നാല് ഡ്രൈവ് മോ‍ഡുകളിൽ ഹെക്സ

ലൈഫ്സ്റ്റൈൽ യാത്രാവാഹനം ആയി ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിക്കുന്ന 7–സീറ്റർ യൂട്ടിലിറ്റി വാഹനം ഹെക്‌സയിൽ കമ്പനി സൂപ്പർ ഡ്രൈവ് മോഡുകൾ അവതരിപ്പിക്കുന്നു. പിഴവുകളില്ലാത്ത പ്രകടനത്തിനുള്ള എൻജിനുകളും പുതിയ തലമുറ ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഡിസ്‌പ്ലേ, ആംബിയന്റ് ലൈറ്റിംഗ്, സെന്റർ കൺസോളിലെ റോട്ടറി നോബ് വഴി ആക്ടിവേറ്റ് ചെയ്യാനുള്ള സൗകര്യം എന്നിവയുമൊക്കെ കൂടിച്ചേർന്നതാണ് സൂപ്പർ ഡ്രൈവ് മോഡ്.

പല വിധത്തിലുള്ള റോഡുകൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ച് ഓട്ടോ, കംഫർട്ട്, ഡൈനാമിക്, റഫ് റോഡ് എന്നിങ്ങനെ നാല് വ്യത്യസ്തമായ ഡ്രൈവിങ് മോഡുകൾ ഉപയോഗിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. റോട്ടറി സ്വിച്ചിലൂടെ ഇഷ്ടമുള്ള മോഡ് തിരഞ്ഞെടുക്കാം. ആധുനിക രൂപകൽപ്പന, ആഡംബര ഇന്റീരിയർ, മികച്ച ഫീച്ചറുകൾ എന്നിവയും ഹെക്‌സയുടെ പ്രത്യേകതകളാണെന്നു കമ്പനി അറിയിച്ചു. ഹെക്‌സ ഓട്ടമാറ്റിക് കാറുകളിൽ പെർഫോമൻസ് കാറുകളുടെ ഡ്രൈവിങ് അനുഭവം ലഭ്യമാക്കുന്ന റേയ്‌സ്‌കാർ മാപ്പിങ് സൗകര്യമുണ്ട്.

ആര്യയുടെ പ്ലാറ്റ്ഫോമിൽ തന്നെയാണ് ഹെക്സയുടേയും നിർമാണം. എന്നാൽ പ്ലാറ്റ്ഫോം ഒന്നാണെന്നതൊഴിച്ചാൽ രൂപത്തിൽ കാര്യമായ സാദൃശ്യങ്ങളില്ല. വലിയ പുതിയ ടാറ്റാ ഗ്രില്ലും എയർ ഡാമും ബ്രഷ്ഡ് അലൂമിനിയം സ്ട്രൈപ്പുകളും പരമ്പരാഗത ടാറ്റ മുഖത്തിൽ നിന്ന് ഒരു മാറ്റം നൽകുന്നു. കൂടാതെ പ്രൊജക്ടർ ഹെഡ്‌ലാപുകൾ. ഡേ ടൈം റണ്ണിങ് ലാംപ്സ്. വശങ്ങളിൽ വീൽ ആർച്ചുകൾ മുതൽ വലിയ ബോഡി ക്ലാഡിങ് വരെ ഉണ്ട്. അഞ്ചു സ്പോക്ക് 19 ഇഞ്ച് അലോയ് വീലുകളായിരിക്കും ഹെക്സയിൽ എന്നാണ് സൂചന.

മഹീന്ദ്ര എക്സ്‌യുവി, മഹീന്ദ്ര സ്കോർപ്പിയോ ടൊയോട്ട ഇന്നോവ തുടങ്ങിയ വാഹനങ്ങളോട് ഏറ്റുമുട്ടാനെത്തുന്ന ഹെക്സക്ക് ആറു സീറ്റുകളാണ്. മൂന്നിലും നടുവിലും ക്യാപ്റ്റൻ സീറ്റുകൾ. എല്ലാ യാത്രക്കാർക്കും എ സി വെൻറ്. ഡൈക്കോർ സീരീസിനെക്കാൾ സാങ്കേതിക മികവുള്ള വാരികോർ 2.2 ലീറ്റർ ഡീസൽ എൻജിനാണ് ഹെക്സയുടെ കരുത്ത്. 4000 ആർപിഎമ്മിൽ 154 ബിഎച്ച്പി കരുത്തും 1700 മുതൽ 2700 വരെ ആർപിഎമ്മിൽ 400 എൻ എം ടോർക്കുമുണ്ട്. 13 ലക്ഷം രൂപ മുതൽ 18 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില.