അക്ഷയ് കുമാർ ടാറ്റ മോട്ടോഴ്സ് ബ്രാൻഡ് അംബാസഡർ

Photo: Tata Motors

ടാറ്റ മോട്ടോഴ്സ് കൊമേഴ്സ്യൽ വെഹിക്കിൾ ബിസിനസ് യൂണിറ്റിന്റെ അംബാസഡറായി ബോളിവുഡ് താരം അക്ഷയ് കുമാർ രംഗത്തെത്തുന്നു. ജനുവരി മുതൽ നിരത്തിലെത്തുന്ന ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹനങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങളിലാണ് അക്ഷയ് കുമാർ സജീവ സാന്നിധ്യമാവുക. വാണിജ്യ വാഹനങ്ങൾക്കു വേണ്ടി അക്ഷയ് കുമാർ നായകനാവുന്ന മൾട്ടി മീഡിയ ക്യാംപെയ്ൻ ജനുവരി ആദ്യ വാരം പുറത്തെത്തും. ടാറ്റ മോട്ടോഴ്സിന്റെ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും പുറമെ നൂതന വിപണന, കസ്റ്റമർ എക്സ്പീരിയൻസ് പദ്ധതികളിലും അക്ഷയ് കുമാർ പങ്കാളിയാവും.

ചലനാത്മകത, ജനപ്രീതി, പൗരുഷം, പ്രകടനക്ഷമത, സ്റ്റൈൽ എന്നിവയുടെയൊക്കെ ആൾരൂപമാണ് അക്ഷയ് കുമാറെന്ന് ടാറ്റ മോട്ടോഴ്സ് കൊമേഴ്സ്യൽ വെഹിക്കിൾ ബിസിനസ് യൂണിറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ രവീന്ദ്ര പിഷാരടി അഭിപ്രായപ്പെട്ടു. വിശ്വാസ്യത, വിശ്വസനീയത, ഉത്തരവാദിത്തം, നേതൃപാടവം തുടങ്ങിയ കമ്പനി പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങൾ അക്ഷയ് കുമാറും പങ്കുവയ്ക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പുരോഗതി ലക്ഷ്യമിട്ടു മുന്നേറുന്ന തലമുറയ്ക്കു വേണ്ടിയാണ് ഇപ്പോൾ കമ്പനി പ്രവർത്തിക്കുന്നത്; ഈ ഉപയോക്താക്കളുടെ ഹൃദയത്തുടിപ്പുകൾ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന നടനാണ് അക്ഷയ് കുമാറെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുട്ടിക്കാലം മുതൽ കണ്ടും കേട്ടും വളർന്ന ബ്രാൻഡാണു ടാറ്റയെന്ന് അക്ഷയ് കുമാർ ഓർമിച്ചു. അതുകൊണ്ടുതന്നെ അവരുമായി സഹകരിക്കാൻ അവസരം ലഭിക്കുന്നത് അഭിമാനാർഹമായ നേട്ടമാണ്. ഇന്ത്യൻ ട്രക്ക് വ്യവസായത്തെ ടാറ്റയോളം നന്നായി മനസ്സിലാക്കിയവർ ആരുമില്ല; അതുകൊണ്ടുതന്നെ ബ്രാൻഡ് അംബാസഡർ പദം ഏറ്റെടുക്കാൻ ഇത്രത്തോളം അനുയോജ്യമായ കമ്പനിയുമില്ലെന്ന് അക്ഷയ് കുമാർ അഭിപ്രായപ്പെട്ടു. പരസ്യ ചിത്രീകരണ വേളയിൽ വമ്പൻ ട്രക്കുകളുടെ ഡ്രൈവർ സീറ്റിൽ ഇരിക്കാനായത് രസകരമായ അനുഭവമായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.