മെസി കളിക്കും ടാറ്റയ്ക്ക് വേണ്ടി

ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ഫുട്ബോള്‍ താരങ്ങളിലൊരാളാണ് ലയണൽ മെസി. ലോക ഫുട്ബോളറായി നിരവധി തവണ തിരഞ്ഞെടുത്തിട്ടുള്ള മെസിയുടെ കളി ഇനി ടാറ്റയുടെ കോർട്ടിൽ. ടാറ്റ തങ്ങളുടെ ആഗോള ബ്രാൻഡ് അംബാസിഡറായി മെസിയെ നിയമിച്ചിരിക്കുകയാണ്. അർജന്റീനയുടെ ദേശീയ ഫുട്ബോൾ ടീമിന്റെയും സ്പാനിഷ് ക്ലബ്വായ ബാഴ്ലോനയുടെയും മുന്നേറ്റനിരയിലെ കരുത്തനായ മെസ്സിയെ നായകനാക്കി  ‘മെയ്ഡ് ഫോർ ഗ്രേറ്റ്’ എന്ന ഹാഷ് ടാഗിൽ പുതിയ പരസ്യ പ്രചാരണത്തിനും കമ്പനി തുടക്കം കുറിച്ചിട്ടുണ്ട്.

ആഗോളതലത്തിൽ സ്വീകാര്യതയുള്ള ബ്രാൻഡ് അംബാസഡറെ രംഗത്തിറക്കി കമ്പനിയുടെ മൊത്തം യാത്രാവാഹന ശ്രേണിക്കായി ടാറ്റ മോട്ടോഴ്സ് പരസ്യ പ്രചാരണം നടത്തുന്നത് ഇതാദ്യമായാണ്. അതുപോലെ ലയണൽ മെസ്സി ഏതെങ്കിലും ഇന്ത്യൻ കമ്പനിയുടെ പ്രചാരണ ചുമതല ഏറ്റെടുക്കുന്നതും ഇതാദ്യമാണ്. അതുകൊണ്ടുതന്നെ സമീപ ഭാവിയിൽ മെസ്സിയുമായുള്ള സഖ്യം വിളംബരം ചെയ്യുന്ന പരിമിതകാല മർച്ചൻഡൈസിങ് ശ്രേണി അവതരിപ്പിക്കാനും ടാറ്റ മോട്ടോഴ്സ് തയാറെടുക്കുന്നുണ്ട്.

യാത്രാ വാഹന വിഭാഗത്തിന്റെ മൂല്യങ്ങൾ വിളംബരം ചെയ്യുന്ന ശക്തമായ പ്രചാരണമാണ് ഈ പുതിയ  കൂട്ടുകെട്ടിലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്നു മെസ്സിയുടെ വരവ് പ്രഖ്യാപിച്ച് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീക്ക് അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാൻതയാറെടുക്കുന്ന ടാറ്റ മോട്ടോഴ്സിനെ സംബന്ധിച്ചിടത്തോളം തികച്ചും അനുയോജ്യനായ പങ്കാളിയാണു മെസ്സി. ഭൂമിശാസ്ത്രപരമായ പരിമിതികളില്ലാതെ ആഗോളതലത്തിൽ തന്നെ സ്വീകാര്യനായ മെസ്സി, രാജ്യാന്തര തലത്തിൽ കമ്പനിയെ പ്രതിനിധീകരിക്കാൻ ഏറ്റവും അനുയോജ്യനാണെന്നും പരീക്ക് വിലയിരുത്തി. മെസ്സിയുമായുള്ള സഖ്യത്തിലെ ആദ്യ പ്രചാരണം മാത്രമാണു ‘മെയ്ഡ് ഫോർ ഗ്രേറ്റ്’ എന്നും ഭാവിയിൽ ഇത്തരത്തിൽപെട്ട ധാരാളം പരസ്യങ്ങൾ പ്രതീക്ഷിക്കാമെന്നും അദ്ദേഹം അറിയിച്ചു.

‘നമസ്തെ ഇന്ത്യ’ എന്നായിരുന്നു ടാറ്റ മോട്ടോഴ്സുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ചു മെസ്സിയുടെ ആദ്യ പ്രതികരണം. ഇന്ത്യയിൽ നിന്നുള്ള ഏതെങ്കിലും ബ്രാൻഡുമായുള്ള ആദ്യ സഹകരണത്തിൽ ആവേശം പ്രകടിപ്പിച്ച മെസ്സി, ടാറ്റ മോട്ടോഴ്സ് കുടുംബത്തിനൊപ്പം ചേരുന്നതിൽ ആഹ്ലാദവുമുണ്ടെന്നും അറിയിച്ചു. ഇന്ത്യ എക്കാലത്തും തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും വൈവിധ്യം നിറഞ്ഞ ഈ രാജ്യത്തെപ്പറ്റി ധാരാളം നല്ല കാര്യങ്ങൾ കേട്ടിട്ടുണ്ടെന്നും മെസ്സി വ്യക്തമാക്കി. മെസ്സിയെ പങ്കാളിയാക്കിയുള്ള ‘മെയ്ഡ് ഓഫ് ഗ്രേറ്റ്’ ക്യാംപെയ്ൻ ടാറ്റ മോട്ടോഴ്സും സോഹൊ സ്ക്വയർ അഡ്വൈർടൈസിങ് ആൻഡ് മാർക്കറ്റിങ് കമ്യൂണിക്കേഷൻസും ചേർന്നാണു രൂപകൽപ്പന ചെയ്തത്.