സങ്കര ഇന്ധന ബസ്: മികച്ച വിൽപ്പന പ്രതീക്ഷിച്ചു ടാറ്റ

Tata Hybrid Bus

അടുത്ത ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിൽ പ്രതിവർഷം 400 — 500 വൈദ്യുത, സങ്കര ഇന്ധന ബസ്സുകൾ വിൽക്കാനാവുമെന്നു വാണിജ്യ വാഹന നിർമാണത്തിലെ പ്രമുഖരായ ടാറ്റ മോട്ടോഴ്സിനു പ്രതീക്ഷ. ഭാവിയിൽ മികച്ച വിൽപ്പന വളർച്ച നേടുമെന്നു പ്രതീക്ഷിക്കുന്ന ഈ വിപണിയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ബദർ ഇന്ധനങ്ങളിൽ ഓടുന്ന ആറോളം വാഹനങ്ങളാണു കമ്പനി അനാവരണം ചെയ്തത്. പരിസ്ഥിതി മലിനീകരണത്തെ ചെറുക്കാൻ നിർബന്ധിതരാവുന്നതോടെ ഇന്ത്യൻ നഗരങ്ങളും ലണ്ടന്റെയും ബെയ്ജിങ്ങിന്റെയും ആംസ്റ്റർഡാമിന്റെയുമൊക്കെ മാതൃക സ്വീകരിക്കുമെന്നു ടാറ്റ മോട്ടോഴ്സ് കണക്കുകൂട്ടുന്നു. ഇതോടെ പ്രമുഖ നഗരങ്ങളിലെ പൊതുഗതാഗത മേഖലയിൽ വൈദ്യുത, സങ്കര ഇന്ധന ബസ്സുകൾക്കു പ്രസക്തിയും പ്രാധാന്യവുമേറും.

പരമ്പരാഗത എൻജിനൊപ്പം വൈദ്യുത മോട്ടോർ കൂടി ഘടിപ്പിച്ച സങ്കര ഇന്ധന ബസ്സുകളെ കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നു ടാറ്റ മോട്ടോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ(കൊമേഴ്സ്യൽ വെഹിക്കിൾസ് ബിസിനസ്) രവീന്ദ്ര പിഷാരടി അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ വൈദ്യുത ബസ്സുകളെ അപേക്ഷിച്ച് സങ്കര ഇന്ധന സാങ്കേതികവിദ്യയോടാണു നിലവിൽ വിപണിക്കു പ്രിയമെന്നും അദ്ദേഹം വിലയിരുത്തി. അടുത്ത വർഷത്തോടെ രാജ്യത്തെ വിവിധ പൊതുമേഖല ഗതാഗത കോർപറേഷനുകളിൽ നിന്ന് 300 — 400 സങ്കര ഇന്ധന ബസ് വിൽക്കാനുള്ള ഓർഡറുകൾ നേടാനാവുമെന്നും അദ്ദേഹം പ്രത്യാശിച്ചു. പുണെയിൽ നടന്ന പരിപാടിയിൽ ബദൽ ഇന്ധനത്തിൽ ഓടുന്ന വാഹനങ്ങൾ പ്രദർശിപ്പിച്ച ടാറ്റ മോട്ടോഴ്സ് രണ്ടു വൈദ്യുത ബസ്സുകളും അനാവരണം ചെയ്തു.

‘അൾട്രാ’ ശ്രേണിയിൽ പെട്ട വൈദ്യുത ബസ്സുകൾക്ക് യഥാക്രമം ഒൻപതു മീറ്ററും 12 മീറ്ററുമാണു നീളം. 12 മീറ്റർ നീളത്തിൽ സങ്കര ഇന്ധന സാങ്കേതികവിദ്യയുടെ പിൻബലമുള്ള മോഡലാവട്ടെ ‘സാറ്റാർബസ്’ ബാഡ്ജിലാണു ലഭ്യമാവുക. 1.60 കോടി മുതൽ രണ്ടു കോടി രൂപ വരെയാണു പുതിയ ബസ്സുകൾക്കു വിലയെന്നും കമ്പനി അറിയിച്ചു.ഇതോടൊപ്പം ദ്രവീകൃത പ്രകൃതി വാതകം(എൽ എൻ ജി) ഇന്ധനമാക്കുന്ന 12 മീറ്റർ ബസ്സും രാജ്യത്തെ തന്നെ ആദ്യ ഇന്ധന സെൽ ബസ്സും ടാറ്റ മോട്ടോഴ്സ് പ്രദർശിപ്പിച്ചിട്ടുണ്ട്. ചെറു വാണിജ്യ വാഹനങ്ങളായ ‘സൂപ്പർ എയ്സ്’, ‘മാജിക് ഐറിസ്’, ‘മാജിക്’ എന്നിവയുടെ ബാറ്ററിയിൽ ഓടുന്ന പതിപ്പുകളും കമ്പനി തയാറാക്കിയിട്ടുണ്ട്.
നിലവിൽ മുംബൈ മെട്രോപൊലിറ്റൻ റീജിയൻ ഡവലപ്മെന്റ് അതോറിട്ടിക്ക് 25 സങ്കര ഇന്ധന ബസ് വിൽക്കാനുള്ള കരാർ ടാറ്റ മോട്ടോഴ്സിനു ലഭിച്ചിട്ടുണ്ട്. പുതിയ ബസ്സുകൾ അടുത്ത സാമ്പത്തിക വർഷം കൈമാറുമെന്നും കമ്പനി അറിയിച്ചു.