‘എയ്സ് മെഗാ’യുമായി ടാറ്റ; വില 4.31 ലക്ഷം

ACE Mega

ചെറു പിക് അപ് ട്രക് ശ്രേണിയിൽ ടാറ്റ മോട്ടോഴ്സിൽ നിന്നുള്ള പുത്തൻ മോഡലായ ‘എയ്സ് മെഗാ’ തിരഞ്ഞെടുത്ത വിപണികളിൽ വിൽപ്പനയ്ക്കെത്തി. ചെറു വാണിജ്യ വാഹന(എസ് സി വി) വിഭാഗത്തിൽ ഇടംപിടിക്കുന്ന ‘എയ്സ് മെഗാ’യ്ക്ക് 4.31 ലക്ഷം രൂപയാണു താനെയിലെ ഷോറൂം വില; ആഷർ ബ്ലൂ നിറത്തിലാണു ട്രക്ക് വിൽപ്പനയ്ക്കുള്ളത്.

ഒരു ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള ‘എയ്സ് മെഗാ’ തുടക്കത്തിൽ ഉത്തർ പ്രദേശ്, രാജസ്ഥാൻ, മധ്യ പ്രദേശ്, ബിഹാർ, ഒഡീഷ, പശ്ചിമ ബംഗാൾ, തമിഴ്നാട് സംസ്ഥാനങ്ങളിലാണു ലഭ്യമാവുക. ഘട്ടം ഘട്ടമായി ‘എയ്സ് മെഗാ’ ദേശീയതലത്തിൽ വിൽപ്പനയ്ക്കെത്തുമെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു. കൂടുതൽ ട്രിപ്പുകളും കൂടുതൽ ഭാരവാഹക ശേഷിയും കുറഞ്ഞ ടേൺഎറൗണ്ട് ടൈമുമൊക്കെയായി ഉടമസ്ഥർക്ക് അധിക വരുമാനമാണ് ‘എയ്സ് മെഗാ’യിൽ നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ഏതു റോഡ് സാഹചര്യവുമായും പൊരുത്തപ്പെടുന്ന ഈ എസ് സി വി നഗരത്തിനുള്ളിലെയും നഗരങ്ങൾക്കിടയിലെയും ചരക്കുനീക്കത്തിന് അനുയോജ്യമാണെന്നും ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നു.

നാലാം തലമുറയിൽപെട്ട രണ്ടു സിലിണ്ടർ, 800 സി സി ഡൈകോർ എൻജിനാണ് ‘എയ്സ് മെഗാ’യ്ക്കു കരുത്തേകുന്നത്. പരമാവധി 40 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന ഈ ഡീസൽ എൻജിൻ ലീറ്ററിന് 18.5 കിലോമീറ്റർ ഓടുമെന്നാണു നിർമാതാക്കളുടെ വാഗ്ദാനം. ഒപ്പം മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗവും ‘എയ്സ് മെഗാ’യ്ക്കു ടാറ്റ മോട്ടോഴ്സ് ഉറപ്പു നൽകുന്നു. ലോക്കിങ് സൗകര്യമുള്ള ഗ്ലൗ ബോക്സ്, മ്യൂസിക് സിസ്റ്റത്തിനുള്ള സൗകര്യം, മൊബൈൽ ചാർജർ, ഫുൾ ഫാബ്രിക് സീറ്റ് എന്നിവയൊക്കെ ‘എയ്സ് മെഗാ’യിൽ ടാറ്റ മോട്ടോഴ്സ് ലഭ്യമാക്കുന്നുണ്ട്.

വൈവിധ്യമാർന്ന ശ്രേണി അവതരിപ്പിച്ചു രാജ്യത്തെ ചെറു വാണിജ്യ വാഹന വിപണി സൃഷ്ടിച്ചതിന്റെയും വളർത്തിയതിന്റെയും പെരുമ ടാറ്റ മോട്ടോഴ്സിന് അവകാശപ്പെട്ടതാണെന്നു കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ(കൊമേഴ്സ്യൽ വെഹിക്കിൾ ബിസിനസ് യൂണിറ്റ്) രവി പിഷാരടി അഭിപ്രായപ്പെട്ടു. ഈ രംഗത്തെ ഉപയോക്താക്കളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും തിരിച്ചറിഞ്ഞാണു കമ്പനി ഇപ്പോൾ ‘എയ്സ് മെഗാ’ അവതരിപ്പിക്കുന്നത്. ചെറുകിട വാണിജ്യ, വ്യവസായ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കു കൂടുതൽ വരുമാനവും അവസരങ്ങളും സൃഷ്ടിക്കാൻ ‘എയ്സ് മെഗാ’യ്ക്കു കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.