വി ആർ എസ് പ്രഖ്യാപനവുമായി ടാറ്റ മോട്ടോഴ്സ് വീണ്ടും

പ്രവർത്തന ചെലവ് കുറയ്ക്കാനും ലാഭക്ഷമത വീണ്ടെടുക്കാനും ലക്ഷ്യമിട്ടു കമ്പനി ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി(വി ആർ എസ്) പ്രഖ്യാപിക്കാൻ ടാറ്റ മോട്ടോഴ്സ് വീണ്ടും ഒരുങ്ങുന്നു. പദ്ധതി നടപ്പായാൽ അഞ്ചു മാസത്തിനിടെ ഇതു രണ്ടാം പ്രാവശ്യമാകും ടാറ്റ മോട്ടോഴ്സ് വി ആർ എസ് പ്രഖ്യാപിക്കുന്നത്.

കഴിഞ്ഞ മാസം 12നു പ്രാബല്യത്തിലെത്തിയ വി ആർ എസ് ജൂൺ 12 വരെ നിലവിലുണ്ടാവുമെന്നു ടാറ്റ മോട്ടോഴ്സ് വക്താവ് സ്ഥിരീകരിച്ചു. കൂടാതെ കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഖ്യാപിച്ച പദ്ധതിയുടെ തുടർച്ച മാത്രമാണിതെന്നും കമ്പനി വ്യക്തമാക്കി. വ്യവസായ മേഖലയിൽ മത്സരം രൂക്ഷമായതും വാണിജ്യ വാഹന, യാത്രാവാഹന വിൽപ്പനയിൽ പ്രതീക്ഷിച്ച വളർച്ച കൈവരിക്കാനാവാതെ പോയതുമാണ് രണ്ടാം ഘട്ട വി ആർ എസ് അനിവാര്യമാക്കിയതെന്നാണു ടാറ്റ മോട്ടോഴ്സിന്റെ വിശദീകരണം.

ഇക്കുറി അസിസ്റ്റന്റ് ജനറൽ മാനേജർ മുതൽ മുകളിലേക്കുള്ള തസ്കികകളിൽ ജോലി ചെയ്യുന്നവരാണു വി ആർ എസ് പരിധിയിൽ വരിക. എക്സിക്യൂട്ടീവ് കേഡറിലെ ജീവനക്കാരുടെ എണ്ണത്തിൽ 10% കുറവു പ്രതീക്ഷിച്ചാണു കമ്പനി വി ആർ എസ് പ്രഖ്യാപിച്ചിരിക്കുന്നത്. വരുമാനം അടിസ്ഥാനമാക്കിയാൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സിൽ എക്സിക്യൂട്ടീവ് തലത്തിൽ ആയിരത്തോളം പേരാണു ജോലി ചെയ്യുന്നത്.

നിശ്ചിത കാലാവധിക്കും മുമ്പേ വിരമിക്കാൻ തയാറാവുന്നവർക്ക് ഒരു വർഷത്തെ ശമ്പളവും 10 വർഷത്തെ ചികിത്സാ ആനുകൂല്യങ്ങളുമാണു ടാറ്റ മോട്ടോഴ്സിന്റെ വാഗ്ദാനം. 50 വയസ്സിലേറെ പ്രായമുള്ളവർക്കു മാത്രമാണ് ഈ വി ആർ എസ് സ്വീകരിക്കാനാവുകയെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് ഏഴു നിർമാണശാലകളിലായി ജോലി ചെയ്യുന്ന പതിനേഴായിരത്തോളം തൊഴിലാളികളെ ലക്ഷ്യമിട്ടായിരുന്നു കഴിഞ്ഞ ഫെബ്രുവരി 27ന് ടാറ്റ മോട്ടോഴ്സ് വി ആർ എസ് പ്രഖ്യാപിച്ചത്. സാധാരണ കമ്പനികൾ പിന്തുടരുന്ന ഒറ്റത്തവണത്തെ ആനുകൂല്യത്തിൽ നിന്നു വ്യത്യസ്തമായി ഉദാര സമീപനമാണു വി ആർ എസിൽ ടാറ്റ മോട്ടോഴ്സ് അന്നു സ്വീകരിച്ചത്. സ്വയം വിരമിച്ച ശേഷവും 60 വയസ് പൂർത്തിയാക്കും വരെ അർഹമായ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ലഭിക്കുന്നതു തുടരുന്ന വിധത്തിലായിരുന്നു കമ്പനിയുടെ വി ആർ എസ് ശുപാർശ. ജീവനക്കാരെ സംബന്ധിച്ചിടത്തോളം സ്വയം വിരമിച്ച ശേഷവും മാസം തോറും ശമ്പളം ലഭിക്കുമെന്നതാണ് ആകർഷണം; കമ്പനിക്കാവട്ടെ ഒറ്റത്തവണ നഷ്ടപരിഹാരം നൽകി കനത്ത സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടി വരില്ലെന്ന നേട്ടമുണ്ട്.

കൂടാതെ വി ആർ എസ് മുതൽ 10 വർഷത്തേക്കു പ്രാബല്യമുള്ള മെഡിക്കൽ ഇൻഷുറൻസും ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്തിരുന്നു. വി ആർ എസ് സ്വീകരിക്കുന്നവർക്കും സാധാരണ ഗതിയിലുള്ള റിട്ടയർമെന്റ് ആനുകൂല്യങ്ങളായ പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, ഏൺഡ് ലീവ് എൻകാഷ്മെന്റ്, എൽ ടി എ റീ ഇംബേഴ്സ്മെന്റ് തുടങ്ങിയവ ലഭിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് ഉറപ്പ് നൽകിയിരുന്നു.

വ്യവസ്ഥകൾ ആകർഷകമായിരുന്നതിനാൽ എഴുനൂറോളം തൊഴിലാളികൾ ടാറ്റ മോട്ടോഴ്സ് ഫെബ്രുവരിയിൽ പ്രഖ്യാപിച്ച വി ആർ എസ് സ്വീകരിച്ചെന്നാണു സൂചന. 2014 മാർച്ചിലെ കണക്കനുസരിച്ച് 30,334 ജീവനക്കാരാണു ടാറ്റ മോട്ടോഴ്സിലുള്ളത്; ഇതിൽ പകുതിയോളം തൊഴിലാളി വിഭാഗത്തിൽപെടുന്നവരാണ്.