളോടെ ഓട്ടമാറ്റിക്ക്, മാനുവൽ ട്രാൻസ്മിഷനുകളിൽ ഹെക്സ പുറത്തിറങ്ങും. മാനുവൽ ട്രാൻസ്മിഷനോടെ മാത്രം ലഭിക്കുന്ന ‘ഹെക്സ എക്സ് ഇ’യിൽ 150 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന ‘വാരികോർ 320’ എൻജിനൊപ്പം അഞ്ചു സ്പീഡ് ട്രാൻസ്മിഷനാവും ഇടം പിടിക്കുക. ഓട്ടമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകളോടെ ലഭിക്കുന്ന ‘ഹെക്സ എച്ച് എമ്മി’നു കരുത്തേകുക ‘വാരികോർ 400’ എൻജിനാവും; 156 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാൻ ഈ എൻജിനു കഴിയും. ആറു സ്പീഡ് മാനുവൽ/ഓട്ടമാറ്റിക് ട്രാൻസ്മിഷനാണു ഗിയർബോക്സ്.

Tata Hexa

‘വാരികോർ 400’ എൻജിനുള്ള മുന്തിയ വകഭേദമായ ‘ഹെക്സ എക്സ് ടി’യിൽ ഫോർ ബൈ ടു ഓട്ടമാറ്റിക് ട്രാൻസ്മിഷനോടെയും ഫോർ ബൈ ഫോർ മാനുവൽ ട്രാൻസ്മിഷനോടെയുമാണ് എത്തുക. ആറും ഏഴും സീറ്റോടെ വിപണിയിലുണ്ടാവുമെന്നു കരുതുന്ന ‘ഹെക്സ’യ്ക്ക് സാങ്കേതിക വിഭാഗത്തിൽ ‘ആര്യ’യോടാണു സാമ്യമേറെ. കാഴ്ചയിൽ എം പി വിയുടെ പകിട്ടേകാൻ ദൃഢതയുള്ള ബോഡി ക്ലാഡിങ്, 19 ഇഞ്ച് അലോയ് വീൽ, 235 സെക്ഷൻ ടയർ എന്നിവയൊക്കെയായാവും ‘ഹെക്സ’യുടെ വരവ്. ലക്ഷ്യമിടുന്നതു പ്രീമിയം വിഭാഗമായതിനാൽ സൗകര്യങ്ങളിലോ സംവിധാനങ്ങളിലോ വിട്ടുവീഴ്ചയ്ക്കില്ലെന്നും ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കുന്നു.