Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരങ്ങൊഴിഞ്ഞു, ടാറ്റയുടെ ‘വിസ്റ്റ’യും ‘മാൻസ’യും

tata-vista tata vista

പുതുമുഖങ്ങൾ അവതരിക്കുമ്പോൾ പഴമക്കാർ അരങ്ങൊഴിയുന്നത് ഏതു മേഖലയിലും പതിവാണ്. പുതിയ കാറുകൾ അവതരിപ്പിക്കുമ്പോൾ പഴയ മോഡലുകൾ പിൻവലിക്കുന്നതും സ്വാഭാവിക നടപടിയാണ്. ‘ഹൊറൈസൻനെക്സ്റ്റ്’ പദ്ധതിയിൽ പെട്ട പുത്തൻ താരോദയങ്ങൾക്കു വഴിയൊരുക്കാൻ ഹാച്ച്ബാക്കായ ‘വിസ്റ്റ’യെയും സെഡാനായ ‘മാൻസ’യെയും ഒഴിവാക്കാനാണു ടാറ്റ മോട്ടോഴ്സിന്റെ തീരുമാനം. അടുത്തയിടെ നിരത്തിലെത്തിയ ‘ബോൾട്ടും’ ‘സെസ്റ്റു’മാണ് ‘വിസ്റ്റ’യ്ക്കും ‘മാൻസ’യ്ക്കും പകരക്കാരാവുന്നത്. ഇന്ത്യൻ വാഹന നിർമാതാക്കളുടെ സൊസൈറ്റി(സയാം)യുടെ കണക്കനുസരിച്ച് കഴിഞ്ഞ ജൂലൈയ്ക്കു ശേഷം ടാറ്റ മോട്ടോഴ്സ് ‘മാൻസ’യോ ‘ഇൻഡിഗൊ’യോ വിറ്റിട്ടേയില്ല. എങ്കിലും ടാക്സി വിഭാഗത്തിനായി ഹാച്ച്ബാക്കായ ‘ഇൻഡിക്ക’യും കോംപാക്ട് സെഡാനായ ‘ഇൻഡിഗൊ സി എസും’ വിപണിയിൽ തുടരുമെന്നണു സൂചന. പോരെങ്കിൽ ‘സെസ്റ്റും’ ‘ബോൾട്ടും’ പോലുള്ള പുതുമുഖങ്ങളെ ടാറ്റ മോട്ടോഴ്സ് വാണിജ്യാവശ്യത്തിനു ലഭ്യമാക്കി തുടങ്ങിയിട്ടുമില്ല.

tata-manza tata manza

‘മാൻസ’യും ‘വിസ്റ്റ’യും ‘ഇൻഡിഗൊ’യുമൊക്കെ പിൻവാങ്ങിയ കാര്യം ടാറ്റ മോട്ടോഴ്സിന്റെ സീനിയർ വൈസ് പ്രസിഡന്റ് (പ്രോഗ്രാം പ്ലാനിങ് ആൻഡ് മാനേജ്മെന്റ് ഓഫ് പാസഞ്ചർ കാഴ്സ്) ഗിരീഷ് വാഗ് സ്ഥിരീകരിച്ചിട്ടുണ്ട്. വിൽപ്പന കുത്തനെ ഇടിഞ്ഞതാണ് ‘വിസ്റ്റ’യുടെ അന്ത്യം കുറിച്ചതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. കരുത്തേറിയ പെട്രോൾ എൻജിന്റെ സാന്നിധ്യമായിരുന്നു ‘വിസ്റ്റ’യെ 1998ൽ വിപണിയിലെത്തിയ ‘ഇൻഡിക്ക’യിൽ നിന്നു വേറിട്ടു നിർത്തിയത്. 90 ബി എച്ച് പി കരുത്തുള്ള എൻജിനുമായെത്തിയ കാറിനെ ‘വിസ്റ്റ’ എന്നു വിളിച്ച ടാറ്റ മോട്ടോഴ്സ് പഴയ എൻജിനോടെ ‘ഇൻഡിക്ക’ വിൽപ്പന തുടരുകയായിരുന്നു. അതേസമയം സെഡാൻ വിഭാഗത്തിലേക്കുള്ള ടാറ്റ മോട്ടോഴ്സിന്റെ അരങ്ങേറ്റമായിരുന്നു ‘മാൻസ’. അരങ്ങേറ്റ വേളയിൽ ബ്ലൂടൂത്ത്, യു എസ് ബി, ഓക്സിലറി ഇൻ തുടങ്ങി സൗകര്യങ്ങളിലും സംവിധാനങ്ങളിലൊക്കെ കാർ മുൻനിരയിലായിരുന്നു. കാഴ്ചപ്പകിട്ടിൽ പിന്നിലെങ്കിലും അകത്തളത്തിലെ സ്ഥലസൗകര്യത്തിലൂടെ ‘മാൻസ’ വിപണിയിൽ ശ്രദ്ധ നേടി. എങ്കിലും കാഴ്ചപ്പൊലിമയുള്ള എതിരാളികളായ ഹോണ്ട ‘സിറ്റി’യോടോ ടൊയോട്ട ‘എത്തിയോസി’നോടോ ഫോക്സ്‌വാഗൻ ‘വെന്റോ’യോടോ പിടിച്ചു നിൽക്കാനാവാതെ ടാറ്റയുടെ ‘മാൻസ’ വിൽപ്പനക്കണക്കിൽ നിരന്തരം പിന്നിലായി.

tata-indigo tata indigo

പാസഞ്ചർ കാർ വിഭാഗത്തിൽ നേരിടുന്ന തിരിച്ചടികളെ മറികടക്കാൻ പുത്തൻ മോഡലുകൾ അവതരിപ്പിച്ച് വീണ്ടുമൊരു അങ്കത്തിനുള്ള തയാറെടുപ്പിലാണു ടാറ്റ മോട്ടോഴ്സ്. പ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ കൈപിടിച്ച് പുതുവർഷത്തിൽ ‘സിക്ക’യെ പടയ്ക്കിറക്കാനൊരുങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും ടാറ്റ പ്രതീക്ഷിക്കുന്നുണ്ടാവില്ല. ‘ഹൊറൈസൻനെക്സ്റ്റി’ന്റെ ഭാഗമായി ‘ഹെക്സ’യും കോംപാക്ട് എസ് യു വിയായ ‘നെക്സനു’മൊക്കെ അവതരിപ്പിച്ച് ഇന്ത്യൻ കാർ വിപണിയിലെ നഷ്ടപ്രതാപം വീണ്ടെുടുക്കാനാവും ടാറ്റയുടെ ശ്രമം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.