ടാറ്റയുടെ ‘മാജിക്’ വിൽപ്പന മൂന്നു ലക്ഷം യൂണിറ്റ് പിന്നിട്ടു

പൊതു ഗതാഗത ശൃംഖലയിലെ അവസാന കണ്ണിയാവാൻ ലക്ഷ്യമിട്ടു ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയ ‘മാജിക്കി’ന്റെ മൊത്തം വിൽപ്പന മൂന്നു ലക്ഷം യൂണിറ്റ് പിന്നിട്ടു. വിജയമെറെ കൊയ്ത, ചെറു വാണിജ്യ വാഹനങ്ങൾക്കുള്ള ‘എയ്സ്’ പ്ലാറ്റ്ഫോം ആധാരമാക്കി വികസിപ്പിച്ച ‘മാജിക്’ 2007 ജൂണിലാണ് അരങ്ങേറ്റം കുറിച്ചത്. പൊതുഗതാഗത വിപണി ലക്ഷ്യമിട്ടെത്തുന്ന, നാലു വീലുള്ള ആദ്യ ചെറു വാണിജ്യ വാഹനവുമായിരുന്നു ‘മാജിക്’.

നിലവിൽ നാലു വകഭേദങ്ങളിലാണു ‘മാജിക്’ വിൽപ്പനയ്ക്കുള്ളത്: ‘മാജിക് ഡീസൽ’(ബി എസ് മൂന്നും നാലും), ‘മാജിക് സി എൻ ജി’(ബി എസ് നാല്), ‘മാജിക് ഐറിസ് ഡീസൽ’(ബി എസ് മൂന്നും നാലും), ‘മാജിക് ഐറിസ് സി എൻ ജി’(ബി എസ് നാല്). 2007 ഓഗസ്റ്റിൽ പ്രവർത്തനം തുടങ്ങിയ, ഉത്തരാഖണ്ഡിലെ പന്ത്നഗർ ശാലയിൽ നിന്നാണു ‘മാജിക്’ നിരത്തിലെത്തുന്നത്.

ഇടപാടുകാർക്കു കമ്പനി ഉറപ്പു നൽകുന്ന മൂല്യവും വിശ്വാസ്യതയുമാണ് ‘മാജിക്കി’ന്റെ വിജയത്തിൽ പ്രതിഫലിക്കുന്നതെന്നു ടാറ്റ മോട്ടോഴ്സ് കൊമേഴ്സ്യൽ വെഹിക്കിൾ ബിസിനസ് യൂണിറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ രവി പിഷാരടി അഭിപ്രായപ്പെട്ടു. പൊതുഗതാഗത മേഖലയുടെ അന്തിമഘട്ടത്തിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാൻ ‘മാജിക്കി’നു കഴിഞ്ഞിട്ടുണ്ട്; അതിനാലാണ് ഈ വിഭാഗത്തിൽ ‘മാജിക്കി’ന് 85% വിപണി വിഹിതം സ്വന്തമാക്കാനായതെന്നും അദ്ദേഹം അവകാശപ്പെട്ടു. നിരന്തരമുള്ള പരിഷ്കാരങ്ങളും പുത്തൻ അവതരണങ്ങളുമൊക്കെയായി ചെറു വാണിജ്യ വാഹന വ്യവസായത്തിൽ വൻപരിവർത്തനം സൃഷ്ടിക്കാൻ ടാറ്റ മോട്ടോഴ്സിനു കഴിഞ്ഞിട്ടുണ്ടെന്നും പിഷാരടി വിലയിരുത്തി.

‘മാജിക്കി’ന്റെ വിവിധ വകഭേദങ്ങൾ രാജ്യവ്യാപകമായി വിൽപ്പനയ്ക്കുണ്ടെങ്കിലും രാജസ്ഥാൻ, ഉത്തർ പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ, ബിഹാർ, മഹാരാഷ്ട്ര, മധ്യ പ്രദേശ്, ഛത്തീസ്ഗഢ്, കർണാടക, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളെയാണു വാഹനത്തിന്റെ പ്രധാന വിപണിയായി ടാറ്റ മോട്ടോഴ്സ് കണക്കാക്കുന്നത്.